അമിതാഭ് ബച്ചന്‍ അവതാരകനായ കോന്‍ ബനേഗ ക്രോർപ്പതി 17ല്‍ ഇത്തവണ ഹോട്ട് സീറ്റില്‍ എത്തിയത് ഒരു അഞ്ചാം ക്ലാസുകാരനാണ്. ഗുജറാത്തിലെ ഗാന്ധിനഗർ സ്വദേശി ഇഷിത് ഭട്ട്. വലിയ സമ്മാനത്തുക ഒന്നും നേടിയില്ലെങ്കിലും ഷോയിലെ ഇഷിതിന്റെ പെരുമാറ്റമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ ചൂടേറിയ ചർച്ച.
ഈ അഞ്ചാം ക്ലാസുകാരന്റെ ഷോയിലെ പെരുമാറ്റം പേരന്റിങ്ങിനെപ്പറ്റി ഗൗരവമേറിയ ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയർത്തിയത്. എന്നാല്‍ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുടെ പെരുമാറ്റത്തെ ഇത്ര സൂക്ഷ്മമായി വിലയിരുത്തി വിമർശിക്കേണ്ട കാര്യമുണ്ടോ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. എന്തായാലും ഇഷിതിന്റെ എപ്പിസോഡ് ഇപ്പോള്‍ വൈറലാണ്.
ഈ വൈറല്‍ ക്ലിപ്പില്‍, തനിക്ക് ഷോയുടെ നിയമങ്ങള്‍ അറിയാമെന്നും അത് വിശദീകരിക്കാന്‍ നില്‍ക്കണ്ടായെന്നും അമിതാഭിനോട് പറയുന്ന ഇഷിതിനെ കാണാം. ഈ രീതിയിലാണ് ഷോയില്‍ ഉടനീളം ഈ കുട്ടി സംസാരിക്കുന്നത്. ഓപ്ഷനുകള്‍ക്കായി ധൃതി കൂട്ടുന്ന ഇഷിത് "ലോക്ക് ചെയ്യട്ടേ" എന്ന അമിതാഭിന്റെ ചോദ്യത്തേയും പരിഹസിക്കുന്നു. "ഒന്നല്ല നാല് ലോക്കിട്ടോളൂ, പക്ഷേ ലോക്കാക്കണം," എന്നാണ് ഇഷിത് ഇതിഹാസ നടനോട് പറയുന്നത്.
രാമായണത്തെപ്പറ്റിയുള്ള ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നല്‍കിയാണ് ഇഷിത് മത്സരത്തില്‍ നിന്നും പ്രൈസ് മണി ഒന്നും ലഭിക്കാതെ പുറത്തായത്. അമിത ആത്മവിശ്വാസം കാരണം ചിലപ്പോള്‍ കുട്ടികള്‍ തെറ്റുകള്‍ വരുത്തും എന്നായിരുന്നു അമിതാഭിന്റെ പ്രതികരണം.
അമിതാഭ് ബച്ചനെ അഭിനന്ദിക്കുമ്പോള്‍ വലിയ തോതിലുള്ള വിമർശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇഷിതും രക്ഷിതാക്കളും നേരിടുന്നത്. അഹങ്കാരവും ആത്മവിശ്വാസവും തമ്മിലുള്ള വ്യത്യാസം പഠിപ്പിക്കാന്‍ ഇഷിതിന്റെ രക്ഷിതാക്കള്‍ക്ക് സാധിച്ചില്ലെന്നാണ് ചിലർ പറയുന്നത്. കുറച്ച് വർഷങ്ങള്‍ക്ക് മുന്‍പ് അമിത ആത്മവിശ്വാസം കാരണം ഒരു കോടിയുടെ ചോദ്യത്തില്‍ വീണുപോയ മറ്റൊരു കുട്ടിയേയും ഈ സന്ദർഭത്തില്‍ നെറ്റിസണ്‍സ് ഓർത്തെടുക്കുന്നുണ്ട്.
ഇഷിതിന്റെ പെരുമാറ്റം സോഷ്യല്‍ മീഡിയയില്‍ സജീവ ചർച്ചയായതോടെ പല പ്രമുഖരും വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. ചുമയ്ക്കുള്ള സിറപ്പ് കാരണം കുട്ടികള്‍ മരിച്ചപ്പോള്‍ ഈ ഒച്ചപ്പാടുകള്‍ ഒന്നും കേട്ടില്ലല്ലോ എന്നാണ് ഗായിക ചിൻമയി ശ്രീപാദ എക്സില്‍ കുറിച്ചത്.
"ഏറ്റവും വെറുക്കപ്പെട്ട കുട്ടി എന്ന് ഒരു മുതിർന്ന വ്യക്തി ട്വീറ്റ് ചെയ്യുന്നു. ട്വിറ്ററിലെ തന്നെ ഏറ്റവും വൃത്തികെട്ട, അസഭ്യം പറയുന്ന, അധിക്ഷേപിക്കുന്ന ആളുകളിൽ ഒരാളാണ് ഈ മുതിർന്ന വ്യക്തി," ചിന്മയ കുറിച്ചു. ഇഷിതിനെ ലക്ഷ്യമാക്കി നടക്കുന്ന സൈബർ അറ്റാക്കുകള്‍ ഈ ആവാസവ്യവസ്ഥയെപ്പറ്റി ഒരുപാട് പറയുന്നതായും ഗായിക അഭിപ്രായപ്പെട്ടു.