രാജ്‌പാൽ യാദവിന് സഹായവുമായി സൽമാൻ ഖാനും അജയ് ദേവ്‌ഗണും Source: X
ENTERTAINMENT

ഒൻപത് കോടിയുടെ ചെക്ക് കേസ്; തടവിൽ കഴിയുന്ന രാജ്‌പാൽ യാദവിന് സഹായവുമായി ബോളിവുഡ് താരങ്ങൾ

ഫെബ്രുവരി അഞ്ചിനാണ് ചെക്ക് കേസിൽ രാജ്‌പാൽ യാദവ് തിഹാർ ജയിൽ അധികൃതർക്ക് മുന്നിൽ ഹാജരായത്

Author : ന്യൂസ് ഡെസ്ക്

മുംബൈ: ചെക്ക് കേസിൽ തിഹാർ ജയിലിൽ കഴിയുന്ന നടൻ രാജ്‌പാൽ യാദവിന് സഹായ ഹസ്തം നീട്ടി ബോളിവുഡ് താരങ്ങൾ. സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, വരുൺ ധവാൻ എന്നിവർ സഹായം വാഗ്ദാനം ചെയ്തതായി നടന്റെ മാനേജർ ഗോൾഡി ജെയിൻ അറിയിച്ചു. സിനിമാ മേഖലയിലെ നിരവധി പ്രമുഖർ പിന്തുണ അറിയിച്ചതായി നടന്റെ ഭാര്യ രാധാ യാദവും സ്ഥിരീകരിച്ചു.

"നിരവധി ആളുകൾ പിന്തുണ അറിയിച്ചിട്ടുണ്ട്. അത് സാമ്പത്തികമായി മാത്രമല്ല. സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, വരുൺ ധവാൻ, ഡേവിഡ് ധവാൻ എന്നിവർ വിളിച്ചു എന്നത് സത്യമാണ്. ഏത് തരത്തിൽ, എങ്ങനെയാണ് അവർ സഹായിക്കുക എന്ന് ഇപ്പോൾ പറയാനാവില്ല. അവരെല്ലാം രാജ്പാൽ ഭായിയുടെ അഭ്യുദയകാംക്ഷികളാണ്," എന്നാണ് ജെയിൻ പറഞ്ഞത്. ഫെബ്രുവരി അഞ്ചിനാണ്, കേസിൽ ആറ് മാസത്തെ തടവ് അനുഭവിക്കുന്നതിനായി തിഹാർ ജയിൽ അധികൃതർക്ക് മുന്നിൽ രാജ്‌പാൽ കീഴടങ്ങിയത്. ഇന്നാണ് രാജ്‌പാൽ യാദവിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത്.

2010ൽ 'അട്ടാ പട്ടാ ലാപ്പതാ' എന്ന ആദ്യ സംവിധാന സംരഭം നിർമിക്കുന്നതിനായാണ് ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും രാജ്പാൽ യാദവ് അഞ്ച് കോടി രൂപ വായ്പ എടുത്തത്. എന്നാൽ, ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായതോടെ നടൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. അതോടെ വായ്പാ തിരിച്ചടവും മുടങ്ങി. ഇക്കാലയളവിൽ നടൻ നൽകിയ ഏഴ് ചെക്കുകളാണ് മടങ്ങിയത്.

2018 ഏപ്രിലിൽ ചെക്ക് കേസിൽ രാജ്പാൽ യാദവിനേയും ഭാര്യയേയും ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. നിയമ നടപടികൾ നീണ്ടുപോയതോടെ പലിശ കൂടി, തിരിച്ചടയ്‌ക്കേണ്ട തുക ഏകദേശം ഒൻപത് കോടിയായി ഉയർന്നു. 2024 ജൂണിൽ കടം തീർക്കാൻ സമയം അനുവദിച്ച ഡൽഹി ഹൈക്കോടതി രാജ്പാലിന് എതിരായ തടവ് ശിക്ഷ താൽക്കാലികമായി സ്റ്റേ ചെയ്തു. പക്ഷേ, സമയത്തിന് ബാധ്യത തീർക്കാൻ നടന് സാധിച്ചില്ല. ഇതോടെ, 2026 ഫെബ്രുവരി രണ്ടിന് ജയിൽ അധികൃതർക്ക് മുന്നിൽ രാജ്പാൽ യാദവ് കീഴടങ്ങണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. നാല് മണിക്കുള്ളിൽ കീഴടങ്ങാനായിരുന്നു ഉത്തരവ്. എന്നാൽ, രാജ്പാൽ യാദവ് കീഴടങ്ങിയില്ല.

ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു എന്ന് നടന്റെ വക്കീൽ കോടതിയെ അറിയിച്ചെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. ഫെബ്രുവരി അഞ്ചിന് രാജ്പാൽ യാദവ് കോടതിയിൽ നേരിട്ട് ഹാജരായി 25 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സമർപ്പിക്കാൻ തയ്യാറാണെന്നും അറിയിച്ചു. പക്ഷേ കോടതി സറണ്ടർ ഓർഡർ പിൻവലിച്ചില്ല. ഇതിനെ തുടർന്നാണ് തിഹാർ ജയിൽ അധികൃതർക്ക് മുന്നിൽ നടൻ കീഴടങ്ങിയത്.

SCROLL FOR NEXT