68ാമത് ഗ്രാമി പുരസ്കാര ജേതാക്കൾ 
ENTERTAINMENT

ചരിത്ര നേട്ടവുമായി ദലൈ ലാമയും കെ പോപ്പും, EGOT ക്ലബിൽ സ്പിൽബർഗ്; 68ാമത് ഗ്രാമി ജേതാക്കൾ ആരൊക്കെ?

ലോസ് ഏഞ്ചൽസിലെ ക്രിപ്റ്റോ.കോം അരീനയിൽ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്

Author : ന്യൂസ് ഡെസ്ക്

ലോസ് ഏഞ്ചൽസ്: 68ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോസ് ഏഞ്ചൽസിലെ ക്രിപ്റ്റോ.കോം അരീനയിൽ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ബാഡ് ബണ്ണിയുടെ 'ഡെബി തിരാർ മാസ് ഫോട്ടോസ്' ആണ് ആൽബം ഓഫ് ദ ഇയർ. കെൻഡ്രിക് ലാമറും സിസയും (SZA) ചേർന്ന് ആലപിച്ച 'ലൂഥർ' ആണ് റെക്കോർഡ് ഓഫ് ദ ഇയർ. 'വൈൽഡ് ഫ്ലവറി'ലൂടെ സോങ് ഓഫ് ദ ഇയർ പുരസ്കാരത്തിന് ബില്ലി എലിഷ് അർഹയായി.

സംഗീത ലോകത്തെ മിന്നും താരങ്ങൾ അണിനിരന്ന അവാർഡ് നിശയിൽ രണ്ട് ഇതിഹാസങ്ങളുടെ ആദ്യ ഗ്രാമി നേട്ടം ശ്രദ്ധിക്കപ്പെട്ടു. അതിൽ ഒരാൾ ലോകം ആദരിക്കുന്ന ആത്മീയ ആചാര്യനും മറ്റൊരാൾ പ്രശസ്ത ഹോളിവുഡ് സംവിധായകനും - ദലൈ ലാമയും സ്റ്റീവൻ സ്പിൽബർഗും.

'മെഡിറ്റേഷൻസ്: ദ റിഫ്ലക്ഷൻസ് ഓഫ് ഹിസ് ഹോളിനസ് ദലൈ ലാമ' എന്ന ഓഡിയോ ബുക്കിന്റെ വിവരണത്തിനാണ് ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈ ലാമ പുരസ്കാരത്തിന് അർഹനായത്. ദലൈ ലാമയുടെ ആദ്യ ഗ്രാമി പുരസ്കാരമാണിത്. കനേഡിയൻ-അമേരിക്കൻ ഗായകൻ റൂഫസ് വെയ്ൻറൈറ്റ് ആണ് ദലൈ ലാമയ്ക്ക് വേണ്ടി ആവാർഡ് ഏറ്റുവാങ്ങിയത്. യൂട്യൂബ് , ആമസോൺ മ്യൂസിക്, സ്പോട്ടിഫൈ ഉൾപ്പെടെയുള്ള മിക്ക ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും 'മെഡിറ്റേഷൻസ്' ലഭ്യമാണ്.

'മ്യൂസിക് ഫോർ ജോൺ വില്യംസ്' എന്ന സിനിമയിലൂടെയാണ് സ്റ്റീവൻ സ്പിൽബർഗ് കന്നി ഗ്രാമി സ്വന്തമാക്കിയത്. മികച്ച മ്യൂസിക്കൽ ഫിലിം വിഭാഗത്തിലാണ് പുരസ്കാരം. ഇതോടെ എമ്മി, ഗ്രാമി, ഓസ്കാർ, ടോണി എന്നിങ്ങനെ നാല് പുരസ്കാരങ്ങളും സ്വന്തമാക്കിയ സ്പിൽബർഗ് EGOT ആയി മാറി.

'കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്' എന്ന നെറ്റ്‌ഫ്ലിക്സ് ആനിമേഷൻ ചിത്രത്തിലെ 'ഗോൾഡൻ' എന്ന ഗാനം വിഷ്വൽ മീഡിയയ്ക്കുവേണ്ടി എഴുതപ്പെട്ട മികച്ച ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമി ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു കെ പോപ്പ് ബാൻഡ് (Huntr/x ) പുരസ്കാരം നേടുന്നത്. മികച്ച വിഷ്വൽ മീഡിയ സൗണ്ട്ട്രാക്ക് വിഭാഗത്തിലും ഇവർ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. എന്നാൽ, ഈ വിഭാഗത്തിൽ 'സിന്നേഴ്സ്' ആണ് ജേതാക്കളായത്.

ലേഡി ഗാഗ, ലിയോൺ തോമസ്, എഫ്കെഎ ട്വിഗ്സ്, സിന്തിയ എറിവോ, അരിയാന ഗ്രാൻഡെ എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ. 95 വിഭാഗങ്ങളിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവർ നോവയായിരുന്നു അവതാരകൻ. തുടർച്ചയായി ആറാം തവണയാണ് ട്രെവർ ഗ്രാമിയുടെ അവതാരകനാകുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വർഷത്തെ ഗ്രാമി നിരാശാജനകമായിരുന്നു. നാമനിർദേശം ലഭിച്ച അനുഷ്ക ശങ്കർ, സിദ്ധാന്ത് ഭാട്ടിയ, ചാരു സൂരി എന്നിവർക്ക് അവാർഡുകളൊന്നും ലഭിച്ചില്ല. സിത്താർ വാദകയായ അനുഷ്ക ശങ്കറിന് ഈ വർഷം രണ്ട് നാമനിർദേശങ്ങളാണ് ലഭിച്ചത്. ആലം ഖാൻ, സാരഥി കോർവാർ എന്നിവരുമായി ചേർന്ന് പുറത്തിറക്കിയ 'ചാപ്റ്റർ III: വി റിട്ടേൺ ടു ലൈറ്റ്' (Chapter III: We Return to Light) എന്ന ഇപി (EP) 'മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം' വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. കൂടാതെ, ഇതിലെ 'ഡേബ്രേക്ക്' (Daybreak) എന്ന ഗാനം 'മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ്' വിഭാഗത്തിലും നാമനിർദേശം നേടി. എന്നാൽ, രണ്ട് വിഭാഗങ്ങളിലും പുരസ്കാരങ്ങൾ ലഭിച്ചില്ല.

'ഷായൻ' (Shayan) എന്ന ആൽബത്തിലൂടെ 'മികച്ച കണ്ടംപററി ഇൻസ്ട്രുമെന്റൽ ആൽബം' വിഭാഗത്തിലാണ് ഇൻഡോ-അമേരിക്കൻ ജാസ് കമ്പോസറും പിയാനിസ്റ്റുമായ ചാരു സൂരിക്ക് നാമനിർദേശം ലഭിച്ചത്. കൂടാതെ, സിദ്ധാന്ത് ഭാട്ടിയയുടെ 'സൗണ്ട്സ് ഓഫ് കുംഭ' (Sounds of Kumbha) എന്ന ആൽബത്തിന്റെ പ്രൊഡ്യൂസർ എന്ന നിലയിൽ 'മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം' വിഭാഗത്തിലും നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.

പ്രശസ്ത ഇൻഡോ-ജാസ് ഫ്യൂഷൻ ബാൻഡായ ശക്തിക്ക് (ശങ്കർ മഹാദേവൻ, ജോൺ മക്ലാഫ്ലിൻ എന്നിവർ ഉൾപ്പെട്ട സംഘം) 'മൈൻഡ് എക്സ്പ്ലോഷൻ' (Mind Explosion) എന്ന ആൽബത്തിന് രണ്ട് നാമനിർദേശങ്ങൾ ലഭിച്ചിരുന്നു. മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം, മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് വിഭാഗങ്ങളിലാണ് നോമിനേഷൻ ലഭിച്ചത്.

68ാമത് ഗ്രാമി പുരസ്കാര ജേതാക്കൾ:

  • ആൽബം ഓഫ് ദ ഇയർ - 'ഡെബി തിരാർ മാസ് ഫോട്ടോസ്' (ബാഡ് ബണ്ണി)

  • റെക്കോഡ് ഓഫ് ദ ഇയർ - ലൂഥർ ( കെൻഡ്രിക് ലാമർ, സിസ)

  • സോങ് ഓഫ് ദ ഇയർ - വൈൽഡ് ഫ്ലവർ (ബില്ലി എലിഷ്)

  • മികച്ച സോളോ പെർഫോർമൻസ് - ലോല യങ് (മെസ്സി)

  • മികച്ച വോക്കൽ ആൽബം - മേഹാം (ലേഡി ഗാഗ)

  • മികച്ച ന്യൂ ആർട്ടിസ്റ്റ് - ഒലീവിയ ഡീൻ

  • മികച്ച റാപ്പ് ആൽബം - ജിഎൻഎക്സ് (കെൻഡ്രിക് ലാമർ)

  • മികച്ച ഡാൻസ് പോപ്പ് റെക്കോഡിങ് - ലേഡി ഗാഗ (അബ്രകാഡബ്ര)

  • മികച്ച റാപ്പ് പെർഫോർമൻസ് - ക്ലിപ്‌സ്, ചെയിൻസ് & വിപ്‌സ് (ft കെൻഡ്രിക് ലാമർ & ഫാരൽ വില്യംസ്)

  • മികച്ച കൺട്രി സോളോ പെർഫോർമൻസ് - ക്രിസ് സ്റ്റാപ്പിൾട്ടൺ (ബാഡ് ആസ് ഐ യൂസ്ഡ് ടു ബി)

  • മികച്ച റാപ്പ് സോങ് - കെൻഡ്രിക് ലാമർ ft ലെഫ്റ്റി ഗൺപ്ലേ (ടിവി ഓഫ്)

  • മികച്ച പോപ്പ് ഡ്യുവോ/ഗ്രൂപ്പ് പെർഫോമൻസ് - സിന്തിയ എറിവോ & അരിയാന ഗ്രാൻഡെ – (ഡിഫൈയിങ് ഗ്രാവിറ്റി)

  • മികച്ച ആർ&ബി ആൽബം - ലിയോൺ തോമസ് (മട്ട്)

  • മികച്ച റോക്ക് ആൽബം - ടേൺസ്റ്റൈൽ (നെവർ ഇനഫ് )

  • മികച്ച ഡാൻസ്/ഇലക്ട്രോണിക് ആൽബം - എഫ്കെഎ ട്വിഗ്സ് (Eusexua)

  • മികച്ച റോക്ക് പെർഫോമൻസ് - യംഗ്ബ്ലഡ് – (ചെഞ്ചസ് - ലൈവ് ഫ്രം വില്ലാ പാർക്ക്)

  • മികച്ച മെറ്റൽ പെർഫോമൻസ് - ടേൺസ്റ്റൈൽ (ബേഡ്സ്)

  • മികച്ച ആർ&ബി പെർഫോമൻസ് - കെഹ്‌ലാനി (ഫോൾഡഡ്)

  • മികച്ച ട്രഡീഷണൽ ആർ&ബി പെർഫോമൻസ് - ലിയോൺ തോമസ് (വൈബ്സ് ഡോൺഡ് ലൈ)

  • മികച്ച ആർ&ബി സോങ് - കെഹ്‌ലാനി (ഫോൾഡഡ്)

  • മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് - ബാഡ് ബണ്ണി (EoO)

  • മികച്ച റോക്ക് സോങ് - നൈൻ ഇഞ്ച് നെയിൽസ് (ആസ് എലൈവ് ആസ് യൂ നീഡ് മീ ടു ബി)

  • മികച്ച കൺട്രി സോങ് - ടൈലർ ചിൽഡേഴ്സ് (Bitin’ List)

  • മികച്ച ആൾട്ടർനേറ്റീവ് മ്യൂസിക് പെർഫോമൻസ് - ദ ക്യൂർ (എലോൺ)

  • വിഷ്വൽ മീഡിയയ്ക്കായുള്ള മികച്ച കംപൈലേഷൻ സൗണ്ട് ട്രാക്ക് - സിന്നേഴ്സ്

  • മികച്ച സംഗീത വീഡിയോ - ദോച്ചി (ആൻസൈറ്റി)

  • വിഷ്വൽ മീഡിയയ്ക്കുവേണ്ടി എഴുതിയ മികച്ച ഗാനം - ഹണ്ടർ/എക്സ് (ഗോൾഡൻ - ഫ്രം കെ-പോപ്പ്: ഡെമൺ ഹണ്ടേഴ്സ്)

  • മികച്ച ലാറ്റിൻ പോപ്പ് ആൽബം - നതാലിയ ലഫോർക്കേഡ് (Cancionera)

  • മികച്ച ഫോക്ക് ആൽബം - ഐ ആം വിത്ത് ഹെർ (വൈഡ് ആൻഡ് ക്ലിയർ ആൻഡ് ബ്ലൂ)

  • മികച്ച കോമഡി ആൽബം - നേറ്റ് ബാർഗാറ്റ്‌സെ (യുവർ ഫ്രണ്ട്, നേറ്റ് ബാർഗാറ്റ്‌സെ)

  • മികച്ച മെലോഡിക് റാപ്പ് പെർഫോമൻസ് - കെൻഡ്രിക് ലാമർ വിത്ത് സിസ (ലൂഥർ)

  • മികച്ച പ്രൊഡ്യൂസർ - സർക്കട്ട്

  • മികച്ച ഗാനരചയിതാവ് - ആമി അലൻ

SCROLL FOR NEXT