മുംബൈ: സൈബർ കുറ്റകൃത്യങ്ങളുടെ വർധിച്ചുവരുന്ന ഭീഷണി എടുത്തുകാട്ടി ബോളിവുഡ് നടൻ അക്ഷയ് കുമാർ. തന്റെ 13 വയസ്സുള്ള മകൾക്കുണ്ടായ ദുരനുഭവം പങ്കുവച്ചുകൊണ്ടാണ് കുട്ടികൾ ഓൺലൈനിൽ നേരിടുന്ന അപകടങ്ങളെക്കുറിച്ച് നടൻ സംസാരിച്ചത്.
വെള്ളിയാഴ്ച മുംബൈയിൽ നടന്ന സൈബർ അവബോധ മാസത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അക്ഷയ് കുമാർ. ഏതാനും മാസങ്ങൾക്ക് മുമ്പ്, ഒരു ഓൺലൈൻ വീഡിയോ ഗെയിം കളിക്കുമ്പോൾ ഒരു അപരിചിതൻ തന്റെ മകളെ ദുരുദ്ദേശ്യത്തോടെ സമീപിച്ചതിനെക്കുറിച്ച് നടൻ വിശദീകരിച്ചു.
"ഏതാനും മാസങ്ങൾക്കുമുമ്പ് എൻ്റെ വീട്ടിലുണ്ടായ ഒരു ചെറിയ സംഭവം ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. എന്റെ മകൾ ഒരു വീഡിയോ ഗെയിം കളിക്കുകയായിരുന്നു, അതിൽ അപരിചിതരുമായി സംസാരിച്ചുകൊണ്ട് കളിക്കാൻ കഴിയുന്ന ചില ഗെയിമുകളുണ്ട്. കളിക്കുന്നതിനിടയിൽ ചിലപ്പോൾ അവരിൽ നിന്ന് മെസേജുകൾ വരും. ഒരു ദിവസം അവൾക്ക് ഒരു സന്ദേശം വന്നു... 'നിങ്ങൾ ആണാണോ പെണ്ണാണോ?' എന്നായിരുന്നു ആ സന്ദേശം. അവൾ 'പെണ്ണ്' എന്ന് മറുപടി നൽകി. അതിനുശേഷം അയാൾ ഉടൻ തന്നെ മറ്റൊരു സന്ദേശം അയച്ചു: 'നിങ്ങളുടെ നഗ്നചിത്രങ്ങൾ എനിക്ക് അയച്ചുതരാമോ?' ഇത് എന്റെ മകൾക്കാണ് സംഭവിച്ചത്. അവൾ ഉടൻ തന്നെ ആ ഗെയിം പൂർണ്ണമായി ഓഫാക്കി, എന്റെ ഭാര്യയോട് (ട്വിങ്കിൾ ഖന്ന) വിവരം പറഞ്ഞു. ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ തുടങ്ങുന്നത്. ഇതും സൈബർ കുറ്റകൃത്യത്തിന്റെ ഒരു ഭാഗമാണ്," അക്ഷയ് കുമാർ പറഞ്ഞു.
സൈബർ സുരക്ഷാ ക്ലാസുകൾ സ്കൂളുകളിൽ നിർബന്ധമാക്കണം എന്നും താരം ആവശ്യപ്പെട്ടു. ഡിജിറ്റൽ ലോകത്ത് സുരക്ഷിതരായിരിക്കാൻ, മഹാരാഷ്ട്രയിലെ എഴ് മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ആഴ്ചതോറും ഒരു 'സൈബർ പിരീഡ്' (Cyber Period) ഏർപ്പെടുത്തണമെന്നും അക്ഷയ് കുമാർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
മുംബൈ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അക്ഷയ് കുമാറിന് പുറമേ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, നടി റാണി മുഖർജി എന്നിവരും പങ്കെടുത്തു.