ENTERTAINMENT

"സിനിമയില്ലാതെ വന്നതോടെ മദ്യത്തിന് അടിമയായി, തിരിച്ചുകൊണ്ടുവന്നത് ഭാര്യ"; വെളിപ്പെടുത്തലുമായി ബോളിവുഡ് താരം

" എന്റെ പിതാവിനും മദ്യപിക്കുന്നത് ഇഷ്ടമായിരുന്നു. ഞാനും മദ്യപാനം തുടങ്ങുകയും അതിന് അടിമയാകുകയും ചെയ്തു."

Author : ന്യൂസ് ഡെസ്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം അനിമൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ഗംഭീര തിരിച്ചുവരവാണ് ബോബി ഡിയോൾ നടത്തിയത്. ചിത്രത്തിലെ വില്ലൻ വേഷം ചർച്ചയായതോടെ താരം വീണ്ടും സിനിമകളിൽ സജീവമായി. തെന്നിന്ത്യൻ സിനിമകളിൽ ഉൾപ്പെടെ ബോബി ഡിയോൾ നിറയുകയാണ്. എന്നാൽ സിനിമയില്ലാതെ വീട്ടിലിരുന്ന കാലം എങ്ങിനെ അതിജീവിച്ചു എന്ന താരത്തിൻ്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.

സിനിമകൾ കുറഞ്ഞതോടെ നിരാശയിലായി. പതിയെ പതിയെ മദ്യത്തിന് അടിമയായി. ജോലിക്കുപോകാതെ വീട്ടിൽ തന്നെ ഇരുന്നുപോയ ഇരുണ്ട കാലം തനിക്കുണ്ടായിരുന്നു എന്നാണ് നടൻ പറഞ്ഞത്. " നിരാശപ്പെടുമ്പോൾ നിങ്ങളുടെ ലോകം അവസാനിച്ചതായി നിങ്ങൾക്ക് തോന്നും, ആരും നിങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നും, അപ്പോൾ നിങ്ങളെ ശാന്തമാക്കുന്ന ചില കാര്യങ്ങളിൽ നിങ്ങൾ അടിമയാകും. എന്റെ പിതാവിനും മദ്യപിക്കുന്നത് ഇഷ്ടമായിരുന്നു. ഞാനും മദ്യപാനം തുടങ്ങുകയും അതിന് അടിമയാകുകയും ചെയ്തു." ബോബി ഡിയോൾ പറഞ്ഞു.

എന്നാൽ ആ വീഴ്ചയിൽ നിന്ന് തന്നെ തിരിച്ച് കൊണ്ടൂവന്നത് ഭാര്യയാണെന്നും അദ്ദേഹം പറയുന്നു. "താന്യ എന്റെ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ, ഞാൻ ഇന്ന് ഇവിടെ ഇരിക്കുമായിരുന്നില്ല" 'ആപ് കി അദാലത്' എന്ന പരിപാടിയുടെ അവതാരകനോട് സംസാരിക്കവേ ബോബി ഡിയോൾ പറഞ്ഞു. താൻ മോശം അവസ്ഥയിലായപ്പോൾ ഭാര്യ ജോലിക്കുപോയി, സാമ്പത്തിക കാര്യങ്ങൾ നോക്കി, വീട്ടിലെ എല്ലാ ചെലവുകളും അവർ നോക്കി. അച്ഛൻ വീട്ടിൽ തന്നെ ഇരിക്കുന്നത് എന്തുകൊണ്ടാണെന്ന് കുട്ടികൾ ചോദിക്കാൻ തുടങ്ങിയതോടെയാണ് തനിക്ക് മാറ്റം വന്നതെന്നും താരം പറഞ്ഞു.

"കുട്ടികളുടെ ചോദ്യത്തോടെ എന്തോ ഒന്ന് ഉള്ളിൽ സംഭവിച്ചു. അവിടുന്ന് ഞാൻ എന്നെ തന്നെ മെച്ചപ്പെടുത്താൻ തുടങ്ങി." ബോബി ഡിയോൾ പറഞ്ഞു. അനുരാഗ് കശ്യപിന്റെ 'ബന്ദർ', ആലിയ ഭട്ടിനൊപ്പമുള്ള 'ആൽഫ', വിജയ്‌യുടെ 'ജനനായകൻ' എന്നീ ചിത്രങ്ങളാണ് ബോബി ഡിയോളിന്റേതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

SCROLL FOR NEXT