Source: X
ENTERTAINMENT

അന്ന് ആ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങൾ കിട്ടാതിരുന്നപ്പോൾ ആരും പിന്തുണച്ചില്ല, ഇന്ന് 'രായന്' വിമർശനം: ധനുഷ്

ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു ധനുഷ്

Author : ന്യൂസ് ഡെസ്ക്

'രായൻ' സിനിമയ്‌‍ക്ക് മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ധനുഷ്. 'മെയ്യഴഗൻ', 'മഹാരാജ' തുടങ്ങിയ ചിത്രങ്ങൾ 'രായനേക്കാൾ' മികച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ ഉയർന്നത്. ഇത് തുറന്നുസമ്മതിച്ച ധനുഷ് ഒരു തമിഴൻ എന്ന നിലയിൽ തനിക്ക് ലഭിച്ച ദേശീയ പുരസ്കാരങ്ങൾ തള്ളിക്കളയാതെ ആഘോഷമാക്കണമെന്ന് ആരാധകരോടും പ്രേക്ഷകരോടും അഭ്യർത്ഥിച്ചു. ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു താരം.

'പുതുപ്പേട്ടൈ', 'വട ചെന്നൈ', 'കർണൻ', 'മരിയാൻ', 'രാഞ്ചന' തുടങ്ങിയ തന്റെ മികച്ച ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരം ലഭിക്കാതെ പോയപ്പോൾ ആരും ഇതിനെക്കുറിച്ച് സംസാരിച്ചില്ലെന്നും നടൻ ചൂണ്ടിക്കാട്ടി. "രായൻ സിനിമയ്‌ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. തീർച്ചയായും ആ വർഷം അതിലും മികച്ച പടങ്ങൾ ഇറങ്ങിയിരുന്നു. ആ സിനിമകളുടെ ആരാധകർ അവരുടെ അതൃപ്തി അറിയിച്ചു. അത് ഞാൻ പൂർണമായി അംഗീകരിക്കുന്നു. നോക്കൂ, 'അത് ഒരു കനാ കാലം' റിലീസ് ആയപ്പോൾ എനിക്ക് ദേശീയ അവാർഡ് ലഭിക്കുമെന്ന് എല്ലാവരും പറഞ്ഞു. ചെറിയ പയ്യനല്ലേ, ഞാനും വലിയ ആഗ്രഹത്തോടെ കാത്തിരുന്നു. അതിനു ശേഷം 'പുതുപ്പേട്ടൈ'. ആ സിനിമയ്‌ക്കും ദേശീയ അവാർഡ് ലഭിക്കുമെന്ന് പറഞ്ഞു. പക്ഷേ എനിക്ക് ലഭിച്ചില്ല. അതിനു ശേഷം 'ത്രീ', 'മയക്കം എന്ന', 'മരിയാൻ', 'രാഞ്ജന', 'വട ചെന്നൈ'...നിരൂപക പ്രശംസ ലഭിച്ചിട്ടും ഇവയ്‌ക്കൊന്നും അവാർഡ് ലഭിച്ചില്ല. ആ സമയത്ത് ആരും പിന്തുണച്ചില്ല. ചില കാര്യങ്ങൾ സ്വാഭാവികമായി സംഭവിക്കണം. നമ്മൾ എത്ര പരിശ്രമിച്ചിട്ടും കാര്യമില്ല. സിനിമ എങ്ങനെ വന്നാലും, അതിനായുള്ള എന്റെ പരിശ്രമം ആത്മാർഥമായിരുന്നു. ഒരു തമിഴൻ എന്ന നിലയിൽ എനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ കൂടി ലഭിച്ചിരിക്കുന്നു. തട്ടിവിടാതീങ്ക, തട്ടിക്കൊടുങ്ക, ധനുഷ് പറഞ്ഞു.

72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ രണ്ട് അവാർഡുകളാണ് ധനുഷിന് ലഭിച്ചത്. മികച്ച തമിഴ് ചിത്രം ('രായൻ'), അഭിനയം-പ്രത്യേക പരാമർശം ('ക്യാപ്റ്റൻ മില്ലർ') എന്നീ പുരസ്കാരങ്ങളാണ് താരത്തിന് ലഭിച്ചത്. 'ആടു കള'ത്തിലെ അഭിനയത്തിന് 2010ൽ മികച്ച നടനുള്ള പുരസ്കാരം താരത്തെ തേടിയെത്തിയിരുന്നു. 'കാക്കാ മുട്ടൈ', 'വിസാരണൈ' തുടങ്ങിയ സിനിമകളുടെ സഹ നിർമാതാവെന്ന നിലയിലും ധനുഷ് ദേശീയ അവാർഡിന് അർഹനായിട്ടുണ്ട്.

'പവർ പാണ്ടി'യാണ് ധനുഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 'രായൻ', 'ഇഡ്‌ലി കടൈ', 'നിലവിക്ക് എൻ മേൽ ഏനഡി കോപം' എന്നിവയാണ് നടന്റെ സംവിധാനത്തിൽ ഒരുങ്ങിയ മറ്റ് ചിത്രങ്ങൾ. ധനുഷിന്റെ 50ാം ചിത്രമായാണ് 'രായൻ' ആരാധകരിലേക്ക് എത്തിയത്. 2024 ജൂലൈ 26ന് തിയേറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനായിരുന്നു സിനിമയുടെ നിർമാണം. ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ കാളിദാസ് ജയറാം, സുന്ദീപ് കിഷൻ, ദുഷാര വിജയൻ, അപർണ ബാലമുരളി, എസ്.ജെ. സൂര്യ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്. എ.ആർ. റഹ്മാൻ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്.

SCROLL FOR NEXT