ടി20 ഫൈനൽ കാണാനെത്തിയ ബേസിൽ ജോസഫും സംഘവും Source: Instagram / ibasiljoseph
ENTERTAINMENT

'സഞ്ജു ഫാൻസ് അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ്'; ഇന്ത്യയുടെ വിജയം ആഘോഷമാക്കി ബേസിലും സംഘവും

സഞ്ജുവിന്റെ നേട്ടം സ്വന്തമെന്നപോലെ ആഘോഷമാക്കുകയാണ് മലയാളികൾ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മൂന്നാം വട്ടവും ടി20 ലോക കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ കിരീടം നിലനിർത്താനിറങ്ങിയ ടീമിന് വിജയവഴി ഒരുക്കുന്നതിൽ നിർണായകമായത് നോക്കൗട്ട് മത്സരങ്ങളിലെ സഞ്ജു സാംസണിന്റെ ഇന്നിങ്സുകളാണ്. മാൻ ഓഫ് ദി ടൂർണമെന്റും സഞ്ജുവാണ്. താരത്തിന്റെ ഈ നേട്ടം സ്വന്തമെന്നപോലെ ആഘോഷമാക്കുകയാണ് മലയാളികൾ.

അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ് നേരിട്ട് ആസ്വദിക്കാനായി സുഹൃത്തും നടനുമായ ബേസിൽ ജോസഫും എത്തിയിരുന്നു. മാച്ചിന് മുൻപ് സ്റ്റേഡിയത്തിന് പുറത്തുനിന്നുള്ള ബേസിലിന്റെയും സംഘത്തിന്റെയും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

സൈലം ഗ്രൂപ്പ് സ്ഥാപകൻ ഡോക്ടർ അനന്തു, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ നിഹാൽക്ക എന്നിവർക്കൊപ്പമാണ് ബേസിൽ ജോസഫ് കളി കാണാൻ എത്തിയത്. 'സഞ്ജു ഫാൻസ് അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ്' എന്നാണ് അനന്തു വീഡിയോയിൽ ബേസിലിനെ വിശേഷിപ്പിക്കുന്നത്. സഞ്ജുവിന്റെ ജേഴ്സി അണിഞ്ഞുള്ള ഇവരുടെ ആഘോഷം നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്.

തുടർച്ചയായി ടി20 ലോകകിരീടം നേടുന്ന ആദ്യ ടീമാണ് ഇന്ത്യ. ഫൈനലിൽ 96 റൺസിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. 46 പന്തില്‍ നിന്ന് 89 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. നിരവധി റെക്കോർഡുകളും താരം സ്വന്തം പേരിലാക്കി. ടി20 ലോകകപ്പ് ഫൈനലിലെ ഒരു താരത്തിന്റെ ഉയർന്ന സ്‌കോറാണിത്. ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (24 എണ്ണം) നേടുന്ന താരമായും സഞ്ജു മാറി. കൂടാതെ, തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ 80ന് മുകളിൽ റൺസ് നേടുന്ന രണ്ടാമത്തെ താരവുമാണ്. ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച പ്രകടനത്തോടെ സഞ്ജു സാംസൺ ടൂർണമെന്റിലെ താരവുമായി.

SCROLL FOR NEXT