ENTERTAINMENT

ബാഹുബലി 2 വീണു! ആഗോള ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് രൺബീറിന്റെ 'രാമായണ'; ഇനി ലക്ഷ്യം ദംഗൽ റെക്കോർഡ്

ആമിർ ഖാന്റെ 'ദംഗൽ' നേടിയ 2,070 കോടി രൂപയുടെ എക്കാലത്തെയും ഇന്ത്യൻ ബോക്സ് ഓഫീസ് റെക്കോർഡും രാമായണത്തിന് മുന്നിലുണ്ട്.

Author : ന്യൂസ് ഡെസ്ക്

ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിച്ച് രൺബീർ കപൂറും യാഷും ഒന്നിച്ച നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'. റിലീസ് ചെയ്ത് 23-ാം ദിവസം പിന്നിടുമ്പോഴും ചിത്രം കുതിച്ച് ഉയരുകയാണ്. എസ്.എസ്. രാജമൗലിയുടെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ 'ബാഹുബലി 2'ന്റെ ലൈഫ് ടൈം കളക്ഷനെ മറികടന്നിരിക്കുകയാണ് ചിത്രം. ഇതോടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനം രാമായണം സ്വന്തമാക്കി. ആഗോള ബോക്സ് ഓഫീസിൽ ഇതുവരെ ചിത്രം നേടിയത് 1,790.10 കോടി രൂപയാണ്.

ആദ്യ ഏഴ് ദിവസവും തുടർച്ചയായി 100 കോടിയിലധികം ആഗോള കളക്ഷൻ നേടിയ ചിത്രം രണ്ടാം ആഴ്ചയിൽ നേരിയ തളർച്ച നേരിട്ടിരുന്നു. എന്നാൽ മൂന്നാം ആഴ്ചയോടെ വീണ്ടും ശക്തമായി തിരിച്ചെത്തി. ഇന്ത്യയിൽ നിന്ന് മാത്രം 1,000 കോടി രൂപയുടെ കളക്ഷൻ പിന്നിട്ട രാമായണം, ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായും മാറി. വിദേശ വിപണിയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമേരിക്കയ്ക്ക് പുറമെ തായ്‌ലൻഡ്, വിയറ്റ്നാം, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും മികച്ച കളക്ഷൻ നേടുന്നുണ്ട്. 23-ാം ദിനത്തിൽ മാത്രം വിദേശ വിപണിയിൽ നിന്ന് അഞ്ച് കോടി രൂപയാണ് ചിത്രം നേടിയത്.

കളക്ഷൻ പട്ടികയിൽ ഇനി രാമായണത്തിന് മുന്നിലുള്ളത് രണ്ട് വമ്പൻ ചിത്രങ്ങൾ മാത്രം. 1,788 കോടി രൂപ നേടിയ ബാഹുബലി 2-നെയും 1,742 കോടി നേടിയ 'പുഷ്പ 2'നെയും പിന്നിലാക്കിയ ചിത്രം ഇനി ലക്ഷ്യമിടുന്നത് 2,000 കോടിയാണ്. ഒപ്പം ആമിർ ഖാന്റെ 'ദംഗൽ' നേടിയ 2,070 കോടി രൂപയുടെ എക്കാലത്തെയും ഇന്ത്യൻ ബോക്സ് ഓഫീസ് റെക്കോർഡും രാമായണത്തിന് മുന്നിലുണ്ട്. 2,000 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിക്കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

അതേസമയം, 27 രാജ്യങ്ങളിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന നേട്ടവും രാമായണം സ്വന്തമാക്കിയതായി അണിയറപ്രവർത്തകർ അറിയിച്ചു. അമേരിക്ക, ബ്രിട്ടൻ, ഇന്തോനേഷ്യ, തായ്‌ലൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിൽ ചിത്രം റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും എത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുക്കിയത്. ആദ്യ ഭാഗം തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ രണ്ടാം ഭാഗം 2028-ലെ ദീപാവലി റിലീസായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

SCROLL FOR NEXT