മോഹൻലാലും ഐശ്വര്യ റായ്‌യും 'ഇരുവർ' സിനിമയിൽ Source: X
ENTERTAINMENT

"മോഹൻലാലിന് പോലും അവളിൽ നിന്ന് കണ്ണെടുക്കാൻ കഴിഞ്ഞില്ല"; 'ഇരുവറി'ലെ അനുഭവം പങ്കുവച്ച് ബൃന്ദ മാസ്റ്റർ

ഐശ്വര്യ റായിയുടെ സിനിമാ ജീവിതത്തിൽ സംവിധായകൻ മണിരത്നത്തിന് വലിയ സ്ഥാനമാണുള്ളത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഐശ്വര്യ റായിയുടെ സിനിമാ ജീവിതത്തിൽ സംവിധായകൻ മണിരത്നത്തിന് വലിയ സ്ഥാനമാണുള്ളത്. ഐശ്വര്യയുടെ ആദ്യ ചിത്രമായ 'ഇരുവർ' മുതൽ 'പൊന്നിയിൻ സെൽവൻ' വരെ നീളുന്നതാണ് ഇവരുടെ കൂട്ടുകെട്ട്. ഇവർ ഒന്നിച്ച സിനിമകൾ എല്ലാം ഹിറ്റുകൾ. ഇപ്പോഴിതാ, മണിരത്നത്തിന്റെ 'ഇരുവർ' സിനിമയിലെ ഒരു ഗാന ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ.

'കണ്ണൈ കാട്ടി കൊള്ളാതെ' എന്ന പാട്ട് ഷൂട്ട് ചെയ്ത അനുഭവമാണ് ബൃന്ദ മാസ്റ്റർ പങ്കുവച്ചത്. "എനിക്ക് ആ ഗാനരംഗത്തിന്റെ ഷൂട്ടിങ് ഇപ്പോഴും ഓർമയുണ്ട്, അവരതിൽ തകർത്തു. അവർ റിഹേഴ്സലിന് വന്നിരുന്നു. ഞാനാണ് പലപ്പോഴും ഹോട്ടലിൽ തിരിച്ച് കൊണ്ടാക്കാറുള്ളത്. ഞാനാണ് അവരുടെ കാര്യങ്ങൾ നോക്കിയിരുന്നത്. പുലർച്ചെ അഞ്ച് മണിക്ക് ചിത്രീകരണം ആരംഭിക്കാനായിരുന്നു മണിരത്നത്തിന്റെ തീരുമാനം. ഐശ്വര്യക്ക് നേരത്തെ എഴുന്നേറ്റ് തയ്യാറാകേണ്ടി വന്നു. പുറത്ത് വെളിച്ചം വീണിട്ടില്ല. 'അയ്യോ, ഞാൻ മരിച്ചുപോകും. നിങ്ങൾ എന്നെ പീഡിപ്പിക്കുകയാണോ,'എന്ന് അവർ എന്നോട് തമിഴിൽ പരാതിപ്പെട്ടു. പക്ഷേ, ആ ഒരു മ്യൂസിക് പീസും ആ ഷോട്ടും - അവർ അത് ചെയ്ത രീതി! അവർ ഒരു മികച്ച നർത്തകിയാണ്. അവിടെയുണ്ടായിരുന്നവർക്ക്, എന്തിന് മോഹൻലാലിന് പോലും അവളിൽ നിന്ന് കണ്ണെടുക്കാൻ കഴിഞ്ഞില്ല," ബൃന്ദ ഓർത്തെടുത്തു. മിസ് വേൾഡ് ആകുന്നതിന് മുൻപ് ഫിലിം ഫെയർ റിഹേഴ്‌സൽ ക്യാംപിൽ വച്ച് ഐശ്വര്യയെ കണ്ട കാര്യവും ബൃന്ദ മാസ്റ്റർ അഭിമുഖത്തിൽ പറഞ്ഞു.

1997ലാണ് മണിരത്നം ചിത്രം 'ഇരുവർ' പുറത്തിറങ്ങിയത്. തമിഴ് രാഷ്ട്രീയത്തിലെ അതികായരായ എം.ജി. രാമചന്ദ്രന്റെയും എം. കരുണാനിധിയുടേയും പ്രക്ഷുബ്ധമായ രാഷ്ട്രീയ ജീവിതം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയത്. മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ്, രേവതി, ഗൗതമി, നാസർ, തബു എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. സിനിമയിലെ എ.ആർ. റഹ്‌മാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങളും സന്തോഷ് ശിവന്റെ ഫ്രെയിമുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

SCROLL FOR NEXT