ENTERTAINMENT

ധർമേന്ദ്ര ആശുപത്രി വിട്ടു; നിർണായക വിവരങ്ങൾ പങ്കുവച്ച് ഡോക്ടറും കുടുംബവും

89കാരനായ നടനെ ഒക്ടോബർ 31നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Author : ന്യൂസ് ഡെസ്ക്

മുംബൈ: ബോളിവുഡിലെ ഇതിഹാസ നടൻ ധർമേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്നും ഡിസ്‌ച്ചാർജ് ചെയ്തു. കടുത്ത ശ്വാസതടസത്തെ തുടർന്ന് 89കാരനായ നടനെ ഒക്ടോബർ 31നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

താരം ആശുപത്രി വിട്ടെങ്കിലും വീട്ടിലും ചികിത്സയിൽ തുടരുമെന്ന് ഡോ. പ്രതീത് സംദാനി എൻഡിടിവിയോട് പറഞ്ഞു. ഇന്ന് രാവിലെ 7.30നാണ് ആംബുലൻസിൽ ധർമേന്ദ്രയെ കൊണ്ടുപോയത്. അദ്ദേഹത്തിന് വീട്ടിൽ വച്ച് തന്നെ ചികിത്സ നൽകാമെന്ന ആവശ്യം ബന്ധുക്കളാണ് മുന്നോട്ടുവച്ചതെന്നും ഡോക്ടർ അറിയിച്ചു. ധർമ്മേന്ദ്രയെ ഡിസ്ചാർജ് ചെയ്തതായി അദ്ദേഹത്തിന്റെ കുടുംബവും പ്രസ്താവന ഇറക്കിയിട്ടുണ്ട്.

"ധർമ്മേന്ദ്രജിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അദ്ദേഹത്തിന് വീട്ടിൽ ചികിത്സ തുടരും. ഈ സമയത്ത് കൂടുതൽ ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അദ്ദേഹത്തിൻ്റെയും കുടുംബത്തിൻ്റെയും സ്വകാര്യതയെ മാനിക്കാനും ഞങ്ങൾ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യർഥിക്കുന്നു. എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനകൾക്കും.. അദ്ദേഹത്തിൻ്റെ ആരോഗ്യം, ദീർഘായുസ്സ് എന്നിവയ്ക്കും ഞങ്ങൾ നന്ദി പറയുന്നു. ദയവായി അദ്ദേഹത്തെ ബഹുമാനിക്കുക. കാരണം അദ്ദേഹം നിങ്ങളെ സ്നേഹിക്കുന്നു,"

ചൊവ്വാഴ്ച നിരവധി മാധ്യമങ്ങളാണ് ഇതിഹാസ നടൻ മരിച്ചെന്ന് തെറ്റായ വാർത്ത നൽകിയത്. ഈ റിപ്പോർട്ടുകളെ അപലപിച്ച് ധർമ്മേന്ദ്രയുടെ മകൾ ഇഷ ഡിയോൾ പ്രസ്താവന പുറത്തിറക്കിയിരുന്നു. തൻ്റെ പിതാവ് സുഖം പ്രാപിച്ചുവരുന്നുണ്ടെന്നാണ് നടി അറിയിച്ചത്.

SCROLL FOR NEXT