ENTERTAINMENT

ഗൗരിയെ ജീവിത സഖിയാക്കി ആമിർ ഖാൻ; ബാന്ദ്രയിലെ വസതിയിൽ ലളിതമായ വിവാഹം

വിവാഹത്തിന് മുന്നോടിയായി ആമിറിന്റെ മക്കളായ ജുനൈദ് ഖാനും ഇറ ഖാനും വീട്ടിലെത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

Author : ന്യൂസ് ഡെസ്ക്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനും പ്രണയിനി ഗൗരി സ്പ്രാറ്റും വിവാഹിതരായി. നടന്റെ ബാന്ദ്രയിലെ വസതിയിൽ ലളിതമായ രജിസ്റ്റർ വിവാഹമായതാണ് നടത്തിയത്. ആമിറിന്റെയും ഗൗരിയുടെയും മുൻ വിവാഹങ്ങളിലെ മക്കളും അടുത്ത കുടുംബാംഗങ്ങളും ചടങ്ങിന് സാക്ഷികളായി. വിവാഹത്തിന് മുന്നോടിയായി ആമിറിന്റെ മക്കളായ ജുനൈദ് ഖാനും ഇറ ഖാനും വീട്ടിലെത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബെംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം, ബ്ലൂ മൗണ്ടൻ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് 2004ൽ ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ദി ആർട്സിൽ നിന്ന് എഫ്ഡിഎ സ്റ്റൈലിങ് ആൻഡ് ഫോട്ടോഗ്രാഫി പൂർത്തിയാക്കി. ഇപ്പോൾ മുംബൈയിൽ ബിബ്ലണ്ട് എന്ന സലോൺ നടത്തിവരികയാണ്.

തന്റെ അറുപതാം ജന്മദിനത്തിലാണ് ഗൗരിയുമായുള്ള പ്രണയം ആമിർ പരസ്യമാക്കിയത്. 25 വർഷങ്ങൾക്ക് മുൻപാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുകയും, ആ സൗഹൃദം പ്രണയമായി മാറുകയുമായിരുന്നു. ഗൗരിയുടെ രണ്ടാം വിവാഹമാണിത്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ വിവാഹത്തിൽ ഗൗരിക്ക് ഏഴ് വയസുള്ള ഒരു കുട്ടിയുണ്ട്.

അറുപത്തൊന്ന് വയസുകാരനായ ആമിർ ഖാന്റെ മൂന്നാം വിവാഹമാണിത്. ബാല്യകാല സുഹൃത്തായ റീന ദത്ത ആയിരുന്നു ആദ്യ പങ്കാളി. 1986ൽ വിവാഹിതരായ ഇവർ 2002ൽ വേർപിരിഞ്ഞു. ജുനൈദ്, ഐറ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്. 2005ൽ സംവിധായിക കിരൺ റാവുവിനെ ആമിർ വിവാഹം ചെയ്തു. 2021ൽ ഇവർ വിവാഹമോചിതരായി. വാടകഗർഭധാരണത്തിലൂടെ ജനിച്ച മകൻ ആസാദിനെ ഇരുവരും ചേർന്നാണ് വളർത്തുന്നത്.

SCROLL FOR NEXT