നടി ഗിരിജാ ഓക്ക് Source: X
ENTERTAINMENT

"ചിലർ സെക്ഷ്വലൈസ് ചെയ്യാൻ ശ്രമിക്കുന്നു"; നീല സാരിയിൽ വൈറൽ, മനസുതുറന്ന് ഗിരിജ ഓക്ക്

ഹോളിവുഡ് താരങ്ങളോട് ഉൾപ്പെടെ നടിയെ താരമത്യപ്പെടുത്തിയവരുണ്ട്

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നീലസാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച ഒരു യുവതിയുടെ ചിത്രങ്ങൾ എക്സിൽ വൈറലാണ്. ഇതാരാണ് എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം തിരഞ്ഞിറങ്ങി. ഹോളിവുഡ് താരങ്ങളോട് ഉൾപ്പെടെ ഈ യുവതിയെ താരമത്യപ്പെടുത്തിയവരുണ്ട്. സോഷ്യൽമീഡിയ അന്വേഷിക്കുന്ന ഈ നീലസാരിക്കാരി മറാത്തി നടി ഗിരിജ ഓക്ക് ഗോഡ്‌ബോലെയാണ്.

ലല്ലൻടോപ്പ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ ഗിരിജയുടെ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നീല സാരി ലുക്ക് വൈറലായതോടെ ഇന്ത്യയുടെ സ്വിഡ്നി സ്വീനിയെന്നും മോണിക്ക ബലൂച്ചിയെന്നുമാണ് ഗിരിജയെ നെറ്റിസണ്‍സ് വിശേഷിപ്പിക്കുന്നത്. തന്റെ സിനിമകൾ ഇപ്പോൾ ആളുകൾ ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ അതിൽ സന്തോഷവതിയാണെന്ന് പറയുമ്പോൾ തന്നെ വൈറൽ ഫോട്ടോയെ തെറ്റായി ചിത്രീകരിക്കുന്നവരെ നടി വിമർശിക്കുകയും ചെയ്യുന്നു.

ചില സോഷ്യൽ മീഡിയ പേജുകൾ തന്നെ സെക്ഷ്വലൈസ് ചെയ്യുന്നു എന്ന് ഗിരിജ പറയുന്നു. തന്റേത് ഒരു സിനിമാ കുടുംബമാണ്. ആളുകളുടെ ധാരണകളെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് തനിക്ക് അറിയാമെന്നും നടി പറഞ്ഞു. ഒരു പരിധിക്കപ്പുറം താന്‍ കാര്യങ്ങൾ വിശദീകരിക്കാന്‍ നിൽക്കാറില്ലെന്നും ട്രെൻഡുകൾ മാറിവരുമെന്നും ഗിരിജ ഓക്ക് കൂട്ടിച്ചേർത്തു.

'ജവാന്‍' എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട നടി മറാത്തി സിനിമയിൽ സജീവമാണ്. മുതിർന്ന മറാത്തി നടൻ ഗിരീഷ് ഓക്കിന്റെ മകളാണ് നടി. 'താരേ സമീൻ പർ', 'ഷോർ ഇൻ ദി സിറ്റി', 'ക്വാല', 'ദി വാക്സിൻ വാർ' തുടങ്ങിയവയാണ് നടിയുടെ മറ്റ് ചിത്രങ്ങൾ.

നടിയുടെ ഏറ്റവും പുതിയ വെബ് സീരീസ് 'തെറാപ്പി ഷെറാപ്പി' റിലീസിന് ഒരുങ്ങുകയാണ്. ഗുൽഷൻ ദേവയ്യയാണ് സീരീസിലെ നായകൻ. സീരീസിലെ ഇന്റിമേറ്റ് സീന്‍ ചിത്രീകരണത്തിലെ അനുഭവങ്ങളും വൈറൽ അഭിമുഖത്തിൽ നടി പങ്കുവച്ചിരുന്നു. ഗുല്‍ഷനുമായുള്ള രംഗം ഷൂട്ട് ചെയ്തപ്പോള്‍ ഒരുമില്ലിഗ്രാം പോലും അസ്വസ്ഥത അനുഭവപ്പെടില്ല എന്നാണ് നടി പറഞ്ഞത്.

SCROLL FOR NEXT