ENTERTAINMENT

പാട്ട് ഇഷ്ടപ്പെട്ടു, രാത്രി ഒരു മണിക്ക് 'തല'യുടെ പ്രശംസ! 'ഗ്ലാഡിയേറ്റേഴ്സ്' ഡോക്യുമെന്ററിയെപ്പറ്റി ജി.വി. പ്രകാശ്

അജിത് കുമാറിന്റെ പ്രൊഫഷണൽ കാർ റേസിങ് ജീവിതം ആസ്പദമാക്കിയാണ് 'ഗ്ലാഡിയേറ്റേഴ്സ്' ഒരുങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്

തമിഴ് സൂപ്പർ താരം അജിത് കുമാറിന്റെ പ്രൊഫഷണൽ കാർ റേസിങ് ജീവിതം ആസ്പദമാക്കി എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന 'ഗ്ലാഡിയേറ്റേഴ്സ്' എന്ന ഡോക്യുമെന്ററിയുടെ സംഗീതാനുഭവങ്ങൾ പങ്കുവച്ച് ജി.വി. പ്രകാശ് കുമാർ. തന്റെ പുതിയ ചിത്രമായ 'ഇമ്മോർട്ടലി'ന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ജി.വി. പ്രകാശ് ഈ അനുഭവം പങ്കുവച്ചത്. ഡോക്യുമെന്ററിയുടെ ട്രെയ്‌ലറിന്റെയും മറ്റ് ഭാഗങ്ങളിലെയും സംഗീതം കേട്ട് ഇഷ്ടപ്പെട്ട അജിത്, രാത്രി ഒരു മണിക്ക് തന്നെ വിളിച്ച് നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തുവെന്ന് സംഗീത സംവിധായകൻ.

"ജി.വി, എനിക്ക് വളരെ സന്തോഷമുണ്ട്. ട്രെയ്‌ലറിലെയും ചിത്രത്തിലെയും സംഗീതം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നിങ്ങൾ എല്ലാവരും ഒന്നിച്ചുചേർന്ന് വളരെ ആത്മാർത്ഥതയോടെയാണ് ഇതിൽ പ്രവർത്തിച്ചിരിക്കുന്നത്. ഞാൻ നിങ്ങളെ അഭിമാനിതരാക്കും," അജിത്തിന്റെ വാക്കുകൾ ജി.വി പ്രകാശ് ഓർത്തെടുത്തു. ഈ സംഭാഷണത്തിന് ശേഷം തനിക്ക് രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞില്ലെന്നും 'ഗ്ലാഡിയേറ്റേഴ്സ്' തനിക്ക് പുതിയ ഒരു അനുഭവമായിരുന്നു എന്നും സംഗീത സംവിധായകൻ പറഞ്ഞു.

ശാലിനി അജിത്കുമാറിന്റെ ഗോൾഡൻ ട്രോഫി ഫിലിം പ്രൊഡക്ഷൻ ആണ് 'ഗ്ലാഡിയേറ്റേഴ്സ്' നിർമാണം. അജിത് കുമാർ സ്പോർട്സ് സർവീസസ് എൽഎൽസി ആണ് ചിത്രം അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഡോക്യുമെന്ററിയുടെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അടുത്ത വർഷം മെയ് ഒന്നിന്, അജിത്തിന്റെ 56ാം ജന്മദിനത്തിൽ ചിത്രം റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ഡോക്യുമെന്ററിയുടെ ട്രെയ്‌ലറിന് യുഎ 13+ സർട്ടിഫിക്കേഷൻ ആണ് ലഭിച്ചിരിക്കുന്നത്.

SCROLL FOR NEXT