സിനിമയുടെ റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പുറത്തുവന്ന ട്രെയിലറിൽ നിന്നുതന്നെ, തങ്ങൾ ഒരുക്കുന്ന സിനിമയുടെ ഉള്ളടക്കത്തിലുള്ള അണിയറപ്രവർത്തകരുടെ അടിയുറച്ച ആത്മവിശ്വാസം വ്യക്തമായിരുന്നു. ഇതിനകം അഞ്ച് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, 'ഹെയ്ൽ മേരി'യിലൂടെ ആ വിജയം വീണ്ടും ആവർത്തിക്കുകയാണ്. ആദ്യ നിമിഷം മുതൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന, വെറുമൊരു ത്രില്ലർ എന്നതിലുപരി ഉള്ളടക്കത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന മികച്ച സിനിമാനുഭവമായി 'ഹെയ്ൽ മേരി' മാറുന്നുണ്ട്.
നവാഗതനായ വിഷ്ണു രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപന്റെ കഥയ്ക്ക് ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ മധുവിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. 23 വർഷങ്ങൾക്ക് മുമ്പ് മധു അറിയാതെ ഒരു കേസിന്റെ ഭാഗമാകുന്നു. വർഷങ്ങൾക്ക് ശേഷം ആ കേസ് വീണ്ടും മധുവിന്റെ ജീവിതത്തിലേക്ക് എത്തുന്നതും, അത് തെളിയിക്കേണ്ടത് മധുവിന്റെ കൂടി ആവശ്യമായി മാറുന്നതുമാണ് കഥയുടെ കാതൽ. തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളും മധു നേരിടുന്ന പ്രതിസന്ധികളുമെല്ലാം വളരെ ആകാംക്ഷയോടെയാണ് സിനിമ അവതരിപ്പിക്കുന്നത്.
സിനിമയുടെ ഏറ്റവും പ്രധാന നായകനെക്കുറിച്ച് പറഞ്ഞ് തന്നെ തുടങ്ങണം — അത് തിരക്കഥയാണ്. ഒരു നല്ല തിരക്കഥ ഒരു കഥയെ എങ്ങനെ മികച്ച സിനിമയാക്കി മാറ്റും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് 'ഹെയ്ൽ മേരി'.
അഭിനേതാക്കളുടെ പ്രകടനങ്ങളിലേക്ക് വരാം. കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച മധു അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി മാറുന്നുണ്ട്. മധു അനുഭവിക്കുന്ന സംഘർഷം, നിസ്സഹായത, ഭയം എന്നിവയോടൊപ്പം മധുവിന് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുതെന്ന തോന്നലും പ്രേക്ഷകരിലുണ്ടാകും.
അടുത്തത് സുരാജ് വെഞ്ഞാറമൂടാണ്. സുരാജ് അവതരിപ്പിക്കുന്ന സിബി എന്ന കഥാപാത്രത്തിലൂടെയാണ് കഥ തുടങ്ങുന്നത്. സിബിയും മകളും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ആദ്യ മിനിറ്റുകളിലെ പ്രധാന ആകർഷണം. കരിയറിൽ ഇതിനകം ഒട്ടേറെ മികച്ച റോളുകൾ ചെയ്തിട്ടുള്ള സുരാജിന്റെ സിബി, കാണുന്നവരിൽ വല്ലാത്തൊരു വിങ്ങലുണ്ടാക്കുന്നുണ്ട്. 'ആക്ഷൻ ഹീറോ ബിജു', 'ഒരു യമണ്ടൻ പ്രേമകഥ', 'വികൃതി' എന്നീ സിനിമകളിലെ ചില രംഗങ്ങളിൽ കണ്ട സുരാജ് വെഞ്ഞാറമൂട് എന്ന നടനെ നമുക്കറിയാം; ഒരുപക്ഷേ അതിനെയെല്ലാം മറികടക്കുന്ന, സിനിമയിലെ ആ പ്രധാന രംഗം വലിയൊരു കയ്യടി അർഹിക്കുന്നുണ്ട്. വളരെ കുറച്ച് രംഗങ്ങൾ കൊണ്ട് സിബി ഉണ്ടാക്കിയ സ്വാധീനം വാക്കുകൾക്ക് അതീതമാണ്.
സിനിമയിൽ വിനയ് ഫോർട്ട്, സുഹാസിനി, ഹക്കീം, ജഗദീഷ് എന്നിവരും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. സുഹാസിനിയുടെ മലയാള സിനിമയിലെ അടുത്ത കാലത്തെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് 'ഹെയ്ൽ മേരി'യിലേത്. ചിത്രത്തിൽ ഭാഗമായ രണ്ട് കുട്ടികളും തങ്ങളുടെ വേഷങ്ങൾ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
സിനിമയുടെ ഈ മികച്ച അനുഭവത്തിന് പിന്നിലെ സാങ്കേതിക വിഭാഗത്തിനും വലിയൊരു കയ്യടി നൽകണം. ജേക്സ് ബിജോയ് എന്ന സംഗീത സംവിധായകന്റെ മികച്ച വർക്കായി 'ഹെയ്ൽ മേരി' മാറുന്നുണ്ട്. സിനിമയുടെ പല സന്ദർഭങ്ങളിലും ജേക്സ് ഒരുക്കുന്ന പശ്ചാത്തലസംഗീതം ചിത്രത്തിന്റെ പ്രധാന ഘടകമായി മാറുന്നു. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ മൂഡ് പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കുന്നതിൽ ഛായാഗ്രഹണം വലിയ പങ്കുവഹിക്കുന്നുണ്ട്. ചമൻ ചാക്കോയുടെ എഡിറ്റിംഗും സിനിമയുടെ ഒഴുക്കിനെ കൃത്യമായി സഹായിച്ചു.
കഥാപാത്രങ്ങളുടെ പ്രവചനാതീത സ്വഭാവമാണ് സിനിമയെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. 'ഹെയ്ൽ മേരി'യെ വേറിട്ടു നിർത്തുന്നതും ഇതുതന്നെയാണ്; പ്രത്യേകിച്ച് ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ. സിനിമ ഇനി എങ്ങോട്ട്,എന്ത് എന്ന് തോന്നിപ്പിക്കുന്ന ഘട്ടത്തിലാണ് കഥാപാത്രങ്ങൾ പോലും പ്രവചിക്കാനാവാത്ത വിധം മാറുന്നത്.
ഒരേസമയം 'ഹെയ്ൽ മേരി' മികച്ചൊരു ത്രില്ലറാണ്. ധാരാളം വിശദാംശങ്ങളും പോലീസ് പദങ്ങളും മിസ്റ്ററിയും നിറഞ്ഞ ചിത്രം. അതോടൊപ്പം ഹൃദ്യമായ ബന്ധങ്ങളുടെ കഥയും സിനിമ പറയുന്നുണ്ട്. അച്ഛൻ-മകൾ, ചേച്ചി-അനിയത്തി, സൗഹൃദങ്ങൾ, പ്രണയം എന്നിങ്ങനെ മനോഹരമായ ബന്ധങ്ങളുടെ കഥയും ഇതിൽ ഇഴചേർന്നിരിക്കുന്നു. മികച്ച പ്രകടനങ്ങളുടെ ഒരു നിര തന്നെയാണ് ചിത്രത്തിലുള്ളത്. ഇതിൽ ഭാഗമായ എല്ലാവർക്കും കരിയറിൽ എടുത്തുപറയാൻ സാധിക്കുന്ന പ്രധാന ചിത്രമായി 'ഹെയ്ൽ മേരി' മാറും എന്നതിൽ സംശയമില്ല.
എന്നും നല്ല സിനിമകൾ സമ്മാനിച്ചിട്ടുള്ള മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ മറ്റൊരു മികച്ച ചിത്രം കൂടിയാവുകയാണ് 'ഹെയ്ൽ മേരി'. അതോടൊപ്പം 2026-ലെ ഏറ്റവും മികച്ച മലയാള ചിത്രങ്ങളുടെ പട്ടികയിലും 'ഹെയ്ൽ മേരി'ക്ക് ഉറപ്പായും ഇടമുണ്ടാകും.