രൺവീർ സിംഗും രൺബീർ കപൂറും (പഴയ ചിത്രം) 
ENTERTAINMENT

"രൺവീർ മികച്ച നടൻ..സോറി രൺബീർ"; 'രാമായണ' പ്രീ റിലീസ് ഇവന്റിൽ നിർമാതാവിന് നാക്കുപിഴ, വീഡിയോ വൈറൽ

രസകരമായ കമന്റുകളാണ് ഈ വീഡിയോയ്‌ക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

രൺബീർ കപൂർ, യഷ്, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ' റിലീസിനൊരുങ്ങുകയാണ്. ചിത്രം നവംബർ അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി ഹൈദരാബാദിൽ നടന്ന പ്രീ റിലീസ് ചടങ്ങിൽ പ്രമുഖ തെലുങ്ക് നിർമാതാവ് ദിൽ രാജുവിന് സംഭവിച്ച നാക്കുപിഴയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സംസാരവിഷയം.

ചടങ്ങിൽ സംസാരിക്കവെ 'രാമായണ'യിൽ രാമനായി എത്തുന്ന രൺബീർ കപൂറിന്റെ അഭിനയ മികവിനെ പ്രശംസിച്ച ദിൽ രാജുവിന് ചെറുതായി പേരുമാറിപ്പോയി. രൺബീറിന് പകരം രൺവീർ എന്നാണ് നിർമാതാവ് പറഞ്ഞത്. തെറ്റ് മനസിലായതും ഉടൻതന്നെ അദ്ദേഹം അത് തിരുത്തുകയും ചെയ്തു.

"ഏറ്റവും മികച്ച നടൻ, മികച്ച നായകൻ രൺവീർ സിംഗ് ഗാരു. ക്ഷമിക്കണം, രൺബീർ കപൂർ ഗാരു," എന്നാണ് ദിൽ രാജു പറഞ്ഞത്. നിർമാതാവിന്റെ പ്രസംഗത്തിലെ ഈ ഭാഗം വൈറലാണ്.

പരിപാടിയിൽ രൺബീർ കപൂറും സന്നിഹിതനായിരുന്നു. ദിൽ രാജു രൺവീർ സിംഗിന്റെ പേര് പരാമർശിച്ചയുടൻ ക്യാമറ രൺബീറിന്റെ മുഖത്തേക്ക് ഫോക്കസ് ചെയ്യുന്നത് വൈറൽ വീഡിയോയിൽ കാണാം.

രസകരമായ കമന്റുകളാണ് ഈ വീഡിയോയ്‌ക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. "അബദ്ധത്തിൽ സത്യം പുറത്തുചാടിയതാണ്", "അതുപറഞ്ഞതിന് ശേഷം അദ്ദേഹം ചെറുതായി ചിരിക്കുന്നുണ്ട്" എന്നിങ്ങനെ പലവിധത്തിലുള്ള അഭിപ്രായങ്ങളാണ് ഉപയോക്താക്കൾ പങ്കുവച്ചത്.

രൺബീർ കപൂറിന്റെ കരിയറിലെ വഴിത്തിരിവാകും 'രാമായണ' എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഐമാക്സ് ഉൾപ്പെടെയുള്ള പ്രീമിയം ഫോർമാറ്റുകളിലാണ് ചിത്രം ബിഗ് സ്ക്രീനിൽ എത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി നവംബർ അഞ്ചിന് സിനിമ പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിന്റെ രണ്ടാം ഭാഗം 2027 ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തും.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും ഡിഎൻഇജിയും യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിക്കുന്നതാണ് ചിത്രം. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്.

എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജി ആണ് ചിത്രത്തിന്റെ വിഎഫ്എക്സിന് പിന്നിൽ. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

SCROLL FOR NEXT