ജർമൻ മോഡൽ ലിസ് ലാസ്, വിരാട് കോഹ്‌ലി 
ENTERTAINMENT

"സന്തോഷം തോന്നി, പക്ഷേ...": വിരാടിന്റെ ലൈക്കിൽ വൈറലായ ജർമൻ മോഡൽ; ആരാണ് ലിസ് ലാസ്?

2025ൽ നടി അവ്‌നീത് കൗറിന്റെ ചിത്രം കോഹ്‌ലി ലൈക്ക് ചെയ്തതും വലിയ വാർത്തയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ജർമൻ മോഡലും ഇൻഫ്ലുവൻസറുമായ ലിസ്‌ ലാസ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സംസാരവിഷയം. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ലഭിച്ച ഒറ്റ ലൈക്ക് ആണ് ഇവരെ വൈറൽ താരമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാർ വിരാട് കോഹ്‌ലി ആണ് ലിസിനെ പ്രശസ്തയാക്കിയ ആ ലൈക്കിന് ഉടമ! ആരാണ് ഈ ജർമൻ മോഡൽ എന്ന് തിരഞ്ഞിറങ്ങിയിരിക്കുകയാണ് വിരാട് ആരാധകർ.

പ്രമുഖ ഫാഷൻ -സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അദ്വൈദ് വൈദ്യ എടുത്ത ലിസ് ലാസിന്റെ ചിത്രമാണ് വിരാട് കോഹ്‌ലി ലൈക്ക് ചെയ്തത്. ജനുവരിയിലാണ് അദ്വൈതും ലിസും ചേർന്ന് ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് ആയിരക്കണക്കിന് ലൈക്കുകളും ലഭിച്ചിരുന്നു. എന്നാൽ, വ്യാഴാഴ്ചയോടെ വിരാടിന്റെ ലൈക്ക് അദ്വൈദിന്റെ ശ്രദ്ധയിൽപ്പെട്ടു. ഫോട്ടോഗ്രാഫർ ഇത് സ്റ്റോറികളായി പങ്കുവച്ചു. അതിവേഗമാണ് ഈ സ്റ്റോറികൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

വിരാട് കോഹ്‌ലിയുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ ചർച്ചയാകുന്നത് ഇതാദ്യമല്ല. 2025ൽ നടി അവ്‌നീത് കൗറിന്റെ ചിത്രം കോഹ്‌ലി ലൈക്ക് ചെയ്തതും വലിയ വാർത്തയായിരുന്നു. അന്ന് അത് അൽഗൊരിതത്തിന്റെ പിഴവാകാമെന്നും ഫീഡ് ക്ലിയർ ചെയ്യുന്നതിനിടയിൽ അബദ്ധത്തിൽ സംഭവിച്ചതാകാമെന്നും വിരാട് വിശദീകരിച്ചിരുന്നു.

പുതിയ സംഭവത്തിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ വിരാടിന്റെ ലൈക്കുകളെ പറ്റി മീമുകളും ട്രോളുകളും നിറയുകയാണ്. "വീണ്ടും അൽഗൊരിതം ഗ്ലിച്ച് ആണോ?" എന്നാണ് ചിലർക്ക് അറിയേണ്ടത്. "അനുഷ്ക വീണ്ടും അദ്ദേഹത്തെക്കൊണ്ട് ക്ഷമാപണം നടത്തിക്കണം" എന്ന് പറയുന്നവരുമുണ്ട്. 'ലൈക്ക്' ചർച്ചയായതോടെ വിരാട് പോസ്റ്റ് അൺലൈക്ക് ചെയ്തു.

ഈ അപ്രതീക്ഷിത സംഭവങ്ങളിൽ തനിക്ക് ആദ്യം വലിയ സന്തോഷം തോന്നിയെങ്കിലും പിന്നീട് ഇത് ഇത്ര വലിയ ചർച്ചയായതിൽ വിഷമം തോന്നിയെന്നാണ് ലിസ്‌ ലാസ് പറയുന്നത്.

"സത്യം പറഞ്ഞാൽ എനിക്ക് അദ്ദേഹത്തോട് ഇപ്പോൾ അൽപ്പം പാവം തോന്നുന്നു. അദ്ദേഹം ആ ചിത്രം ലൈക്ക് ചെയ്തതിൽ എനിക്ക് സന്തോഷമുണ്ടായിരുന്നു. എന്നാൽ പിന്നീട് അത് അൺലൈക്ക് ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ എനിക്ക് അദ്ദേഹത്തോട് വിഷമം തോന്നി. ഇതൊരു വലിയ വാർത്തയാകുമെന്ന് ആരും കരുതിയിരിക്കില്ല. ആളുകൾ എങ്ങനെയാണ് ഇത് ഇത്ര വേഗം ശ്രദ്ധിച്ചതെന്നും വാർത്തയാക്കിയതെന്നും എനിക്കറിയില്ല. ഒരുപക്ഷേ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് അത്തരമൊരു ഉദ്ദേശ്യം ഉണ്ടാകില്ലായിരിക്കാം. എങ്കിലും അദ്ദേഹം നൽകിയ ആ സപ്പോർട്ടിന് ഞാൻ നന്ദിയുള്ളവളാണ്," ലിസ്‌ ലാസ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. വാർത്തകളിലൂടെയാണ് താൻ ഈ വിവരം അറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും ലിസ്‌ ലാസ് സംസാരിച്ചു. കഴിഞ്ഞ ഐപിഎൽ സീസണിൽ ബെംഗളൂരുവിലുള്ള സുഹൃത്തുക്കൾക്കൊപ്പമാണ് താൻ കളി കണ്ടുതുടങ്ങിയതെന്നും വിരാട് കോഹ്‌ലിയുടെ ബാറ്റിങ് തനിക്ക് ഏറെ ഇഷ്ടമാണെന്നും അവർ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയിലാണ് ലിസ് ലാസ് ജനിച്ചത്. അമ്മ ജർമൻ സ്വദേശിയും അച്ഛൻ ദക്ഷിണാഫ്രിക്കക്കാരനുമാണ്. ജർമൻ, ആഫ്രിക്കൻ ഭാഷകൾക്ക് പുറമെ ഡച്ച്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് എന്നീ ഭാഷകളും ലിസ്‌ ലാസിന് വഴങ്ങും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഒരു സർട്ടിഫൈഡ് ലൈഫ് സേവിങ് സ്വിമ്മർ കൂടിയാണിവർ.

SCROLL FOR NEXT