ന്യൂ ഡൽഹി: ബോളിവുഡിലെ സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവർ പ്രേക്ഷകരിലുണ്ടായ മാറ്റത്തിന് അനുസരിച്ച് മാറി ചിന്തിക്കേണ്ട സമയമായെന്ന് നടൻ ഇമ്രാൻ ഖാൻ. മൂന്ന് പതിറ്റാണ്ടിലേറെയായി ബോളിവുഡ് ഭരിക്കുന്ന ഇവർ, ഇനി പതിവ് 'നായക' വേഷങ്ങളിൽ നിന്ന് മാറി പ്രായത്തിന് അനുയോജ്യമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കണമെന്നാണ് ഇമ്രാന്റെ അഭിപ്രായം.
"ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ നായക വേഷങ്ങിൽ അഭിനയിക്കുന്നത് തുടരാനാവില്ല. നായകനായി തിളങ്ങാൻ സാധിക്കുന്ന ഒരു സമയമുണ്ട്. അത് കഴിഞ്ഞാൽ അത്തരം വേഷങ്ങൾ ചെയ്യാൻ കഴിയാത്ത ഒരു പ്രായം വന്നെത്തും. ഖാൻമാർ മൂവരും ഇപ്പോൾ 60കളിൽ എത്തിനിൽക്കുകയാണ്. അവരുടെ 30 വർഷത്തെ താരപദവി സമാനതകളില്ലാത്തതും അവിശ്വസനീയവുമായിരുന്നു. പ്രായമാകുമ്പോൾ ഒരാൾ ചെയ്യുന്ന വേഷങ്ങളിൽ മാറ്റം വരുത്തുക എന്നത് ഏതൊരു അഭിനേതാവിന്റെയും യാത്രയിൽ സംഭവിക്കുന്ന തികച്ചും സ്വാഭാവികവും ഒഴിവാക്കാനാകാത്തതുമായ ഒരു കാര്യമാണെന്നാണ് ഞാൻ കരുതുന്നത്," ഇമ്രാൻ പറഞ്ഞു.
'സ്റ്റാർഡം' കാലാനുസൃതമായി പരിണമിക്കുമെന്നും ഇമ്രാൻ അഭിപ്രായപ്പെട്ടു. ദീർഘകാലമായി പിന്തുടരുന്ന ഒരു തലമുറയുടെ പിന്തുണ ലഭിച്ചേക്കാമെങ്കിലും യുവാക്കൾ കൂടുതലും തങ്ങളുടെ സമപ്രായക്കാരോടാകും കൂടുതൽ ആഭിമുഖ്യം എന്നും നടൻ നിരീക്ഷിച്ചു. 'ഒരു 70 വയസുകാരന്റെ കഥ കാണാൻ യുവ തുലമുറയ്ക്ക് താൽപ്പര്യം ഉണ്ടാകണമെന്നില്ല' എന്നായിരുന്നു നടന്റെ കമന്റ്.
ഖാൻ ത്രയത്തിന്റെ സമീപകാല ബോക്സ് ഓഫീസ് പ്രകടനങ്ങൾ വിമർശിക്കപ്പെടുന്നതിനിടയിലാണ് ഇമ്രാന്റെ പ്രതികരണം. 'സീറോ' എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം നാല് വർഷത്തെ ഇടവേള വേണ്ടി വന്നു ഷാരൂഖ് ഖാന് ഒരു ഹിറ്റ് സ്വന്തമാക്കാൻ. 2023ൽ 'പത്താൻ', 'ജവാൻ' എന്നീ ചിത്രങ്ങളിലൂടെ ഷാരൂഖ് വൻ തിരിച്ചുവരവ് നടത്തിയെങ്കിലും ഏറെ പ്രതീക്ഷിച്ച വച്ചിരുന്ന 'ഡങ്കി'ക്ക് അത്ര വലിയ വിജയം നേടാനായില്ല. സൽമാൻ ഖാന്റെ കാര്യമെടുത്താൽ, 'ടൈഗർ 3' വിജയിച്ചപ്പോൾ 'സിക്കന്ദർ' പോലുള്ള ചിത്രങ്ങൾ നിരാശപ്പെടുത്തുകയാണുണ്ടായത്. ആമിർ ഖാന്റെ 'ലാൽ സിംഗ് ചദ്ദ' എന്ന സിനിമയും പരാജയമായിരുന്നു.
അതേസമയം, 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങി വരുന്ന ഇമ്രാൻ ഖാൻ തന്റെ പ്രായത്തിന് അനുയോജ്യമായ വേഷങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. ഭൂമി പദേക്കർ നായികയാകുന്ന 'അദൂരെ ഹം അദൂരെ തും' എന്ന ചിത്രത്തിലൂടെയാണ് ഇമ്രാൻ തിരിച്ചുവരവിന് ഒരുങ്ങുന്നത്. 2026 ആദ്യം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് വൈകുമെന്നാണ് റിപ്പോർട്ടുകൾ.