എസ്.എസ്. രാജമൗലി, 'ധുരന്ധർ 2' പോസ്റ്റർ 
ENTERTAINMENT

"ആ സീനിലെ രൺവീർ സിംഗിന്റെ അഭിനയം മാസ്റ്റർക്ലാസ്"; 'ധുരന്ധർ 2'വിന് അഭിനന്ദനങ്ങളുമായി എസ്.എസ്. രാജമൗലി

നാല് മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമ നിർമിക്കാനും റിലീസ് ചെയ്യാനും വലിയ ധൈര്യം വേണമെന്ന് രാജമൗലി

Author : ന്യൂസ് ഡെസ്ക്

രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ ഒരുക്കിയ 'ധുരന്ധർ: ദ റിവഞ്ച്' ഗംഭീര പ്രേക്ഷക പ്രതികരണങ്ങൾ നേടി തിയേറ്ററുകളിൽ നിറഞ്ഞൊടുകയാണ്. കാണികൾ മാത്രമല്ല സിനിമാ പ്രവർത്തകരും 'ധുരന്ധർ' രണ്ടാം ഭാഗത്തെ പ്രശംസകൾ കൊണ്ട് മൂടുകയാണ്. സിനിമ സ്കെയിലിലും ആത്മാവിലും ആദ്യ ഭാഗത്തെ മറികടന്നിരിക്കുന്നുവെന്നാണ് പാൻ ഇന്ത്യൻ സംവിധായകൻ എസ്.എസ്. രാജമൗലി അഭിപ്രായപ്പെട്ടത്.

"എനിക്ക് ധുരന്ധർ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു, എന്നാൽ അതിന്റെ രണ്ടാം ഭാഗമായ 'ദ റിവഞ്ച്' സ്കെയിലിലും ആത്മാവിലും ആദ്യ ഭാഗത്തെ മറികടന്നിരിക്കുന്നു.

ഇതിലെ രചന, അഭിനേതാക്കളുടെ തിരഞ്ഞെടുപ്പ്, സാങ്കേതിക തികവ്, സംഗീതം, വേൾഡ് ഡിസൈൻ, സംവിധാനം എന്നിവയെല്ലാം കുറ്റമറ്റതാണ്. എന്നാൽ സിനിമയെ വേറിട്ടു നിർത്തുന്നത് അതിലെ വികാരങ്ങളുടെ ആഴമാണ്. വൈകാരികമായ പിരിമുറുക്കം സൃഷ്ടിക്കുന്ന തരത്തിൽ പ്ലോട്ട് ട്വിസ്റ്റുകൾ മെനഞ്ഞെടുക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ആദിത്യ ധർ, നിങ്ങൾ ഇതൊരു ഗംഭീര വിജയമാക്കി മാറ്റിയിരിക്കുന്നു. നാല് മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമ നിർമിക്കാനും അത് റിലീസ് ചെയ്യാനും വലിയ ധൈര്യം വേണം. അവസാന ഫ്രെയിം വരെ പ്രേക്ഷകരെ സീറ്റിൽ പിടിച്ചിരുത്താൻ ഇതിന് കഴിയുന്നുണ്ട്.

രൺവീർ സിംഗ്, എന്ത് പ്രകടനമാണിത് സുഹൃത്തേ... ഷെഡിൽ സഹോദരിക്കൊപ്പമുള്ള ആ രംഗം അഭിനയത്തിന്റെ ഒരു മാസ്റ്റർക്ലാസ് തന്നെയാണ്. തുടക്കം മുതൽ ഹൃദയഭേദകമായ ക്ലൈമാക്സ് വരെ ഹംസയായും ജസ്‌കിരതായും നിങ്ങൾ ഞങ്ങളെ വിസ്മയിപ്പിച്ചു.

ആർ. മാധവൻ, ഒരു രാജ്യത്തിന്റെ നിസഹായാവസ്ഥയും നിരാശയും നിങ്ങൾ അത്രമേൽ മനോഹരമായി അവതരിപ്പിച്ചു, നിങ്ങളുടെ വിജയം ഞങ്ങളുടേതായി തന്നെ ഞങ്ങൾക്ക് അനുഭവപ്പെട്ടു.

ഈ വൻ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ!," എന്നാണ് എസ്.എസ്. രാജമൗലി കുറിച്ചത്.

അതേസമയം, സിനിമ പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്നും വിമർശനം ഉയരുന്നുണ്ട്. നോട്ട് നിരോധനം ഉൾപ്പെടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നയങ്ങളെ മഹത്വവത്കരിക്കുകയാണ് ചിത്രം എന്നാണ് വിമർശനം. 'നന്നായി നിർമിക്കപ്പെട്ട പ്രൊപ്പഗണ്ട കൂടുതൽ അപകടകരമാണ്' എന്ന് താൻ പറഞ്ഞത് ഓർമിപ്പിച്ചുകൊണ്ടാണ് പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി സിനിമയ്‌ക്കെതിരെ രംഗത്തെത്തിയത്.

ബി62 സ്റ്റുഡിയോ നിർമിച്ച 'ധുരന്ധർ 2' ജിയോ സ്റ്റുഡിയോ ആണ് അവതരിപ്പിക്കുന്നത്. ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ് ആക്ഷൻ സ്പൈ ത്രില്ലർ നിർമിച്ചിരിക്കുന്നത്. രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

SCROLL FOR NEXT