താൻ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടൻ വിജയ് വർമ. റിയ ചക്രബർത്തിക്കൊപ്പമുള്ള പോഡ്കാസ്റ്റിലായിരുന്നു താരത്തിൻ്റെ വെളിപ്പെടുത്തൽ.
തൻ്റെ വൈകാരികമായ പോരാട്ടങ്ങൾ വളരെ നേരത്തെ തന്നെ അച്ഛനുമായുള്ള പ്രക്ഷുബ്ധമായ ബന്ധത്തിൽ നിന്ന് തുടങ്ങിയിരുന്നതായും വിജയ് പറയുന്നു. 'ആദ്യമൊക്കെ അദ്ദേഹത്തോടുണ്ടായിരുന്ന ആരാധന പതുക്കെ അകൽച്ചയിലേക്ക് വഴിമാറുകയായിരുന്നു. അദ്ദേഹം എന്നെ സ്നേഹിച്ചിരുന്നുവെങ്കിലും എനിക്ക് വേണ്ടാത്ത പലതുമാണ് അദ്ദേഹം എന്നിൽ നിന്നാഗ്രഹിച്ചത്. എൻ്റെ കരിയർ, എൻ്റെ സുഹൃത്തുക്കൾ, എൻ്റെ സമയം ചെലവഴിക്കുന്നതു പോലും അങ്ങനെയായിരുന്നു' വിജയ് പോഡ്കാസ്റ്റിൽ പങ്കുവെച്ചു.
ഇതിനെ തുടർന്ന് ഒടുവിൽ വീട് വിട്ടിറങ്ങിയതായും തുടർന്നുള്ള വർഷങ്ങൾ പോരാട്ടങ്ങളുടേതായിരുന്നുവെന്നും വിജയ് വെളിപ്പെടുത്തി. 'ഗള്ളി ബോയ് റിലീസ് ആയതോടെ നിരവധി അവസരങ്ങൾ തേടിയെത്തി. ഒരാഴ്ചയ്ക്കുള്ളിൽ മിർസാപൂർ ആരംഭിച്ചു, ഒന്നിനു പിറകെ ഒന്നൊന്നായി അവസരങ്ങളെത്തി. ജീവിതം വളരെ മനോഹരമാണെന്ന് തോന്നി. എനിക്ക് എന്നെ കുറിച്ച് പോലും ആലോചിക്കാൻ സമയമില്ലാതെയായി. ഞാൻ തുടർച്ചയായി സിനിമകളും, കഥാപാത്രങ്ങളും ആർട്ടും ചെയ്തുകൊണ്ടിരുന്നു. ഞാനെൻ്റെ ജീവിതത്തിലെ ഏറ്റവും നല്ല വേർഷനാണ് ജീവിച്ചു കൊണ്ടിരിക്കുന്നതെന്ന് തോന്നി. അവിടെ എല്ലാം നിശ്ചലമാവുകയായിരുന്നു'.
കൊറോണ സമയത്ത് മുംബൈയിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കായതോടെയാണ് താൻ വർഷങ്ങളായി അവഗണിച്ചു കൊണ്ടിരുന്ന തൻ്റെ തന്നെ ഭാഗങ്ങളെ മനസ്സിലാക്കി തുടങ്ങിയതെന്നും വിജയ് പറയുന്നു. 'എൻ്റെ സോഫയിൽ നിന്നും നാലു ദിവസത്തേക്ക് എഴുന്നേൽക്കാൻ പോലും കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് അപ്പോൾ മനസ്സിലായിരുന്നില്ല'
ആ സമയത്ത് തനിക്ക് ഏറെ സഹായമായത് ആമിർഖാൻ്റെ മകൾ ഇറയും നടൻ ഗുൽഷനുമായിരുന്നുവെന്നും വിജയ് വെളിപ്പെടുത്തി. 'എൻ്റെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അവളാണ് എന്നോട് ആദ്യം പറഞ്ഞത്. സൂമിൽ അവൾ എനിക്കൊപ്പം വ്യായാമം ചെയ്യുമായിരുന്നു. പിന്നീട് ഒരു തെറാപ്പിസ്റ്റിനോട് സംസാരിച്ചപ്പോഴാണ് എനിക്ക് കടുത്ത വിഷാദരോഗവും ഉത്ക്കണ്ഠയുമുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്. പിന്നീട് യോഗയും തെറാപ്പിയും ചെയ്യാൻ തുടങ്ങി. മണിക്കൂറുകളോളം ഞാൻ യോഗ മാറ്റിൽ കിടന്ന് കരയുമായിരുന്നു. വീടു വിട്ടു പോന്ന കുറ്റബോധം എന്നെ എല്ലാക്കാലത്തും വേട്ടയാടിയിരുന്നു' - വിജയ് പറഞ്ഞു
പുരുഷന്മാർ പൊതുവെ തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് വളരെ അപൂർവമായി മാത്രമാണ് സംസാരിക്കാറ്. എന്നാൽ അതിനെക്കുറിച്ച് തുറന്നു സംസാരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും വിജയ് പറഞ്ഞു.