ജനപ്രിയ ടെലിവിഷൻ പരമ്പരയായ 'ബ്രേക്കിങ് ബാഡി'ലൂടെ പ്രശസ്തനായ യുവനടൻ ആർജെ മിറ്റി (34) അന്തരിച്ചു. ടെക്സാസിലെ ബ്രൗൺവില്ലയിലായിരുന്നു അന്ത്യം. സെറിബ്രൽ പാൾസി ബാധിതനായിരുന്നു. മരണകാരണം പുറത്തുവിട്ടിട്ടില്ല. ജീവനൊടുക്കുകയായിരുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ചെറുപ്രായത്തിൽ തന്നെ അഭിനയം ആരംഭിച്ച മിറ്റി, പടിപടിയായാണ് ടെലിവിഷനിലും സിനിമകളിലും തന്റേതായ ഇടം കണ്ടെത്തിയത്. പതിനഞ്ചാം വയസിൽ 'ബ്രേക്കിങ് ബാഡി'ലൂടെയാണ് മിറ്റി ടെലിവിഷൻ അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. കേന്ദ്ര കഥാപാത്രമായ വാൾട്ടർ വൈറ്റിന്റെ മകൻ വാൾട്ടർ വൈറ്റ് ജൂനിയർ ആയുള്ള പ്രകടനം നടന്റെ കരിയറിൽ വഴിത്തിരിവായി. 2008 മുതൽ 2013 വരെ നീണ്ട പരമ്പരയിൽ 56 എപ്പിസോഡുകളിലാണ് മിറ്റി അഭിനയിച്ചത്.
'ബ്രേക്കിങ് ബാഡി'ലെ കഥാപാത്രത്തെപോലെ കുട്ടിക്കാലത്ത് തന്നെ സെറിബ്രൽ പാൾസി സ്ഥിരീകരിക്കപ്പെട്ട വ്യക്തിയായിരുന്നു മിറ്റി. മൂന്നാം വയസിലാണ് മിറ്റിക്ക് സെറിബ്രൽ പാൾസിയുണ്ടെന്ന് തിരിച്ചറിഞ്ഞത്. കുട്ടിക്കാലം മുതൽ ഈ അവസ്ഥയോട് പോരടിച്ച നടൻ ഹോളിവുഡിൽ ഭിന്നശേഷിക്കാർക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ നിരന്തരം പ്രവർത്തിച്ചിരുന്നു.
ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മിറ്റി സജീവമായിരുന്നു. 'യുണൈറ്റഡ് സെറിബ്രൽ പാൾസി' , 'ഷ്രിനേഴ്സ് ചിൽഡ്രൻസ്' തുടങ്ങിയ സംഘടനകളെ പിന്തുണച്ചുകൊണ്ട് ഭിന്നശേഷി അവകാശങ്ങൾക്കായി നടൻ ശക്തമായി നിലകൊണ്ടു.
മിറ്റിയുടെ അപ്രതീക്ഷിത വിയോഗത്തിൽ 'ബ്രേക്കിങ് ബാഡ്' താരങ്ങൾ അനുശോചനം രേഖപ്പെടുത്തി. പരമ്പരയിൽ തന്റെ മകനായി വേഷമിട്ട മിറ്റിയെ ഓർത്തുകൊണ്ട് "ഐ വിൽ മിസ് യു, സൺ" എന്നാണ് ബ്രയാൻ ക്രാൻസ്റ്റൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.