പ്രിയദർശനും ലിസിയും 
ENTERTAINMENT

32 വർഷത്തെ ദാമ്പത്യം, വേർപിരിയൽ, വീണ്ടും ഒത്തുചേരൽ; അന്ന് പിരിഞ്ഞത് എന്തിനെന്ന് വെളിപ്പെടുത്തി പ്രിയദർശൻ

2016ലാണ് ലിസിയും പ്രിയദർശനും വിവാഹമോചിതരായത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ലിസിയുമായുള്ള വിവാഹബന്ധം വേർപിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ. 1990ൽ വിവാഹിതരായ പ്രിയദർശനും ലിസിയും 2016ലാണ് വിവാഹമോചിതരായത്. എന്നാൽ, വർഷങ്ങൾക്ക് ശേഷം ഇവർ വീണ്ടും ഒരുമിച്ചു. ഇപ്പോഴിതാ, എന്തുകൊണ്ടാണ് തങ്ങൾ 10 കൊല്ലത്തോളം വേർപിരിഞ്ഞു ജീവിച്ചതെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ.

"32 വർഷത്തെ ദാമ്പത്യത്തിനിടയിൽ, ഒരുതരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ ഉടലെടുത്തു. അത് അൽപ്പം പ്രയാസകരമായിരുന്നു. അതുകൊണ്ട് വേർപിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾക്ക് തോന്നി. കുറച്ച് വർഷങ്ങൾക്ക് ശേഷം, പരസ്പരം മിസ് ചെയ്യുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസിലായി. അങ്ങനെ ഞങ്ങൾ വീണ്ടും ഒന്നിച്ചു, അത്രമാത്രം. ഒരു കൂട്ട് എന്നത് എപ്പോഴും അത്യാവശ്യമായ ഒന്നാണ്," ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു.

"കംപാനിയൻഷിപ്പ് വളരെ പ്രധാനമാണ്. ഇതിനിടയിൽ എന്തുകൊണ്ട് ഞങ്ങൾ വീണ്ടും കല്യാണം കഴിച്ചില്ലെന്ന് ചോദിച്ചാൽ, അടുത്തത് ഇതിലും കഷ്ടമാകും എന്ന തോന്നലിനാലാണ്. ഞങ്ങൾക്ക് രണ്ടാൾക്കും ആ ചിന്തയുണ്ടായിരുന്നു," പ്രിയദർശൻ കൂട്ടിച്ചേർത്തു.

അടുത്തിടെ മിഡ് ഡേയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ലിസും താനും വീണ്ടും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചതായി പ്രിയദർശൻ വെളിപ്പെടുത്തിയത്. തങ്ങൾ ഒരുമിച്ചാണ് ഇപ്പോൾ ജീവിക്കുന്നതെന്നും എന്നാൽ വീണ്ടും വിവാഹിതരാകാൻ പദ്ധതിയില്ലെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹച്ചടങ്ങിൽ ഇരുവരും ഒരുമിച്ചാണ് പങ്കെടുത്തത്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' എന്ന സിനിമയുടെ ഡബ്ബിങ്ങിനായി നടൻ മമ്മൂട്ടി അടുത്തിടെ ചെന്നൈയിലെ ലിസിയുടെ സ്റ്റുഡിയോ സന്ദർശിച്ചിരുന്നു. മാർച്ച് 16ന് ലിസി, മമ്മൂട്ടിക്കും പ്രിയദർശനുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

SCROLL FOR NEXT