balan 
ENTERTAINMENT

ബാലന്‍, അമ്മ, യാത്ര... എന്ത് പേരിട്ടും വിളിക്കാം ശരിക്കും ABSOLUTE CINEMA

തീര്‍ത്തും ദുരൂഹമായ പാശ്ചത്തലത്തില്‍ ജയില്‍ വിട്ട് ഇറങ്ങുന്ന ഒരു അമ്മയും മകനും ജീവിതത്തിന്‍റെ വഴിയിലൂടെ ഐഡന്‍റിറ്റിയും സ്വസ്തതയും പണയം വച്ച് ഓടുന്നു, കിതയ്ക്കുന്നു, അല്‍പ്പം ശ്വാസം എടുക്കുന്നു വീണ്ടും ഓടുന്നു.

Author : വിപിന്‍ വി.കെ

ഒരു ചിത്രം അതിന്‍റെ പ്രരംഭ ചിന്തയായി ഒരു മേയ്ക്കറില്‍ അല്ലെങ്കില്‍ കഥാകാരനില്‍ ഉടലെടുക്കുന്നത് ഒരു സംഭവത്തില്‍ നിന്നോ ദൃശ്യത്തില്‍ നിന്നോ ആകാം. അങ്ങനെയെങ്കില്‍ ബാലന്‍റെ കഥ രൂപപ്പെട്ട ആ സന്ദര്‍ഭം ഒറ്റയ്ക്ക് ആരെയോ കാത്തിരിക്കുന്ന ഒരു നിഷ്കളങ്കനായ കുട്ടിയില്‍ നിന്നും ആകാം ( അല്ലായിരിക്കാം). ബാലന്‍ എന്ന ചിത്രം ഒരു യാത്രയാണ്, അതിന് അമ്മ എന്നും പേരിടാം അല്ലെങ്കില്‍ യാത്ര എന്ന് പേരിടാം. കഥാപാത്രങ്ങളെപ്പോലെ തന്നെ ഈ സിനിമ അനുഭവത്തിന് ഒരു പേരിന്‍റെ ആവശ്യം ഇല്ല, ഇത് അങ്ങ് അനുഭവിക്കുക തന്നെ. മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രത്തിന്‍റെയും പേര് ബാലനാണ്, ഈ ബാലനും ഒരു സംസാര ചിത്രമാണ് കഥാപാത്രങ്ങളുടെ വൈകാരികത അവരുടെ അഭിനയത്തിലൂടെ സംസാരിക്കുന്ന ചിത്രം.

ബാലന്‍റെ ട്രെയിലര്‍ കണ്ടാല്‍ ഒരു വയലന്‍സ് ത്രില്ലര്‍ പടത്തിന്‍റെ പാശ്ചത്തലം ആരും സംശയിച്ച് പോലും, അതിലെ സെറ്റ്പീസുകള്‍ കൃത്യമായി ചേര്‍ത്തുവയ്ക്കുന്നത് അങ്ങനെയാണ്. എന്നാല്‍ തീയറ്ററില്‍ എത്തിയാല്‍ നിങ്ങള്‍ ട്രെയിലറില്‍ അനുഭവിച്ച പിരിമുറുക്കങ്ങളെ ആദ്യത്തെ ഒരു മണിക്കൂറില്‍ ഒതുക്കുന്നുണ്ട് സംവിധായകന്‍. പിന്നീട് അമ്മയുടെയും മകന്‍റെയും യാത്രയ്ക്കൊപ്പമാണ് പ്രേക്ഷകന്‍. ഒരു ചിത്രം വിജയിക്കുന്നത് ഇമോഷനിലാണ് എന്ന് രണ്ടാം തവണയും ചിദംബരം തെളിയിക്കുന്നു. ജിത്തു മാധവിന്‍റെ തിരക്കഥയാണ് ചിത്രത്തിന്‍റെ നട്ടെല്ല് എന്ന് പറയാം.

തീര്‍ത്തും ദുരൂഹമായ പാശ്ചത്തലത്തില്‍ ജയില്‍ വിട്ട് ഇറങ്ങുന്ന ഒരു അമ്മയും മകനും ജീവിതത്തിന്‍റെ വഴിയിലൂടെ ഐഡന്‍റിറ്റിയും സ്വസ്തതയും പണയം വച്ച് ഓടുന്നു, കിതയ്ക്കുന്നു, അല്‍പ്പം ശ്വാസം എടുക്കുന്നു വീണ്ടും ഓടുന്നു. അമ്മ ആ മകനെ കൈകള്‍ ചേര്‍ത്ത് തന്നെ ഒപ്പം നിര്‍ത്തുന്നു. അവര്‍ക്കിടയിലേക്ക് മൂന്നാമത് ഒരാള്‍ വരാന്‍ പോലും അവര്‍ അനുവദിക്കുന്നില്ല, എന്നാല്‍ ഒരു സന്ദര്‍ഭത്തില്‍ ആ സാഹസിക ജീവിതത്തിലെ അനിവാര്യത പോലെ ഒരു വേര്‍പിരിയല്‍ പിന്നീട് കാലത്തിന്‍റെ സമാഗമം. ഒരു വരിയില്‍ സിംപിളാണ്, പക്ഷെ തീയറ്ററില്‍ പ്രേക്ഷകനെ ഈ ലഘൂകരണത്തില്‍ നിന്നും സങ്കീര്‍ണ്ണമായ വൈകാരികതയില്‍ എത്തിക്കുക, ഈ സങ്കീര്‍ണത അനുഭവം ആക്കുക എന്നയിടത്താണ് ചിത്രം വിജയിക്കുന്നത്.

വ്യക്തിപരമായി പറഞ്ഞാല്‍ ചിത്രം ഉണ്ടാക്കുന്ന ഈ വൈകാരികമായ ഉള്ളൊഴുക്ക് നാം പോലും അറിയാതെ ശരീരത്തിന്‍റെ മാപിനികള്‍ ഉയരുന്നു. ശരീരത്തില്‍ സിജിഎം പിടിപ്പിച്ചതിനാല്‍ അത് വ്യക്തിപരമായി തീയറ്ററില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ഇത് അനുഭവപ്പെട്ടതായി മനസിലായത്. ആദിശേഷന്‍ എന്ന കുട്ടിയാണ് ശരിക്കും വേട്ടയാടുന്ന കഥാപാത്രം എന്ന് പറയാം, ഒരു നോട്ടത്തില്‍ പോലും ചാട്ടൂളിപോലെ പ്രേക്ഷകന്‍റെ ഹൃദയം തുളക്കുന്ന ഒരു മാന്ത്രികതയോ അത്ഭുതമോ അവന്‍റെ കണ്ണില്‍ നിന്നും അനുഭവപ്പെട്ടു. അമ്മയായി വരുന്ന ഫര്‍സാന പാലത്തിങ്കല്‍ ഒരു പുതുമുഖ നടിയാണ് എന്നത് ഒരിക്കലും പറയില്ല, അത്രയും സൂക്ഷമതയാണ് അവരുടെ പ്രകടനത്തില്‍. നേരത്തെ സൂചിപ്പിച്ചത് പോലെ ലളിതമായ ഒരു കഥതന്തുവിനെ സങ്കീര്‍ണ്ണതയില്‍ അവതരിപ്പിക്കുക എന്ന ദൃശ്യപരിചരണം എന്നാല്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ആഖ്യാന ശൈലിയാണ് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. അതിനാല്‍ അതിലേക്ക് വരുന്ന കഥാപാത്രങ്ങള്‍ തീര്‍ത്തും ഈ അമ്മയുടെയും മകന്‍റെയും ജീവിതത്തിലേക്ക് വന്ന് പോകുന്ന ഒരോ ചാപ്റ്ററുകളാണ്.

ദൃശ്യങ്ങളും, ചിത്രസംയോജനവും, സംഗീതവും, കലാസംവിധാനവും എല്ലാം മുന്‍പ് പലപ്പോഴായി പ്രമോഷന്‍ അഭിമുഖങ്ങളില്‍ അണിയറക്കാര്‍ പറഞ്ഞപോലെ ഒരു സ്വപ്ന സംഘം ചെയ്തത് തന്നെയാണ്, അവയൊക്കെ ഈ യാത്രയിലെ വാഹകരാണ്, അത് ചിത്രത്തിലെ ഒരു ഫ്രൈമിലും അലിഞ്ഞ് കിടക്കുകയാണ്. ചിത്രം പ്രേക്ഷകരെ ആദ്യനിമിഷത്തില്‍ തന്നെ പിടിച്ചിടുന്ന ആ കൊളുത്തുണ്ട്, അതിനിടയില്‍ ഒപ്പമുള്ള ആ യാത്രയില്‍ അവയെക്കുറിച്ച് ഓര്‍ക്കാന്‍ സമയം ലഭിച്ചില്ല എന്നതാണ് നേര്, ഈ തീയറ്റര്‍ അനുഭവത്തിന്‍റെ വിഭവങ്ങള്‍ എല്ലാം ഗംഭീരം എന്നതാണ് ചുരുക്കാന്‍ പറ്റുന്നത്.

ചിത്രം കണ്ടപ്പോള്‍ പ്രചാരണ അഭിമുഖങ്ങളില്‍ തിരക്കഥകൃത്ത് ജിത്തു മാധവ് എന്ത് കൊണ്ട് ചിദംബരം ഈ ചിത്രം ചെയ്യണം എന്നത് പറയുന്നുണ്ട്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിലപ്പോള്‍ പലര്‍ക്കും പരിചിതമായ ഒരു കഥയെ ഇത്രയും ഇമോഷണല്‍ഗ്രിപ്പുള്ള സിനിമയാക്കി മാറ്റിയ ചിദംബരത്തിന്‍റെ കൈയ്യില്‍ ഈ ചിത്രം സെയ്ഫായിരിക്കും എന്നതാണ് രചിതാവ് അന്ന് ചുരുക്കത്തില്‍ സൂചിപ്പിച്ചത്. ചിത്രം കണ്ടിറങ്ങുമ്പോള്‍ അത് നൂറുശതമാനം നീതിപുലര്‍ത്തുന്ന കാഴ്ചപ്പാടായിരുന്നു എന്ന് വ്യക്തമാകുന്നു. ജനേ മന്‍, മഞ്ഞുമ്മല്‍ ബോയ്സ്, ഇപ്പോള്‍ ബാലന്‍ തന്‍റെ യാത്ര ഗംഭീരമായി മുന്നോട്ട് കൊണ്ട് പോകുന്ന സംവിധായകന്‍ ചിദംബരത്തിന്‍റെ മറ്റൊരു കൈയ്യൊപ്പാണ് ചിത്രം.

പ്രയദര്‍ശന്‍ ചിത്രം കണ്ട് കഴിഞ്ഞ 2 വര്‍ഷത്തില്‍ കണ്ട മികച്ച സിനിമ എന്ന് പറഞ്ഞിട്ടുണ്ട്. സമാനമായ അനുഭവത്തില്‍ തന്നെ ഈ അനുഭവ കുറിപ്പ് ചുരുക്കാം, രണ്ട് വര്‍ഷത്തിലെ മികച്ച സിനിമകളില്‍ ഒന്ന് ബാലന്‍, വെറും ബാലന്‍ അല്ല ഒരു 'അത്ഭുത ബാലന്‍'.

SCROLL FOR NEXT