തൃഷ കൃഷ്ണൻ, ചിന്മയി ശ്രീപാദ Source: Instagram / chinmayisripaada
ENTERTAINMENT

'കറുപ്പി'ൽ തൃഷയ്‌ക്കായി ഡബ്ബ് ചെയ്തത് ഞാനാണ്, റിലീസിന് മുൻപ് പുറത്തുപറയാൻ പേടിയായിരുന്നു: ചിന്മയി

തൃഷയ്ക്ക് വേണ്ടി ശബ്ദം നൽകാൻ അവസരം തന്ന ആർജെ ബാലാജിക്ക് ചിന്മയി നന്ദി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സൂര്യ നായകനായ പുതിയ ചിത്രം'കറുപ്പി'ൽ ഡബ്ബ് ചെയ്തതിനെ കുറിച്ച് റിലീസിന് മുൻപ് തുറന്നുപറയാൻ തനിക്ക് പേടിയായിരുന്നുവെന്ന് ഗായിക ചിന്മയി ശ്രീപാദ. വിജയ് ചിത്രം 'ലിയോ'യിൽ തൃഷയ്ക്കായി ശബ്ദം നൽകിയപ്പോൾ നേരിട്ട ദുരനുഭവങ്ങളാണ് അതിന് കാരണമായി ചിന്മയി പറയുന്നത്. 'കറുപ്പി'ലും തൃഷയ്ക്കായാണ് ഗായിക ഡബ്ബ് ചെയ്തിരിക്കുന്നത്. എക്സിലൂടെയായിരുന്നു വെളിപ്പെടുത്തൽ.

ചിന്മയി ശ്രീപാദയുടെ കുറിപ്പിന്റെ പൂർണരൂപം:

ഇത് പറയുന്നതിനായി ഞാൻ എന്നെത്തന്നെ പാകപ്പെടുത്തുകയായിരുന്നു എന്നത് എനിക്ക് തന്നെ വിചിത്രമായി തോന്നുന്നു... 'കറുപ്പ്' എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ ഡബ്ബ് ചെയ്തു എന്ന കാര്യം പുറത്തുപറയാൻ എനിക്ക് ശരിക്കും പേടിയുണ്ടായിരുന്നു.

എനിക്ക് ആർ. ജെ ബാലാജിയെ വളരെക്കാലമായി അറിയാം - അദ്ദേഹവും ഭാര്യയും അത്രയും നല്ല മനുഷ്യരാണ്. കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും സ്വപ്നങ്ങൾ സഫലമാക്കാൻ അത്രമേൽ പരിശ്രമിക്കുന്ന, പ്രചോദിപ്പിക്കുന്ന വ്യക്തിയാണ് ആർജെബി. ഒരുപക്ഷേ അദ്ദേഹത്തെയും കുടുംബത്തെയും എനിക്ക് അത്രയധികം അടുത്തറിയാവുന്നത് കൊണ്ടാകാം, കഴിഞ്ഞ തവണ 'ലിയോ' സിനിമയുടെ സമയത്തുണ്ടായതൊക്കെ അദ്ദേഹത്തിനും സംഭവിക്കുമെന്ന് ഞാൻ ഭയന്നത്.

ഈ സിനിമയിലെ ചില രംഗങ്ങൾ ഡബ്ബ് ചെയ്യുന്നതിനിടയിൽ ഞാൻ ഒരുപാട് കരഞ്ഞു - അതെന്നെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. എന്റെ ഭൂതകാലത്തിൽ നടന്ന കാര്യങ്ങളെല്ലാം ബിഗ് സ്ക്രീനിൽ വീണ്ടും കാണുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഈ അവസരം നൽകിയ ആർജെ ബാലാജിക്ക് ഞാൻ നന്ദി പറയുന്നു. തൃഷയ്ക്ക് വേണ്ടി ശബ്ദം നൽകാൻ എനിക്ക് അവസരം തന്നതിന് ഒത്തിരി നന്ദി.

പിന്നെ, ഇനിയുള്ള കാലം യാതൊരു ഭയവുമില്ലാതെ, അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന പേടിയില്ലാതെ എന്റെ സ്വന്തം തട്ടകത്തിൽ ജോലി ചെയ്യാൻ 'കറുപ്പ് സ്വാമി' എന്നെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വർഷങ്ങളായി ജോലി ചെയ്യുന്നതിൽ നിന്ന് വിലക്ക് നേരിടുന്ന എന്നെയും മറ്റുള്ളവരെയും ആ വിലക്കുകളിൽ നിന്ന് മോചിപ്പിക്കാൻ ദൈവം സഹായിക്കട്ടെ

2018ൽ മീടൂ മൂവ്മെന്റിന്റെ കാലത്ത് സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളെപ്പറ്റി ചിന്മയി തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ ഗായികയെ തമിഴ്‌നാട് ഡബ്ബിങ് അസോസിയേഷൻ വിലക്കിയത്. എന്നാൽ, 2023ൽ റിലീസ് ആയ വിജയ് ചിത്രം 'ലിയോ'യിലൂടെ വിലക്കിനെ മറികടന്ന് ചിന്മയി ഡബ്ബിങ് മേഖലയിലേക്ക് തിരിച്ചെത്തി. ഇതിനെതിരെ സൗത്ത് ഇന്ത്യൻ സിനി- ടെലിവിഷൻ ആർടിസ്റ്റ്‌സ് ആൻഡ് ഡബ്ബിങ് ആർടിസ്റ്റ്‌സ് യൂണിയൻ രംഗത്തെത്തിയിരുന്നു.

SCROLL FOR NEXT