ENTERTAINMENT

450 കോടി കളക്ഷൻ നേടിയിട്ടും ബോളിവുഡിന് മിണ്ടാട്ടമില്ല! വമ്പൻ സ്റ്റുഡിയോകൾക്കെതിരെ തുറന്നടിച്ച് ‘ഹനുമാൻ അംശ്’ സംവിധായകൻ

ഇപ്പോഴിതാ ചിത്രം നവംബർ 27ന് സോണി ലിവിലൂടെ ഒടിടിയിലേക്കും എത്തുകയാണ്. എന്നാൽ ഇത്ര വലിയ വിജയം നേടിയിട്ടും ബോളിവുഡിലെ പ്രമുഖ നിർമാണക്കമ്പനികളൊന്നും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയില്ലെന്നാണ് സംവിധായകന്റെ പരാതി.

Author : ന്യൂസ് ഡെസ്ക്

വമ്പൻ താരങ്ങളോ കോടികളുടെ ബജറ്റോ പ്രമുഖ നിർമാണക്കമ്പനികളുടെ പിന്തുണയോ ഇല്ലാതെ ഒരു സിനിമയ്ക്ക് ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ‘ഹനുമാൻ അംശ്’. ആത്മീയഗുരു നീം കരോളി ബാബയുടെ ജീവിതത്തെ ആസ്പദമാക്കി വിശാൽ ചതുർവേദി സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 450 കോടിയിലധികം രൂപയാണ് നേടിയത്. ഇപ്പോഴിതാ ചിത്രം നവംബർ 27ന് സോണി ലിവിലൂടെ ഒടിടിയിലേക്കും എത്തുകയാണ്. എന്നാൽ ഇത്ര വലിയ വിജയം നേടിയിട്ടും ബോളിവുഡിലെ പ്രമുഖ നിർമാണക്കമ്പനികളൊന്നും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയില്ലെന്നാണ് സംവിധായകന്റെ പരാതി.

വലിയ താരങ്ങളുണ്ടെങ്കിൽ മാത്രമേ സിനിമ വിജയിക്കൂ എന്ന ധാരണ ‘ഹനുമാൻ അംശ്’ തിരുത്തിയെന്നാണ് വിശാൽ പറയുന്നത്. പ്രേക്ഷകരാണ് ഒരു സിനിമയുടെ വിജയപരാജയങ്ങൾ തീരുമാനിക്കേണ്ടതെന്നും നിരൂപകരോ സോഷ്യൽ മീഡിയയോ അല്ല അതിന് അവസാന വാക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ വിജയത്തിന് വലിയ ബജറ്റല്ല, നല്ല കഥയും പ്രേക്ഷകരുടെ പിന്തുണയുമാണ് പ്രധാനമെന്നും സംവിധായകൻ പറയുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പ്രമുഖ നിർമാണക്കമ്പനികളിൽ നിന്ന് ഒരു അഭിനന്ദനക്കുറിപ്പോ പ്രസ്താവനയോ പോലും ഉണ്ടായില്ലെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാൽ നടൻ വരുൺ ധവാനും ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും ഉൾപ്പെടെയുള്ളവർ ചിത്രത്തെ പരസ്യമായി അഭിനന്ദിച്ചെന്നും വിശാൽ പറഞ്ഞു.

സിനിമകളുടെ ബജറ്റ് നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 200 കോടി രൂപ മുടക്കി സിനിമയെടുക്കുമ്പോൾ കുറഞ്ഞത് 400 കോടി രൂപയെങ്കിലും തിരിച്ചുകിട്ടിയില്ലെങ്കിൽ അത് പരാജയമായി കണക്കാക്കപ്പെടും. അതുകൊണ്ട് തന്നെ സിനിമയുടെ കഥയ്ക്കൊപ്പം നിക്ഷേപവും വരുമാനവും കൃത്യമായി കണക്കാക്കണമെന്നും വിശാൽ അഭിപ്രായപ്പെട്ടു. അതേസമയം, രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ അഭിനയിച്ച നിതേഷ് തിവാരിയുടെ ‘രാമായണം’ ഇതുവരെ കണ്ടിട്ടില്ലെന്നും കാണാൻ ഏറെ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഹനുമാൻ അംശ് 2’ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിർമാതാക്കൾക്കിടയിലെ തർക്കങ്ങൾ കാരണം രണ്ടാം ഭാഗത്തിന്റെ ജോലികൾ ഇതുവരെ തുടങ്ങിയിട്ടില്ല. എല്ലാ നിർമാതാക്കളും ഒരുമിച്ചിരുന്ന് തീരുമാനമെടുത്ത ശേഷമായിരിക്കും തുടർഭാഗത്തിന്റെ കാര്യത്തിൽ പ്രഖ്യാപനമെന്നും വിശാൽ വ്യക്തമാക്കി. അതേസമയം, കവി-സന്യാസിയായ തുളസീദാസിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക്കിന്റെ തിരക്കിലാണ് സംവിധായകൻ. ‘രാംബോല’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രവും ഒരു ഭക്തിനിർഭരമായ സിനിമയായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

SCROLL FOR NEXT