ലോക പ്രശസ്ത ഗായിക ദുവാ ലിപയും നടന്‍ കല്ലം ടര്‍ണറും വിവാഹിതരായതായി റിപ്പോര്‍ട്ടുകള്‍. ലണ്ടനിലെ ഓള്‍ഡ് മേരിലബോണ്‍ ടൗണ്‍ ഹാളില്‍ തീര്‍ത്തും സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. വിവാഹ വാർത്തകളോട് ദുവ ലിപയോ ടർണറോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഡാനിയല്‍ റോസ്‌ബെറി രൂപകല്‍പ്പന ചെയ്ത സ്‌കിയാപരെല്ലി കോച്ചര്‍ ഡ്രസാണ് ദുവാ ലിപയുടെ വേഷം. ഇതിനൊപ്പം ഇണങ്ങുന്ന ഗ്രൗസുകളും ക്രിസ്റ്റ്യന്‍ ലൂബുട്ടാന്‍ ഷൂസുകളും, സ്റ്റീഫന്‍ ജോണ്‍സ് രൂപകല്‍പ്പന ചെയ്ത ഒരു വലിയ വെള്ള തൊപ്പിയും വധുവിന്റെ ലുക്ക് വ്യത്യസ്തമാക്കി.
ടൗണ്‍ ഹാളില്‍ നിന്നും സുഹൃത്തുക്കള്‍ക്ക് നടുവിലൂടെ കൈകള്‍ കോര്‍ത്ത് ഇറങ്ങി വരുന്ന ദുവാ ലിപയുടേയും കല്ലം ടര്‍ണറിന്റേയും ചിത്രങ്ങളാണിപ്പോള്‍ പ്രചരിക്കുന്നത്. 2024 മുതല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണ്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ബ്രിട്ടീഷ് വോഗിന് നല്‍കിയ അഭിമുഖത്തല്‍ വിവാഹ നിശ്ചയം കഴിഞ്ഞതായി സൂപ്പര്‍ താരം വെളിപ്പെടുത്തിയിരുന്നു. തന്റെ ലോക പര്യടനം കഴിഞ്ഞതിനു ശേഷമായിരിക്കും വിവാഹം എന്നാണ് ദുവ അന്ന് പറഞ്ഞിരുന്നത്.
2024 ജനുവരിയില്‍ ലണ്ടനില്‍ നടന്ന 'മാസ്റ്റേഴ്‌സ് ഓഫ് ദി എയര്‍' ആഫ്റ്റര്‍ പാര്‍ട്ടിയില്‍ ദുവാ ലിപയും ടര്‍ണറും ഒരുമിച്ച് പങ്കെടുത്തതോടെയാണ് പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ആദ്യമായി പ്രചരിച്ചത്.
പിന്നീട് ആ വര്‍ഷം ജൂലൈയില്‍ അവര്‍ തങ്ങളുടെ ബന്ധം ഇന്‍സ്റ്റാഗ്രാമിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിവാഹനിശ്ചയം കഴിഞ്ഞത് തനിക്ക് മുന്നില്‍ തികച്ചും പുതിയൊരു ലോകം തുറന്നുതന്നതായി 2025-ല്‍ ദുവ പറയുകയുണ്ടായി.