എറണാകുളം: മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. മനസിലുള്ളത് മുഖത്ത് കാണിക്കുന്ന ചുരുക്കം ആളുകളിൽ ഒരാളാണ് മുഖ്യമന്ത്രി എന്നാണ് ധ്യാൻ അഭിപ്രായപ്പെട്ടത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുമ്പോഴായിരുന്നു പരാമർശം.
"നമ്മുടെ മുഖ്യമന്ത്രിയെക്കുറിച്ച് രണ്ടുവാക്ക് പറഞ്ഞേ പറ്റൂ. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഞങ്ങൾ ഒരുമിച്ച് ഒരു വേദി പങ്കിട്ടിരുന്നു. മനസിന്റെ സൂചികയാണ് മുഖം എന്ന് പറയാറുണ്ട്. ചില ആളുകളുടെ മനസ്സിലുള്ളത് മുഖത്ത് കാണാൻ പറ്റും. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന ചിലരെ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ മനസിൽ എന്താണോ ഉള്ളത്, അത് അതേപടി മുഖത്ത് കാണിക്കുന്ന ചുരുക്കം ചില ആളുകളിൽ ഒരാളാണ് നമ്മുടെ മുഖ്യമന്ത്രി," ധ്യാൻ പറഞ്ഞു.
'വിസിറ്റർ' സിനിമയുടെ സ്വിച്ചോൺ ചടങ്ങിൽ നടത്തിയ 'മുഖ്യമന്ത്രി' പരാമർശത്തിൽ ധ്യാൻ ശ്രീനിവാസൻ വിശദീകരണവും നൽകി. ഉദ്ഘാടന ചടങ്ങിൽ തന്നോടൊപ്പം പങ്കെടുത്ത ഹൈബി ഈഡൻ എംപിയെ പരാമർശിച്ചുകൊണ്ടായിരുന്നു വിശദീകരണം. നർമം നിറഞ്ഞ ധ്യാന്റെ പ്രസംഗം സദസിൽ ചിരിപടർത്തി.
"മുഖ്യമന്ത്രി ആവണമെന്ന് ഞാൻ പറഞ്ഞതിൽ ഒരു കാമ്പുമില്ല. തമാശയ്ക്ക് അപ്പുറത്തേക്ക് അതൊന്നുമില്ല. ഞാൻ സിഎം ആവണമെന്ന് പറഞ്ഞപ്പോൾ ഹൈബി ഈഡൻ എംപി എന്നെ നോക്കി ചിരിച്ചു. ഇനി ഇവനും കൂടെ വലിഞ്ഞു കയറി വരുമല്ലോ എന്ന് പറഞ്ഞു. നിങ്ങൾ മുഖ്യമന്ത്രി ആവുമ്പോൾ ഞാൻ പ്രതിപക്ഷ നേതാവ് ആയിക്കോളാം. അതുകൊണ്ട് ആ ടെൻഷൻ വേണ്ട എന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്," എന്നായിരുന്നു ധ്യാനിന്റെ വാക്കുകൾ.