പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയരാഘവനും കുഞ്ചാക്കോ ബോബനും പരിഗണനയിൽ Source: Facebook/ Vijayaraghavan, Kunchacko Boban
ENTERTAINMENT

AMMA തെരഞ്ഞെടുപ്പ്: പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയരാഘവനും കുഞ്ചാക്കോ ബോബനും പരിഗണനയിൽ

സർവ സമ്മതനായ ആളെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ തിരക്കിട്ട ചർച്ചകൾ ആണ് നടക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

താരസംഘടന അമ്മയിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മുൻ വർഷങ്ങളിലേതു പോലെ തന്നെ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ശ്രമം. സർവ സമ്മതനായ ആളെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ തിരക്കിട്ട ചർച്ചകൾ ആണ് നടക്കുന്നത്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയരാഘവൻ്റെയും കുഞ്ചാക്കോ ബോബൻ്റെയും പേരുകളാണ് പരിഗണനയിലുള്ളത്. ഇരുവരുടെയും പേരുകൾ അമ്മയിലെ അംഗങ്ങൾക്ക് എല്ലാം തൃപ്തിയുള്ളതാണ്.

അംഗങ്ങൾക്കിടയിൽ കൂടിയാലോചിച്ച് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഒറ്റ നോമിനേഷൻ മാത്രമാക്കും. മത്സര രംഗത്ത് 2 പാനൽ ഉണ്ടാകും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് മത്സരിക്കാനാണ് സാധ്യത കൂടുതൽ. കൂടാതെ ടോവിനോ തോമസ്, വിനു മോഹൻ, ജയൻ ചേർത്തല, കലാഭവൻ ഷാജോൺ, ടിനി ടോം, സുരേഷ് കൃഷ്ണ, ജോയ് മാത്യു തുടങ്ങിയ മുൻ കമ്മിറ്റി അംഗങ്ങളും മത്സരരംഗത്ത് ഉണ്ടാകും.

അമ്മ സംഘടനയിലെ 506 അംഗങ്ങളിൽ 300 പേരും സ്ത്രീകളാണ്. എന്നിട്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 4 എണ്ണം മാത്രമാണ് സ്ത്രീകൾക്ക് സംവരണമായി ഉള്ളത്. കഴിഞ്ഞ കമ്മിറ്റിയിൽ മികച്ച പ്രകടനം നടത്തിയെന്ന് പേരുകേട്ട അൻസിബ ഹസ്സൻ, അനന്യ, സരയു എന്നിവർ ഇത്തവണയും മത്സരിക്കും.

നോമിനേഷനിലൂടെ അവസാന നിമിഷം എത്തിയ ജോമോൾ മത്സരിച്ചേക്കില്ല. മുൻ വർഷങ്ങളിൽ ഭാരവാഹിയായിരുന്ന ശ്വേത മേനോൻ മത്സര രംഗത്ത് ഉണ്ടാകും. ഈമാസം 16 മുതൽ അമ്മയിൽ നാമനിർദേശപത്രിക സമർപ്പിക്കാം. അടുത്തമാസം 15 നാണ് തെരഞ്ഞെടുപ്പ്. രാവിലെ വോട്ടെടുപ്പിന് ശേഷം വൈകിട്ട് ഫലപ്രഖ്യാപനവും പുതിയ ഭാരവാഹികൾ ചുമതലയും ഏൽക്കും.

SCROLL FOR NEXT