Dhurandhar is a government embedded film  News Malayalam
ENTERTAINMENT

ധുരന്ധർ: 'അജണ്ട' സെറ്റ് ചെയ്യുന്ന എംബഡഡ് സിനിമയുടെ പുതിയ മുഖം

മറ്റ് പല ഗവൺമെന്‍റ്-എംബഡഡ് സിനിമകളിൽ നിന്നും 'ധുരന്ധർ' വ്യത്യസ്തമാകുന്നത്, അത് വാണിജ്യ സിനിമാ ഘടകങ്ങളെ നന്നായി സംയോജിപ്പിച്ചു എന്നതാണ്.

Author : വിപിന്‍ വി.കെ

'ധുരന്ധർ' എന്ന ചലച്ചിത്രം ബോക്സോഫീസില്‍ ഇന്ത്യന്‍ സിനിമ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. ഓപ്പറേഷൻ ധുരന്ധറിലൂടെ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു അധോലോക ഭീകര ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്ന രൺവീർ സിംഗ് അവതരിപ്പിക്കുന്ന ഇന്ത്യന്‍ ചാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ ഒരു നരേറ്റീവ് സെറ്റിംഗിന് വേണ്ടിയുള്ള നുഴഞ്ഞുകയറ്റമാണ് ഈ ചിത്രം എന്നതാണ് മറ്റൊരു കാര്യം.

അമേരിക്കൻ എഴുത്തുകാരനായ പീറ്റർ മാസ് വിശേഷിപ്പിച്ച "ഗവൺമെന്റ്-എംബഡഡ ഫിലിം മേക്കിംഗ്" എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ചലച്ചിത്ര നിര്‍മ്മാണമാണ് ധുരന്ധറിന്‍റെ കാര്യത്തില്‍ നടന്നിരിക്കുന്നത്. സര്‍ക്കാര്‍ അനുകൂലമായ നരേറ്റീവ് ഉണ്ടാക്കുവാന്‍ സൈനിക/രഹസ്യാന്വേഷണ രേഖകളിലേക്ക് സർക്കാർ പ്രത്യേകം ചിലര്‍ക്ക് പ്രവേശനം നൽകുകയും പിന്നീട് അത് ഉപയോഗിച്ച് ഗവൺമെന്റിന്റെ പ്രത്യയശാസ്ത്രപരമായ ആഖ്യാനങ്ങൾ അതേപടി സിനിമയായോ എഴുത്തായോ പുനർനിർമ്മിക്കപ്പെടുന്നതിനെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. ഇത് ഇന്നത്തെ ഇന്ത്യയിൽ ഒരു പതിവ് പ്രതിഭാസമായി മാറിയിരിക്കുന്നു.

മറ്റ് പല ഗവൺമെന്‍റ്-എംബഡഡ് സിനിമകളിൽ നിന്നും 'ധുരന്ധർ' വ്യത്യസ്തമാകുന്നത്, അത് വാണിജ്യ സിനിമാ ഘടകങ്ങളെ നന്നായി സംയോജിപ്പിച്ചു എന്നതാണ്. സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, കലാസംവിധാനം, അഭിനയം എന്നിവയെ ഗംഭീരമായി ഉപയോഗിച്ചിട്ടുണ്ട് ചിത്രം എന്ന് പറയാതിരിക്കാനാകില്ല. കൂടാതെ പതിവ് ബോളിവുഡ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി അമിതമായ മെലോഡ്രാമ ഒഴിവാക്കി ഇതിൽ കുറച്ച് യാഥാർത്ഥ്യബോധം കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്. ഇത് സംവിധായകൻ ആദിത്യ ധറിനെ സുദീപ്തോ സെൻ (കേരള സ്റ്റോറി), വിവേക് ​​അഗ്നിഹോത്രി (ദി കശ്മീർ ഫയൽസ്, ദി ബംഗാൾ ഫയൽസ്) എന്നീ സംവിധായകരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നുണ്ട്.

ചിത്രത്തിന്റെ രാഷ്ട്രീയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച സിനിമാ നിരൂപകർക്കും നടൻ ഹൃത്വിക് റോഷനെപ്പോലെയുള്ളവർക്കും കടുത്ത ഓൺലൈൻ ആക്രമണങ്ങളും വിദ്വേഷവുമാണ് നേരിടേണ്ടി വന്നത് എന്നതും കാണണം. ശരിക്കും ഈ ചിത്രത്തിന് രണ്ട് തരത്തിലുള്ള പ്രേക്ഷകരുണ്ട്. ഒരു വിഭാഗം ഇത് പ്രൊപ്പഗണ്ട ആണെങ്കിലും അല്ലെങ്കിലും ഇത് ഗംഭീര ചിത്രമാണ് എന്ന് അവകാശപ്പെടുന്നു. അവരെ സംബന്ധിച്ചിടത്തോളം, പാകിസ്ഥാൻ നടത്തിയ യഥാർത്ഥ ഭീകരാക്രമണങ്ങളെയാണ് ചിത്രം ചിത്രീകരിക്കുന്നത്. സിനിമകളിൽ ദേശസ്‌നേഹം കാണിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും, ബോളിവുഡ് ചരിത്രപരമായി പാകിസ്ഥാൻ ഭീകരതയുടെ "യഥാർത്ഥ സത്യങ്ങൾ" മറച്ചുവെച്ച് സമാധാനത്തിന് വേണ്ടി വാദിക്കുന്ന പ്രചരണ സിനിമകളാണ് നിർമ്മിച്ചിട്ടുള്ളതെന്നും അവർ അവകാശപ്പെടുന്നു.

അതുകൊണ്ട് തന്നെ 'ധുരന്ധർ' അവർക്ക് ഒരു "സിനിമാറ്റിക്കായ തിരുത്തലും" "സാംസ്കാരികമായ തിരിച്ചുവരവും ആണ് ". ഹൃത്വിക് റോഷന്റെ പ്രതികരണത്തിന് മറുപടിയായി ഒരാളുടെ പ്രതികരണം ഇങ്ങനെയാണ് "നിങ്ങൾ ക്രൂരനായ അക്ബറെ മഹത്വവൽക്കരിച്ചു ഇന്ന് 'ധുരന്ധറിനെ' പ്രൊപ്പഗണ്ട എന്ന് വിളിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? നാണക്കേട്" എന്നാണ് 2008-ലെ ജോധാ അക്ബർ എന്ന സിനിമയിൽ ഹൃത്വിക് അക്ബറായി അഭിനയിച്ചതിനെ പരാമർശിച്ചായിരുന്നു ഇത്. തീവ്ര ദേശീയതയില്‍ ഊന്നിയുള്ള ഈ വികാരങ്ങൾ ഹിന്ദു തീവ്രവലതുപക്ഷത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്നത് ശ്രദ്ധേയമാണ്.

രണ്ടാമത്തെ വിഭാഗം ചിത്രം ഒരു പ്രൊപ്പഗണ്ടയല്ലെന്ന് വിശ്വസിക്കുന്നവരാണ്. ഹോളിവുഡ് സ്ഥിരമായി പുറത്തിറക്കുന്ന തരത്തിലുള്ള, ദേശീയ കാഴ്ചപ്പാടുള്ള ഒരു സ്പൈ ത്രില്ലർ മാത്രമാണിതെന്നാണ് ഇവരുടെ വാദം. മ്യൂനിച്ച്, ആര്‍ഗോ പോലുള്ള ചിത്രങ്ങള്‍ അവര്‍ ഉദ്ധരിക്കുന്നുണ്ട്. സംഭവങ്ങളെ ധുരാന്ധര്‍ നാടകീയമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും, അത് ഒരു സിനിമ എന്ന നിലയിലുള്ള സ്വാതന്ത്ര്യം മാത്രമാണെന്നാണ് വാദം. എന്നാൽ ഇത് തെറ്റായ ഒരു വായനയാണ്. ഒരു പ്രൊപ്പഗണ്ട പ്രചാരണം അഴിച്ചുവിടുക അത് വലിയ ശബ്ദത്തില്‍ അല്ല നിശബ്ദമായണ്. 'ധുരന്ധറി'ന്റെ പ്രത്യേകത അത് പ്രത്യയശാസ്ത്രപരമായ മുദ്രാവാക്യങ്ങൾ നേരിട്ട് വിളിച്ചുപറയുന്നില്ല എന്നതാണ്, എന്നിട്ടും അത് ഹിന്ദു ദേശീയതയുമായും പ്രത്യേകിച്ച് നിലവിലെ ഗവൺമെന്റിന്റെ നയങ്ങളുമായും കൃത്യമായി ചേർന്നുനിൽക്കുന്നു എന്ന് കാണാം.

കാണ്ഡഹാർ വിമാനം തട്ടിക്കൊണ്ടുപോയ ഭീകരൻ "ഹിന്ദുക്കൾ ഭീരുക്കളാണ്" എന്ന് പറയുന്ന രംഗം ചിത്രത്തിലുണ്ട് (ഇതിന് ചരിത്രപരമായ തെളിവുകളൊന്നുമില്ല). 26/11 ആക്രമണത്തിന്റെ യഥാർത്ഥ ഓഡിയോ ദൃശ്യങ്ങൾ ഭീകരരുടെ ക്രൂരത ഓർമ്മിപ്പിക്കുന്നതിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രൂരമായ കൊലപാതകങ്ങൾ 'അല്ലാഹു അക്ബർ' വിളികളോടെ ആഘോഷിക്കപ്പെടുന്നുണ്ട്. ഭീകരതയെയോ ഇന്ത്യയോടുള്ള ശത്രുതയെയോ എതിർക്കുന്ന ഒരു പാകിസ്ഥാനി മുസ്ലിമിനെ പോലും കാണിക്കാതെ, "മുസ്ലിം പാകിസ്ഥാൻ" വേഴ്സസ് "ഹിന്ദു ഇന്ത്യ" എന്ന ഭീകരരുടെ കാഴ്ചപ്പാട് തന്നെ പ്രേക്ഷകനിലേക്ക് എത്തിക്കുക എന്നതാണ് ചിത്രം ഉദ്ദേശിക്കുന്നത്.

1990-കളിലും 2000-കളിലും പാകിസ്ഥാൻ ഭീകരാക്രമണങ്ങളോട് ഇന്ത്യൻ ഭരണകൂടം കാണിച്ച പ്രതികരണങ്ങള്‍ തീര്‍ത്തും ബലഹീനമാണ് എന്ന് ആർ. മാധവൻ അവതരിപ്പിക്കുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോട് സാമ്യമുള്ള കഥാപാത്രം ഇന്റലിജൻസ് ചീഫ് അജയ് സന്യാല്‍ നിരാശയോടെ ചിത്രത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. 'അമൻ കി ആശ' പോലുള്ള സമാധാന ശ്രമങ്ങൾക്ക് പകരം, ഓപ്പറേഷൻ ധുരന്ധർ പോലുള്ള ആക്രമണാത്മകമായ ഭീകരവിരുദ്ധ നയങ്ങൾക്കാണ് സന്യാൽ വാദിക്കുന്നത്.

കാണ്ഡഹാർ വിമാനം തട്ടിക്കൊണ്ടുപോയപ്പോഴും 2001-ലെ പാർലമെന്റ് ആക്രമണ സമയത്തും അധികാരത്തിലിരുന്ന ബിജെപി സർക്കാരിനെ ചിത്രം നേരിയ തോതിൽ വിമർശിക്കുന്നുണ്ടെങ്കിലും, കടുത്ത വിമർശനം കോൺഗ്രസ്/ബിജെപി ഇതര സർക്കാരുകൾക്ക് നേരെയാണ്. ഒരു കേന്ദ്രമന്ത്രിക്ക് 2005-ലെ പാകിസ്ഥാൻ വ്യാജ കറൻസി റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നുണ്ട് ചിത്രത്തില്‍. ഉത്തർപ്രദേശിലെ അറവുശാലകൾ ഇതിനോട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവയ്‌ക്കെതിരായ നടപടി കലാപത്തിന് കാരണമാകുമെന്നും പറയുന്നു (അറവുശാലകൾ നടത്തുന്നത് ഏത് വിഭാഗമാണെന്ന് പ്രേക്ഷകർക്ക് ഊഹിക്കാൻ വിട്ടുനൽകുന്നു).

ഇന്ത്യയുടെ യഥാർത്ഥ ശത്രുക്കൾ അകത്താണ്, പുറത്തല്ല എന്ന ഹിന്ദുത്വ തീവ്ര ദേശീയവാദികളുടെ 'വിചാരധാര'ചിന്ത ഓര്‍മ്മിപ്പിക്കുന്നു. ഇതിനോട് ചേര്‍ത്ത് വയ്ക്കാവുന്ന ഭയപ്പെടുത്തുന്ന ഒരു പോസ്റ്റ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ കാണുകയുണ്ടായി. ഈ പടം കണ്ട ഒരു തീവ്രവലതുപക്ഷ പ്രൊഫൈല്‍ 140 കോടിയില്‍ ഇത്തരക്കാരായ 40 കോടിയെ 'കളപറിക്കും' പോലെ ഇല്ലാതാക്കിയാലും കുഴപ്പമില്ലെന്നാണ് ഒരാള്‍ അഭിപ്രായപ്പെടുന്നത്. ഈ ചിത്രം മുന്നോട്ട് വയ്ക്കുന്ന വിചാരം വ്യക്തമാക്കുന്നതാണ് ഇത്തരം പോസ്റ്റുകള്‍ എന്ന് വ്യക്തം.

ഭാവിയിൽ ഉത്തർപ്രദേശിലെ ഒരു "ദേശീയവാദി മുഖ്യമന്ത്രിക്ക്" ഉപയോഗിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ തുടരുന്നതിനെക്കുറിച്ച് ചിത്രത്തിൽ പരാമർശമുണ്ട് (ഇത് യോഗി ആദിത്യനാഥിനെ ലക്ഷ്യം വെച്ചുള്ളതാണ്). പ്രധാനമന്ത്രി മോദിയുടെ പ്രശസ്തമായ മുദ്രാവാക്യത്തെ അനുസ്മരിപ്പിക്കുന്ന 'യേ നയാ ഭാരത് ഹൈ, ഘർ മേ ഘുസ്കേ മാർത്താ ഹൈ' (ഇത് പുതിയ ഇന്ത്യയാണ്, ശത്രുവിന്റെ വീട്ടിൽ കയറി അടിക്കും) എന്ന മുദ്രാവാക്യത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. നിലവിലെ ഗവൺമെന്റിന്റെ ശക്തനായ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ പുകഴ്ത്തുന്നതിലൂടെയും, സൈനിക നയങ്ങളെ പ്രശംസിക്കുന്നതിലൂടെയും ഈ ചിത്രം ഒരു രാഷ്ട്രീയ പ്രചരണമായി മാറുന്നു.

'ധുരന്ധറി'ന്റെ വിജയം ബോളിവുഡ് സിനിമാ നിർമ്മാണത്തിന്റെ ദയനീയാവസ്ഥയെയും യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്‌സ് പോലെ ഒരു സ്പൂഫായി പോലും കണക്കിലെടുക്കാന്‍ പറ്റാത്ത സ്പൈ സിനിമകളുടെ ദയനീയ അവസ്ഥ കൂടിയാണ് കാണിക്കുന്നത്. അതിനാൽ, പാകിസ്ഥാൻ ചാരന്മാരുമായി പ്രണയത്തിലാകുന്നതോ ശത്രുവിനെ സഹായിക്കാൻ കൂറുമാറുന്നതോ ആയ ചാരന്മാരെ കാണിക്കുന്ന സിനിമകളേക്കാൾ, രക്തരൂക്ഷിതമായ അക്രമങ്ങളെ മനോഹരമായി ചിത്രീകരിക്കുന്ന 'ധുരന്ധർ' അതിന്റെ ആരാധകർക്ക് കൂടുതൽ ആധികാരികമായി തോന്നും എന്നത് അത്ഭുതമല്ല.

പൊതുജനങ്ങളുടെ ഓർമ്മശക്തി എത്രത്തോളം സെലക്ടീവാണ് എന്നത് 'ധുരന്ധർ' ചർച്ചകൾ വ്യക്തമാക്കുന്നു. ഇത് ബോളിവുഡിന്റെ സാംസ്കാരിക വീണ്ടെടുപ്പാണെന്ന് പലരും അവകാശപ്പെടുമ്പോഴും 1990-കൾ മുതൽ തന്നെ പാകിസ്ഥാൻ, ഭീകരാവാദം ആക്രമണം എല്ലാം ഇത്തരത്തില്‍ തന്നെയാണ് കാണിച്ചിരുന്നത് എന്ന് അനേകം ഉദാഹരണങ്ങളുണ്ട്. അവയില്‍ പലതും വന്‍ ഹിറ്റുകളുമായിരുന്നു.

'ധുരന്ധർ' പുതിയതായി ഒന്നും പറയുന്നില്ല; എന്നാൽ നിലവിലെ ഗവൺമെന്റിന്റെ ആഖ്യാനങ്ങളിൽ പൂർണ്ണമായും മുഴുകിയിരിക്കുന്നതിലൂടെ, അത് "ഗവൺമെന്റ്-എംബഡഡ് ഫിലിം മേക്കിംഗ്" എന്ന വിഭാഗത്തിലെ മറ്റൊരു കൂട്ടിച്ചേർക്കലായി മാറുന്നു എന്നതാണ് സത്യം. എന്നാല്‍ അസാധ്യമായ മേയിക്കിംഗ് ക്വാളിറ്റിയില്‍ ജനത്തെ അത് വിശ്വസത്തിലെടുത്ത് വിജയം നേടുന്നു എന്നതാണ് നേര്.

SCROLL FOR NEXT