ഫഹദ് ഫാസിൽ 
ENTERTAINMENT

"പേട്രിയറ്റിൽ ഞാൻ വില്ലനാണ്"; ഫഹദ് ഫാസിൽ പറഞ്ഞത് കളിയോ കാര്യമോ?

'പേട്രിയറ്റ്' ടീസറിൽ മോഹൻലാലിനേയും മമ്മൂട്ടിയേയും അവതരിപ്പിച്ചത് ഫഹദിന്റെ നറേഷനോടെയായിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. വൻ താരനിര അണിനിരക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

'പേട്രിയറ്റി'ൽ താൻ വില്ലനാണെന്നാണ് ഫഹദ് ഫാസിൽ വെളിപ്പെടുത്തിയിരിക്കുന്നത്. വർഗീസ് ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ വാർഷികാഘോഷത്തിലാണ് താരം ഈ വമ്പർ അപ്ഡേറ്റ് പുറത്തുവിട്ടത്. എന്നാൽ, ഇത് തമാശയാണോ സത്യമാണോ എന്ന കാര്യത്തിൽ ഉറപ്പില്ല. സിനിമയുടെ ടീസറിൽ മോഹൻലാലിനേയും മമ്മൂട്ടിയേയും അവതരിപ്പിച്ചത് ഫഹദിന്റെ നറേഷനോടെയായിരുന്നു. 'പേട്രിയറ്റ്' സർപ്രൈസുകളും ഫാൻ മൊമന്റുകളും ഉള്ള ചിത്രമാകും എന്ന് നേരത്തെ സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് മോഹൻലാൽ 'പേട്രിയറ്റി'ന്റെ ഡബ്ബിങ് പൂർത്തിയാക്കിയത്. തന്റെ റേഞ്ച് റോവർ കാറിൽ, തരുൺ മൂർത്തി ചിത്രത്തിന്റെ ലുക്കിൽ, ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് മോഹൻലാൽ എത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ഏപ്രിൽ 23ന് തിയേറ്ററുകളിലെത്തും. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവര്‍ക്കൊപ്പം 'മദ്രാസ് കഫേ', 'പത്താന്‍' തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിലുണ്ട്. മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. സുഷിന്‍ ശ്യാമാണ് സംഗീത സംവിധായകന്‍.

SCROLL FOR NEXT