'തേരെ ഇഷ്ക് മേം' സിനിമ Source: X
ENTERTAINMENT

2,200 പേജുള്ള തീസിസ് കണ്ടിട്ടുണ്ടോ? ട്രോളുകളിൽ നിറഞ്ഞ് 'തേരെ ഇഷ്ക് മേം'

ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് അണിയിച്ചൊരുക്കിയ ചിത്രമാണ് 'തേരെ ഇഷ്ക് മേം'

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് അണിയിച്ചൊരുക്കിയ ഹിന്ദി ചിത്രമാണ് 'തേരെ ഇഷ്ക് മേം'. ഇരുവരും ഒന്നിച്ച മൂന്നാം ചിത്രമാണിത്. 'രാഞ്ജന', 'അതിരംഗി രേ' എന്നിവയാണ് ആനന്ദ്-ധനുഷ് കൂട്ടുകെട്ടിൽ ഇതിന് മുൻപ് ഇറങ്ങിയ സിനിമകൾ. മികച്ച അഭിപ്രായം നേടിയ ചിത്രം 116 കോടി രൂപയാണ് കളക്ട് ചെയ്തത്. ഇപ്പോഴിതാ, ഒടിടി സ്ട്രീമിങ് ആരംഭിച്ചതിനു പിന്നാലെ ട്രോൾ പേജുകളിൽ നിറയുകയാണ് ഈ ധനുഷ് ചിത്രം.

കൃതി സനോൺ ആണ് സിനിമയിൽ ധനുഷിന്റെ നായികയായി എത്തുന്നത്. ഡൽഹി സർവകലാശാലയിലെ സൈക്കോളജി റിസർച്ച് സ്കോളറാണ് കൃതി അവതരിപ്പിക്കുന്ന 'മുക്തി ബെനിവാൾ'. ഈ കഥാപാത്രവുമായി ബന്ധപ്പെട്ട ഒരു രംഗമാണ് സോഷ്യൽ മീഡിയയിൽ മീമുകളായി മാറുന്നത്.

ഒരു സീനിൽ, കൃതിയുടെ കഥാപാത്രം 2,200 പേജുള്ള തന്റെ പിഎച്ച്ഡി തീസിസ് സമർപ്പിക്കുന്നു എന്ന് പറയുന്നതാണ് ഗവേഷകരെയും വിദ്യാർത്ഥികളെയും അമ്പരപ്പിച്ചത്. "ഇത്രയും വലിയൊരു തീസിസ് എഴുതിയ ആ റിസർച്ച് സ്റ്റുഡന്റിനെ ഒന്ന് കാണണമല്ലോ" എന്ന് പലരും പരിഹസിച്ചു. ഏത് ഗൈഡ് ആണ് ഇത്രയും ദീർഘമായ പ്രബന്ധം വായിക്കുകയെന്നും ചോദിക്കുന്നവരുണ്ട്. സിനിമകളിൽ സ്വാതന്ത്ര്യം എടുക്കാമെങ്കിലും കുറച്ചെങ്കിലും യാഥാർഥ്യബോധം പുലർത്തേണ്ടെ എന്നാണ് പലരുടെയും ചോദ്യം. 2,200 പേജുള്ള പുസ്തകത്തിന്റെ വലിപ്പം കാണിച്ചും അത് വായിക്കുന്ന പ്രൊഫസർമാരുടെ അവസ്ഥ ചിത്രീകരിച്ചും നിരവധി മീമുകളാണ് എക്സിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നത്.

'തേരെ ഇഷ്ക് മേം' സിനിമ

നെറ്റ്‌ഫ്ലിക്സിലൂടെയാണ് 'തേരെ ഇഷ്ക് മേം' സ്ട്രീം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒടിടിയിൽ ലഭ്യമാണ്. എ.ആർ. റഹ്‌മാൻ ആണ് സിനിമയുടെ സംഗീതം. ഇതൊരു ടോക്സിക് ചിത്രമാണെന്ന് റിലീസിന് പിന്നാലെ വിമർശനം ഉയർന്നിരുന്നു.

SCROLL FOR NEXT