ദിൻജിത്ത് അയ്യത്താൻ അഭിമുഖം Source: News Malayalam 24x7
ENTERTAINMENT

'എക്കോ'യിലെ മ്ലാത്തിച്ചേട്ടത്തിക്കായി പലരേയും നോക്കി, കുര്യച്ചന്‍ അന്യ ഭാഷയിൽ നിന്ന് വേണമെന്ന് നിർബന്ധമായിരുന്നു: ദിൻജിത്ത്

നവംബർ 21ന് ആണ് ദിൻജിത്ത് അയ്യത്താൻ ചിത്രം 'എക്കോ' റിലീസ് ആയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഭാഷാഭേദമന്യേ പ്രേക്ഷക മനസ് കീഴടക്കി മുന്നേറുകയാണ് ദിൻജിത്ത് അയ്യത്താൻ-ബാഹുൽ രമേശ് ചിത്രം 'എക്കോ'. കേരളത്തിലെ തിയേറ്ററുകളിൽ തരംഗമായി മാറുകയാണ് ഈ മിസ്റ്ററി ത്രില്ലർ. ബാഹുലിന്റെ എഴുത്തിനും ദിൻജിത്തിന്റെ പരിചരണത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പ്രേക്ഷകര്‍ക്ക് പുതുമ നല്‍കാനാണ് ശ്രമിക്കുന്നതെന്നും 'ക്രോണിക്കള്‍സ് ഓഫ് കുര്യച്ചന്‍' പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ദിന്‍ജിത്ത് ന്യൂസ് മലയാളത്തോട് പറഞ്ഞു.

കോവിഡ് കാലത്ത് തോന്നിയ ഒരു ആശയത്തിൽ നിന്നാണ് ദിന്‍ജിത്ത്- ബാഹുല്‍ കൂട്ടുകെട്ടിന്റെ തുടക്കം. ഏട്ട് ദിവസം കൊണ്ടാണ് ഇരുവരും ചേർന്ന് ആദ്യ ചിത്രം, 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. "ബാഹുലിന്റെ തിരക്കഥകളെല്ലാം മറ്റൊരു ലോകത്തേക്ക് സഞ്ചരിക്കുന്നവയാണ്. അതു കൊണ്ട് തന്നെ ഒരോ തിരക്കഥകളും അത്ഭുതപ്പെടുത്താറാണുള്ളത്," ദിന്‍ജിത്ത് പറഞ്ഞു. 'എക്കോ'യിലെ പല ഭാഗങ്ങളും ചിത്രീകരിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നെങ്കിലും ഛായാഗ്രഹകനും തിരകഥകൃത്തും ഒരാളായതിനാൽ ആശയങ്ങള്‍ പങ്കുവയ്ക്കുന്നത് എളുപ്പമായിരുന്നു എന്നും ദിൻജിത്ത് കൂട്ടിച്ചേർത്തു.

'എക്കോ'യിലെ അഭിനേതാക്കളുടെ പ്രകടനവും മികച്ച അഭിപ്രായമാണ് നേടിയെടുക്കുന്നത്. കഥാപാത്രങ്ങൾക്കായി ഇവരെ തെരഞ്ഞെടുക്കുന്നത് വളരെ പ്രധാനമായിരുന്നു എന്ന് സംവിധായകനും സമ്മതിക്കുന്നു. കുര്യച്ചന്‍ എന്ന കഥാപാത്രത്തെ അന്യ ഭാഷയില്‍ നിന്ന് വേണമെന്ന് നിര്‍ബന്ധമായിരുന്നു. അവസാനമാണ് 'അനിമല്‍' ചിത്രത്തിലെ സൗരഭ് സച്ച്‌ദേവിനെ തെരഞ്ഞെടുത്തത്. അതേപോലെ, മ്ലാത്തി ചേട്ടത്തി എന്ന കഥാപാത്രത്തിനായും പലരേയും നോക്കിയെങ്കിലും ആ റോളിന് യോജ്യമായത് ബിയാന മോമനായിരുന്നു. സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയ സന്ദീപ് വളര്‍ന്നു വരുന്ന നല്ലൊരു നടനാണെന്നും ദിൻജിത്ത് അഭിപ്രായപ്പെട്ടു. 'കിഷകിന്ധാ കാണ്ഡം' എന്നും പ്രിയപ്പെട്ട ചിത്രമായിരിക്കും. സിനിമയിലെ അച്ഛന്‍- മകന്‍ ബന്ധം തന്റെ ജീവിതത്തില്‍ എന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നതാണെന്നും ദിൻജിത്ത് അയ്യത്താൻ പറഞ്ഞു.

നവംബർ 21ന് ആണ് 'എക്കോ' റിലീസ് ആയത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാം നിർമിച്ച 'എക്കോ'യിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്ദീപ് പ്രദീപ് തന്റെ കരിയർ ബെസ്റ്റ് പ്രകടനം നൽകുന്ന 'എക്കോ'യിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഓരോരുത്തരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. മുജീബ് മജീദിന്റെ സംഗീത സംഗീതം, സൂരജ് ഇ.എസിന്റെ എഡിറ്റിങ് സജീഷ് താമരശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു.

SCROLL FOR NEXT