റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ ദില്‍ജിത് ദോസാഞ്ജ് നായകനായ 'സത്‌ലജ്' ഒടിടി പ്ലാറ്റ്‌ഫോമായ സീ5 ല്‍ നിന്ന് പിന്‍വലിച്ചു. സെന്‍സര്‍ ബോര്‍ഡുമായുള്ള നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് ജൂലൈ 3 ന് ചിത്രം റിലീസ് ചെയ്തത്. ഇതിനു പിന്നാലെയാണ് നാടകീയമായ പിന്‍വലിക്കല്‍.
നേരത്തേ, 'പഞ്ചാബ് 95' എന്ന് പേരിട്ടിരുന്ന ചിത്രം പഞ്ചാബിലെ തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ക്കിടയില്‍ സംസ്ഥാന പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെയും അടിച്ചമര്‍ത്തലുകളെയും കുറിച്ചാണ് പറയുന്നത്.
ചിത്രീകരണം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തോളമാണ് ചിത്രം റിലീസ് ചെയ്യപ്പെടാനാകാതെ വിവാദങ്ങളില്‍ കുരുങ്ങിക്കിടന്നത്. 2022 ലാണ് പഞ്ചാബ് 95 എന്ന പേരില്‍ സിനിമ സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ എത്തിയത്. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് 127 കട്ടുകള്‍ നിര്‍ദേശിച്ചതായി സംവിധായകന്‍ ഹണി ട്രഹാന്‍ ആരോപിച്ചിരുന്നു.
2023 ല്‍ ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന സിനിമ ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. ഒടുവിലാണ് പേര് മാറ്റി സത്‌ലജ് എന്ന പേരില്‍ സീ5 ല്‍ സിനിമ എത്തിയത്.
ദില്‍ജിത് ദോസാഞ്ജിന്റെ കരിയറിലെ ഏറ്റവും മികച്ചത് എന്ന് നിരൂപക പ്രശംസയും രണ്ട് ദിവസത്തിനുള്ളില്‍ സിനിമ സ്വന്തമാക്കിയിരുന്നു. സിഖ് മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു ജസ്വന്ത് സിങ് ഖല്‍റയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
ദില്‍ജിത് ദോസാഞ്ജിനു പുറമെ, കന്‍വല്‍ജീത് സിംഗ്, അര്‍ജുന്‍ രാംപാല്‍, സുവീന്ദര്‍ വിക്കി, ഗീതിക വിദ്യ ഒഹ്ല്യാന്‍ എന്നിവരും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.
സിനിമ പിന്‍വലിച്ച കാര്യം സീ5 ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ പ്രേക്ഷകരില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണങ്ങള്‍ക്കും പ്ലാറ്റ്‌ഫോം നന്ദി പറയുന്നു.
'സത്ലജ്' എന്ന ചിത്രത്തിനും അതിന് പിന്നിലെ സര്‍ഗ്ഗാത്മക വീക്ഷണത്തിനും ഒപ്പം ഉറച്ചു നില്‍ക്കുന്നു. ശക്തമായ കഥപറച്ചിലുകള്‍ക്ക് മനുഷ്യരെ പ്രചോദിപ്പിക്കാനും നിലനില്‍ക്കാനും ദീര്‍ഘകാല സ്വാധീനം ചെലുത്താനും കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. യഥാര്‍ത്ഥവും അര്‍ത്ഥവത്തുമായ ആഖ്യാനങ്ങളെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരാണ്.
നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ 'സത്ലുജ്' ഇന്ത്യയില്‍ ലഭ്യമായിരിക്കില്ല. കൃത്യമായ നിയമനടപടികളിലൂടെയും ഉചിതമായ മാര്‍ഗ്ഗങ്ങളിലൂടെയും ചിത്രം എത്രയും വേഗം ഞങ്ങളുടെ പ്രേക്ഷകരിലേക്ക് തിരികെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ തുടരും. സ്രഷ്ടാക്കളോടും ദൃഢനിശ്ചയത്തോടെയും കലാപരമായ സമഗ്രതയോടെയും ലക്ഷ്യബോധത്തോടെയും പറയുന്ന കഥകളോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധത മാറ്റമില്ലാതെ തുടരും'. സീ 5 പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
സിനിമ പിന്‍വലിച്ചതില്‍ ദില്‍ജിത് ദോസാഞ്ജും പ്രതികരിച്ചിട്ടുണ്ട്, രക്തസാക്ഷിയായ ജസ്വന്ത് സിങ് ഖല്‍റയ്ക്ക് സംഭവിച്ചത് തന്നെയാണ് അദ്ദേഹത്തിന്റെ സിനിമയ്ക്കും സംഭവിച്ചതെന്നാണ് സിനിമയിലെ രംഗത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ ദില്‍ജിത് പറഞ്ഞത്.