യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ 'ടോക്സിക്' തിരുവോണ ദിനത്തിൽ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ സിനിമാജീവിതത്തിൽ താൻ നേരിട്ട വെല്ലുവിളികളെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായിക ഗീതു മോഹൻദാസ്. 'ലയേഴ്സ് ഡൈസ്', 'മൂത്തോൻ' തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾ ഒരുക്കിയിട്ടും തന്നിൽ ആർക്കും വിശ്വാസമുണ്ടായിരുന്നില്ലെന്നും അടുത്ത ചിത്രത്തിനായി പോരാടേണ്ടിവന്നെന്നും സംവിധായിക പറയുന്നു. യഷ് തന്നിൽ അർപ്പിച്ച വിശ്വസമാണ് മറ്റുള്ളവരേയും അതിന് പ്രേരിപ്പിച്ചതെന്നും ഗീതു.
" 50 ലക്ഷം രൂപയ്ക്കാണ് ഞാൻ 'ലയേഴ്സ് ഡൈസ്' ചിത്രീകരിച്ചത്; 2014ൽ അത് ഓസ്കറിലേക്കും പോയി. എന്നിട്ടും ആരും എന്നെ വിശ്വസിച്ചില്ല, പണവും തന്നില്ല. ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു, അതിനേക്കാൾ കുറച്ചുകൂടി വലിയ ചിത്രമായ 'മൂത്തോൻ' ചെയ്തു. ഇനി എന്നെ ആളുകൾ വിശ്വസിക്കുമെന്ന് വിചാരിച്ചു. പക്ഷേ അതുണ്ടായില്ല. ഞാൻ വീണ്ടും പോരാടി. ഒടുവിൽ, ഈ രാജ്യത്തെ തന്നെ ഏറ്റവും വലിയ താരമായ യഷിനൊപ്പം 'ടോക്സിക്' എന്ന ഏറ്റവും വലിയ സിനിമ ചെയ്തു; അദ്ദേഹം എന്നെ വിശ്വസിച്ചു. യഷ് എന്നെ വിശ്വസിച്ചപ്പോൾ, എല്ലാവരും എന്നെ വിശ്വസിക്കാൻ തുടങ്ങി," ഗീതു മോഹൻദാസ് പറഞ്ഞു.
യഷ് - ഗീതു മോഹൻദാസ് ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റോടെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിരിക്കുന്നത്. സർട്ടിഫിക്കറ്റ് പ്രകാരം, കന്നഡ-ഇംഗ്ലീഷ് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ ദൈർഘ്യം മൂന്ന് മണിക്കൂറും 12 മിനുട്ടുമാണ്. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം.
'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രാജീവ് രവിയാണ് ഛായാഗ്രഹണം.
കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.