കൊച്ചി: 'രാമലീല'യ്ക്ക് ശേഷം ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് 'ബാന്ദ്ര'. ബിഗ് ബജറ്റിൽ ഇറങ്ങിയ ചിത്രത്തിൽ തമന്നയായിരുന്നു നായിക. 35 കോടി ബജറ്റിൽ ഇറങ്ങിയ ചിത്രം രണ്ട് കോടി രൂപയ്ക്ക് താഴെയാണ് കളക്ട് ചെയ്തതെന്ന നിർമാതാവ് വിനായക അജിത്തിന്റെ വാക്കുകളാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്.
"അരുൺ ഗോപി സംവിധാനം ചെയ്ത 'ബാന്ദ്ര'യാണ് ഏറ്റവും കുടുതൽ മനസിനെ വേദനിപ്പിച്ച ചിത്രം. അരുൺ ഗോപിയെ എനിക്ക് പരിചയപ്പെടുത്തിയത് ഡോ അമ്പാടിയാണ്. അദ്ദേഹം പരിചയപ്പെടുത്തുന്ന സമയത്ത് പറഞ്ഞത് 12 കോടിയുടെ പടമാണെന്നാണ്. പിന്നീട് അദ്ദേഹത്തെ മാറ്റിയിട്ടാണ് 17 കോടിയുടെ പടമാക്കിയത്. ഏത് സിനിമയായാലും ബജറ്റ് വരുമ്പോൾ രണ്ട് കോടിയിൽ പുറത്ത് പ്രിന്റ് ആൻഡ് പബ്ലിസിറ്റിയാകും. എത്ര ചെലവ് കുറച്ചാലും ഒന്നര കോടിക്ക് സിനിമ നിൽക്കും.
സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ഞാൻ ലൊക്കേഷനിൽ പോയി എന്റെ കയ്യിൽ സാമ്പത്തികമില്ലെന്ന് പറഞ്ഞു. അജിത്തേട്ടൻ പേടിക്കണ്ട 21 കോടിക്ക് ഈ പടം ഞാൻ തീർക്കുമെന്ന് പറഞ്ഞു. എഴുതി ഒപ്പിട്ട് എനിക്ക് തന്നു. 21 കോടിക്കും സിനിമ തീർന്നില്ല. വീണ്ടും സംവിധായകനുമായി ഇരുന്നു. സിനിമയ്ക്ക് ബിസിനസ് ഉണ്ടെന്നും ഇങ്ങോട്ട് വിളിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് പറഞ്ഞത്. ഇങ്ങനെ പോയാൽ ഭയങ്കര ബുദ്ധിമുട്ടാകും അരുണേ എന്ന് ഞാൻ പറഞ്ഞു. നമ്മൾ വിചാരിക്കുന്നതിന് അപ്പുറത്തേക്ക് സിനിമ പോകുമെന്നാണ് അപ്പോൾ പറഞ്ഞത്. അവസാനം എന്നോട് പറഞ്ഞു 24 കോടിക്ക് തീരുമെന്നാണ്. സിനിമ തീർന്നപ്പോൾ ഏകദേശം 35 കോടി രൂപയായി; പ്രിന്റ് ആൻഡ് പബ്ലിസിറ്റി അടക്കം. എനിക്ക് ആ സിനിമയിൽ നിന്ന് കിട്ടിയത് വെറും മൂന്ന് കോടിക്ക് താഴെയാണ്....സിനിമ ഇതുവരെ വിറ്റും പോയിട്ടില്ല. അത്രയും പണം എനിക്ക് നഷ്ടമായി. അവസാനം ഞാൻ മാത്രം ഒറ്റപ്പെട്ടു, പ്രൊഡ്യൂസർ. ആ സംവിധായകൻ ഇപ്പോഴും പടം ചെയ്യുന്നുണ്ട്. സിനിമ തന്നെ വേണ്ടായെന്ന് മനസുകൊണ്ട് വിചാരിച്ചതാണ്," എന്നാണ് വിനായക അജിത്തിന്റെ വാക്കുകൾ. വിഷയത്തിൽ സംവിധായകൻ അരുൺ ഗോപി പ്രതികരിച്ചിട്ടില്ല.
'ഗഗനചാരി', 'പൊൻമാൻ', 'സർക്കീട്ട്', 'മസ്തിഷ്ക മരണം' എന്നിങ്ങനെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ നിരവധി ചിത്രങ്ങളുടെ നിർമാതാവാണ് വിനായക അജിത്. സൈജു കുറുപ്പ് നായകനാകുന്ന 'ഹരിവരാസനം' ആണ് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അദ്ദേഹം നിർമിക്കുന്ന പുതിയ ചിത്രം. 'സാൾട്ട് മാംഗോ ട്രീ', 'തൃശൂർ പൂരം' എന്നിവയ്ക്ക് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡോ. അമ്പാടി കെ ആണ് രചന. രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.