ENTERTAINMENT

"ആ സിനിമയുടെ ഡിവിഡി മാത്രമാണ് കോളേജിലേക്ക് പോയപ്പോൾ കൂടെ കരുതിയത്": ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രത്തെപ്പറ്റി ദുൽഖർ സൽമാൻ

മമ്മൂട്ടി അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം

Author : ന്യൂസ് ഡെസ്ക്

മമ്മൂട്ടിയുടെ ചിത്രങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന് വെളിപ്പെടുത്തി മകനും നടനുമായ ദുൽഖർ സൽമാൻ. പുതിയ ചിത്രം 'ഐ ആം ഗെയിമി'ന്റെ തെലുങ്ക് പ്രൊമോഷനിൽ സംസാരിക്കുകയായിരുന്നു താരം. മണിരത്നം സംവിധാനം ചെയ്ത ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ദേവരാജ് എന്ന കഥപാത്രമായാണ് മമ്മൂട്ടി എത്തിയത്. കേന്ദ്ര കഥാപാത്രമായി എത്തിയ രജനികാന്തിനൊപ്പം ജനപ്രീതി നേടിയ കഥാപാത്രമാണിത്.

മമ്മൂട്ടി അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതെന്ന അവതാരകയുടെ ചോദ്യത്തിന് 'ദളപതി' എന്നായിരുന്നു ദുൽഖറിന്റെ ഉത്തരം. "പഠനത്തിനായി നാലുവർഷത്തേക്ക് കോളേജിലേക്ക് പോയപ്പോൾ കൂടെ കൊണ്ടുപോയത് 'ദളപതി'യുടെ ഡിവിഡി മാത്രമാണ്," എന്നും ദുൽഖർ പറഞ്ഞു.

അതേസമയം, ദുൽഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് ഒരുക്കിയ 'ഐ ആം ഗെയിം' സെപ്റ്റംബർ മൂന്നിന് തിയേറ്ററുകളിലേക്ക് എത്തും. അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിന് അകത്തും പുറത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ഇടം നേടിയ ചിത്രം, ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്.

ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രം, ആർഡിഎക്സ് എന്ന സൂപ്പർ വിജയത്തിന് ശേഷം നഹാസ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഐ ആം ഗെയിമി'നുണ്ട്.

SCROLL FOR NEXT