2026ൽ ഏറ്റവും കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകൾ Source: X
ENTERTAINMENT

'ദൃശ്യം 3' എവിടെ? 2026ൽ ഏവരും കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റുമായി ഐഎംഡിബി

ഒരു മലയാള ചിത്രം മാത്രമാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്

Author : ശ്രീജിത്ത് എസ്

കൊച്ചി: ബിഗ് ബജറ്റ് സൂപ്പർ താര ചിത്രങ്ങൾ മുതൽ ചെറുതും വലുതുമായ നിരവധി സിനിമകളാണ് 2026ൽ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്നത്. പാൻ ഇന്ത്യൻ തലത്തിലാണ് മിക്ക സിനിമകളും അണിയറപ്രവർത്തകർ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, 2026ൽ പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ലോകപ്രശസ്ത സിനിമാ ഡാറ്റാബേസ് സൈറ്റായ ഐഎംഡിബി. 20 സിനിമകളുടെ ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു മലയാള ചിത്രം മാത്രമാണ് ഈ പട്ടികയിൽ ഇടംപിടിച്ചത്.

ഷാരൂഖ് ഖാൻ ചിത്രം 'കിങ്' ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഷാരൂഖ് ഖാനും മകൾ സുഹാനയും ആദ്യമായി ഒന്നിക്കുന്ന ഈ ആക്ഷൻ ത്രില്ലർ സിദ്ധാർത്ഥ് ആനന്ദ് ആണ് ഒരുക്കിയിരിക്കുന്നത്. നിതേഷ് തിവാരിയുടെ 'രാമായണ പാർട്ട് 1' ആണ് രണ്ടാം സ്ഥാനത്തുള്ള ചിത്രം. രൺബീർ കപൂർ, സായ് പല്ലവി, യഷ്, സണ്ണി ഡിയോൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏകദേശം 4000 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ഈ ഇതിഹാസ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നാണ്. മൂന്നാം സ്ഥാനത്തുള്ളത് വിജയ് നായകനായ 'ജന നായകൻ' ആണ്. സെൻസർ സർട്ടിഫിക്കേഷൻ പ്രതിസന്ധി നേരിടുന്നതിനാൽ റീലീസ് നീട്ടിയിരിക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്ന സവിശേഷതയും 'ജന നായക'നുണ്ട്.

സന്ദീപ് റെഡ്ഡി വാങ്ക- പ്രഭാസ് ചിത്രം 'സ്പിരിറ്റ്' നാലാം സ്ഥാനം നേടിയപ്പോൾ യഷ് നായകനായ ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' അഞ്ചാം സ്ഥാനത്ത് ഇടംപിടിച്ചു. മാർച്ച് 19നാണ് 'ടോക്സിക്' റിലീസ്. ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു പാൻ വേൾഡ് റീലീസായി സിനിമ കാണികളിലേക്ക് എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. എന്നാൽ, 'സ്പിരിറ്റ്' സിനിമയുടെ റിലീസ് ഈ വർഷം ഉണ്ടാകില്ല. അടുത്ത വർഷം മാർച്ച് അഞ്ചിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സൽമാൻ ഖാൻ ചിത്രം 'ബാറ്റിൽ ഓഫ് ഗാൽവൻ' ആണ് ആറാം സ്ഥാനം നേടിയിരിക്കുന്നത്. 2020 ജൂണിൽ ഗാൽവാൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ് ചിത്രം 'ആൽഫ', 'ധുരന്ധർ 2' , 'ബോർഡർ 2', പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' എന്നിവയാണ് യഥാക്രമം ഏഴ് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ. ആദ്യ പത്തിൽ ഒരു മലയാളം ചിത്രം പോലും ഇടംപിടിച്ചിട്ടില്ല.

പ്രഭാസ് ചിത്രം 'ഫൗസി' , നാനിയുടെ 'ദ പാരഡൈസ്', രാംചരൺ ചിത്രം 'പെദ്ദി', ജൂനിയർ എൻടിആർ-പ്രശാന്ത് നീൽ കോമ്പോയിൽ ഒരുങ്ങുന്ന പുതിയ ചിത്രം, 'ലവ് ആൻഡ് വാർ', 'ഭൂത് ബംഗ്ലാ', രാഘവ ലോറൻസ്-നിവിൻ പോളി ചിത്രം 'ബെൻസ്', 'ശക്തി ശാലിനി', 'പേട്രിയറ്റ്', 'ഓ റോമിയോ' എന്നിവയാണ് യഥാക്രമം പതിനൊന്ന് മുതൽ ഇരുപത് വരെയുള്ള സിനിമകൾ.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഐഎംഡിബി ഉപയോക്താക്കളുടെ താൽപ്പര്യമനുസരിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

SCROLL FOR NEXT