വിർജിൻ ഓഫ് ക്വാറി ലേക്ക് Source: X
ENTERTAINMENT

ഐഎഫ്എഫ്കെയിൽ ലാറ്റിനമേരിക്കൻ സിനിമാ വസന്തം; മുഖ്യ ആകർഷണം ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’

ലാറ്റിനമേരിക്കൻ വിഭാഗത്തിലുള്ളത് സാമൂഹിക-വൈയക്തിക പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന അഞ്ച് മികച്ച ചിത്രങ്ങൾ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: 30ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്കെ) ലാറ്റിനമേരിക്കൻ വിഭാഗത്തിലുള്ളത് സാമൂഹിക-വൈയക്തിക പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന അഞ്ച് മികച്ച ചിത്രങ്ങൾ. അന്താരാഷ്ട്ര മേളകളിൽ അംഗീകാരം നേടിയ ഈ സിനിമകൾ മലയാളികൾക്ക് പ്രിയങ്കരമായ ലാറ്റിൻ അമേരിക്കയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പശ്ചാത്തലങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുന്നവയാണ്.

അർജന്റീനൻ സംവിധായിക ലോറ കസബെയുടെ ‘ദി വിർജിൻ ഓഫ് ദി ക്വാറി ലേക്ക്’ ആണ് ഈ വിഭാഗത്തിലെ മുഖ്യ ആകർഷണം. 2001ൽ അർജൻ്റീനയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, കൗമാരക്കാരായ മൂന്ന് പെൺകുട്ടികളുടെ കഥ പറയുന്ന കമിങ് ഓഫ് ഏജ് ഹൊറർ ചിത്രമാണിത്. ചിത്രം സൺഡാൻസ് ചലച്ചിത്രമേളയിലും 26ാമത് ബിഎഎഫ്ഐസിഐ ഫെസ്റ്റിവലിലും പ്രദർശിപ്പിക്കുകയും ഗ്രാൻഡ് ജൂറി പ്രൈസ് നേടുകയും ചെയ്തു.

പെറു സംവിധായകൻ ഫ്രാൻസിസ്കോ ജെ ലൊംബാർഡിയുടെ ‘ഇൻസൈഡ് ദി വുൾഫ്’ (എൽ കോറസോൺ ഡൽ ലോബോ) ആമസോൺ വനമേഖലയിൽ സംഭവിക്കുന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

സായുധ, ഗറില്ല സംഘടനയായ ‘ഷൈനിങ് പാത്ത്’ തട്ടിക്കൊണ്ടുപോയ അക്വിലസ് എന്ന ആമസോണിലെ ആദിവാസി ബാലന്റെ അതിജീവനവും സ്വത്വബോധത്തിനായുള്ള പോരാട്ടവുമാണ് പ്രമേയം.

സ്വത്വം, കുടിയേറ്റം, കുടുംബബന്ധങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണ് സിസിലിയാ കാങ്ഗിന്റെ ‘എൽഡർ സൺ’. കൊറിയൻ-അർജന്റീനിയൻ വംശജയായ ലീല എന്ന യുവതിയുടെ സ്വത്വ പ്രതിസന്ധിയും, 18 വർഷം മുമ്പ് പുതിയ സ്വപ്നം തേടി ലാറ്റിനമേരിക്കയിൽ എത്തിയ അവളുടെ അച്ഛന്റെ ഭൂതകാലവുമാണ് ഇതിൽ മാറിമാറി വരുന്നത്. ലൊക്കാർണോ ചലച്ചിത്രമേളയിൽ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്.

ലൂസിയാന പിയാന്റാനിഡയുടെ ‘ഓൾ ദി സ്‌ട്രെങ്ത്’ എന്ന ചിത്രം, തന്റെ കഴിവുകൾ സൂപ്പർ പവറുകളായി വികസിപ്പിച്ചെടുത്ത സ്ത്രീകളെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുന്ന മാർലിൻ എന്ന യുവതിയുടെ കഥയാണ്. 26ാമത് ബിഎഎഫ്ഐസിഐ ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരം നേടി. വെറോണിക്ക പെറോട്ടയുടെ ‘ക്യുമാഡുറ ചൈന’യും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ സാമൂഹികവും രാഷ്ട്രീയവും വൈകാരികവുമായ ഭൂമികകളെക്കുറിച്ചുള്ള ശക്തമായ കാഴ്ചകൾ ഈ ചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകും.

SCROLL FOR NEXT