വിജയ്‌ക്ക് പിന്നാലെ നടനും സംവിധായകനുമായ ധനുഷും രാഷ്ട്രീയത്തിലേക്ക് എന്ന് സൂചന. ഞായറാഴ്ച ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാംപിൽ പങ്കെടുത്ത് ധനുഷ് നടത്തിയ പ്രസംഗമാണ് അഭ്യൂഹങ്ങൾക്ക് കാരണം. ജീവകാരുണ്യ-ജനക്ഷേമ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ധനുഷ് ആരാധകരോട് അഭ്യർത്ഥിച്ചു. ഇതോടെ, നടൻ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായി.
തിയേറ്ററുകളിലെ ആഘോഷങ്ങൾക്കുമപ്പുറം തങ്ങളുടെ പ്രദേശങ്ങളിൽ ജീവകാരുണ്യ-ജനക്ഷേമ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ധനുഷ് ആരാധകരോട് ആവശ്യപ്പെട്ടത്. ആരാധകക്കൂട്ടായ്മകളെ സാമൂഹിക സേവനത്തിലേക്ക് തിരിച്ചുവിടാനുള്ള ഈ നീക്കം നടന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയാണോ എന്ന സംശയത്തിലാണ് സോഷ്യൽ മീഡിയയും ആരാധകരും.
"ഇത്രയധികം ആളുകൾ ഒരിടത്ത് ഒന്നിച്ചുകൂടിയിരിക്കുന്നു. ഈ ഒരുമയ്ക്ക് വലിയ ശക്തിയുണ്ട്. ആ ഒത്തൊരുമയ്‌ക്കൊരു ലക്ഷ്യം നൽകേണ്ടതുണ്ട്. ഓഡിയോ ലോഞ്ചുകളിലും മീറ്റപ്പുകളിലും മാത്രം ഒതുങ്ങിനിൽക്കാതെ, കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങളിൽ നാം പങ്കാളികളാകേണ്ടതുണ്ട്. നിങ്ങളുടെ പ്രദേശത്തുള്ള ആളുകളുടെയും നിങ്ങളുടെ ചുറ്റും ജീവിക്കുന്ന കുടുംബങ്ങളുടെയും ആവശ്യങ്ങൾ മനസിലാക്കുകയും, സാധ്യമായ എല്ലാ രീതിയിലും അവരെ സഹായിക്കുകയും ചെയ്യുക. നിങ്ങൾക്ക് കഴിയുന്നത്ര സഹായം അവർക്കായി ചെയ്യുക. നിങ്ങളെ ഓർത്ത് എനിക്ക് ഇനിയും കൂടുതൽ അഭിമാനം തോന്നണം. നിങ്ങൾ അത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു," ധനുഷ് ആരാധകരോട് പറഞ്ഞു.
ആരാധക കൂട്ടായ്മയിലൂടെ (വിജയ് മക്കൾ ഇയക്കം) വിജയ് സംഘടിപ്പിച്ച ക്ഷേമപ്രവർത്തനങ്ങളും അതുവഴി നടന് ലഭിച്ച ജനപ്രിയ മുഖവും ചൂണ്ടിക്കാട്ടിയാണ് ധനുഷിന്റെ ഈ പ്രസ്താവനയെ സോഷ്യൽ മീഡിയ രാഷ്ട്രീയ പ്രവേശന സൂചനയായി വ്യാഖ്യാനിക്കുന്നത്. പ്രസംഗത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ധനുഷിനെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നിരവധി പോസ്റ്റുകളാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെടുന്നത്.
അതേസമയം, 'രായൻ' സിനിമയ്‌ക്ക് മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും ധനുഷ് പ്രതികരിച്ചു. 'പുതുപ്പേട്ടൈ', 'വട ചെന്നൈ', 'കർണൻ', 'മരിയാൻ', 'രാഞ്ചന' തുടങ്ങിയ തന്റെ മികച്ച ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരം ലഭിക്കാതെ പോയപ്പോൾ ആരും ഇതിനെക്കുറിച്ച് സംസാരിച്ചില്ലെന്ന് നടൻ ചൂണ്ടിക്കാട്ടി. ഒരു തമിഴൻ എന്ന നിലയിൽ തനിക്ക് ഇത്തവണ ലഭിച്ച രണ്ട് ദേശീയ പുരസ്കാരങ്ങൾ തള്ളിക്കളയാതെ ആഘോഷമാക്കണമെന്നും ആരാധകരോടും പ്രേക്ഷകരോടും ധനുഷ് അഭ്യർത്ഥിച്ചു.