ഹരീഷ് കണാരൻ, ബാദുഷ Source: Facebook
ENTERTAINMENT

ഹരീഷിന്റെ ആരോപണം: "മറുപടി 'റേച്ചൽ' റിലീസിനു ശേഷം മാത്രം" ; നിർമാതാവ് ബാദുഷ

കടം വാങ്ങിയ 20 ലക്ഷം രൂപ ബാദുഷ തിരകെ നൽകുന്നില്ലെന്നായിരുന്നു ഹരീഷ് കണാരന്റെ ആരോപണം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നടൻ ഹരീഷ് കണാരന്റെ ആരോപണങ്ങൾക്ക് 'റേച്ചൽ' സിനിമയുടെ റിലീസ് ശേഷം മറുപടി എന്ന് നർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം. ബാദുഷ. സ്ഥലം രജിസ്ട്രേഷനെന്ന് പറ‍ഞ്ഞ് ഒരാഴ്ചത്തെ അവധിയില്‍ കടം വാങ്ങിയ 20 ലക്ഷം രൂപ ബാദുഷ തിരകെ നൽകുന്നില്ലെന്നായിരുന്നു ഹരീഷ് കണാരന്റെ ആരോപണം.

പണം തിരികെ ചോദിച്ചതിന് 'എആർഎം' പോലുള്ള സിനിമകളിൽ നിന്ന് തന്നെ മാറ്റി നിർത്തി. 'എആർഎമ്മി'ന് ഡേറ്റ് നൽകിയിരുന്നതാണ്. എന്നാൽ, പിന്നീട് ആരും വിളിച്ചില്ല. സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് തനിക്ക് ഡേറ്റില്ലെന്നും വിളിച്ചിട്ട് എടുക്കുന്നില്ലെന്നുമെല്ലാം പറഞ്ഞുവെന്നും ഇതെല്ലാം അടുത്തിടെയാണ് താൻ അറിഞ്ഞതെന്നും ഹരീഷ് പറയുന്നു. ഈ വിഷയം അമ്മ സംഘടനയിൽ അറിയിച്ചിട്ടും ആരും അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നും ഹരീഷ് കണാരൻ പറഞ്ഞു.

ഹരീഷിന്റെ ആരോപണങ്ങൾ വലിയ ചർച്ച ആയതിന് പിന്നാലെയാണ് ബാദുഷയുടെ പ്രതികരണം. ഹണി റോസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'റേച്ചൽ' എന്ന തന്റെ ചിത്രത്തിന് ശേഷം വിശദമായ മറുപടിയുണ്ടാകുമെന്നാണ് ബാദുഷ അറിയിച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ ആറിന് ആണ് 'റേച്ചൽ' എത്തുക. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിർമാണം.

ഹണി റോസിനെ കൂടാതെ ബാബുരാജ്, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

SCROLL FOR NEXT