മകൾ ദുവയുടെ രണ്ടാം ജന്മദിനത്തിൽ മറ്റേണിറ്റി ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിംഗും. മകൾ ദുവയ്ക്കും രൺവീറിനുമൊപ്പമുള്ള ദീപികയുടെ മറ്റേണിറ്റി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ദുവ പദുകോൺ സിംഗിന്റെ ഹൃദയം കവരുന്ന ചിരി തന്നെയാണ് ഈ ഫോട്ടോ സീരിസിന്റെ പ്രധാന ആകർഷണം.
ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലുള്ള ചിത്രങ്ങളാണ് താരങ്ങൾ പങ്കുവച്ചത്. ആദ്യ ചിത്രത്തിൽ കൈകൾ കൊണ്ട് മുഖം മറച്ചുപിടിച്ച ദുവയെ രൺവീറും ദീപികയും ചേർത്തുപിടിച്ചിരിക്കുന്നു. മറ്റൊരു ഫോട്ടോയിൽ രൺവീർ ദീപികയുടെ ബേബി ബമ്പിൽ തലോടുന്നതും ദുവ അമ്മയുടെ മാറിൽ തലചായ്ച്ചിരിക്കുന്നതും കാണാം.
"ബേബി ദുവയും ഞങ്ങളുടെ ഹൃദയവും വലുതായിക്കൊണ്ടിരിക്കുകയാണ്! നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദി!, എന്ന് കുറിച്ചുകൊണ്ടാണ് താരങ്ങൾ ഈ ചിത്രങ്ങൾ പങ്കുവച്ചത്.
ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2018ൽ ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ചായിരുന്നു ദീപികയുടെയും രൺവീറിന്റെയും വിവാഹം. 2024 സെപ്റ്റംബറിലാണ് ഇരുവരും ദുവയെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തത്.
ഈ വർഷം ആദ്യമാണ് രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്ന വിവരം താരദമ്പതികൾ പരസ്യമാക്കിയത്. പൊസിറ്റീവ് ടെസ്റ്റ് റിസൾട്ട് കാണിക്കുന്ന ഒരു പ്രെഗ്നൻസി ടെസ്റ്റ് കിറ്റും കയ്യിൽ പിടിച്ചിരിക്കുന്ന കുഞ്ഞ് ദുവയുടെ ചിത്രം ദീപികയും രൺവീറും ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു.