സംവിധായകൻ ജാഫർ പനാഹി Source: X
ENTERTAINMENT

ജാഫർ പനാഹിയെ വിടാതെ ഇറാൻ സർക്കാർ; ഒരു വർഷം തടവ് ശിക്ഷ, യാത്രാ വിലക്ക്

അപ്പീൽ ഫയൽ ചെയ്യുമെന്ന് ജാഫർ പനാഹിയുടെ അഭിഭാഷകൻ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

വിഖ്യാത സംവിധായകൻ ജാഫർ പനാഹിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് ഇറാൻ സർക്കാർ. ഭരണകൂടത്തിന് എതിരായ 'പ്രൊപ്പഗണ്ട പ്രവർത്തനങ്ങൾ' ആരോപിച്ചാണ് നടപടി. സംവിധായകന് യാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

രണ്ട് വർഷത്തെ യാത്രാ വിലക്കും, ഏതെങ്കിലും രാഷ്ട്രീയ-സാമൂഹിക സംഘങ്ങളിൽ അംഗത്വം വഹിക്കുന്നതിൽ നിന്നും സംവിധായകനെ വിലക്കുന്നതാണ് ശിക്ഷാ നടപടി. ജാഫർ പനാഹിയുടെ അഭിഭാഷകൻ മുസ്തഫ നിലി ആണ് ഇക്കാര്യങ്ങൾ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞത്. അപ്പീൽ ഫയൽ ചെയ്യുമെന്ന് നിലി കൂട്ടിച്ചേർത്തു.

രാജ്യത്തിന് എതിരായ 'പ്രചാരണ പ്രവർത്തനങ്ങളിൽ' ഏർപ്പെട്ടു എന്നാണ് പനാഹിക്ക് എതിരെ ആരോപിക്കുന്ന കുറ്റം എന്ന് മുസ്തഫ നിലി പറഞ്ഞെങ്കിലും ഇക്കാര്യം അദ്ദേഹം വിശദീകരിച്ചില്ല. പനാഹി ഇപ്പോൾ ഇറാന് വെളിയിലാണെന്നും അഭിഭാഷകൻ അറിയിച്ചു.

ഈ വർഷം ആദ്യം, ജാഫർ പനാഹിയുടെ റിവൻജ് ത്രില്ലർ 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്‍റ്' എന്ന ചിത്രം 78ാം കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം കരസ്ഥമാക്കിയിരുന്നു. തന്റെ രാജ്യത്തെ സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനമെന്നാണ് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പനാഹി പറഞ്ഞത്. ഇറാൻ സർക്കാരിന്റെ യാത്രാവിലക്കും തടവും മറികടന്നാണ് ജാഫർ പനാഹി തന്റെ സിനിമകൾ നിർമിച്ചത്. പനാഹിയുടെ ജയിൽ അനുഭവങ്ങളായിരുന്നു 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്' എന്ന സിനിമയുടെ പ്രചോദനം.

2010ൽ ഗ്രീൻ മൂവ്‌മെന്റ് പ്രതിഷേധത്തിൽ കൊല്ലപ്പെട്ട ഒരു വിദ്യാർഥിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതിനാണ് ഇറാൻ സർക്കാർ പനാഹിയെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. ആറ് വർഷം തടവാണ് കോടതി സംവിധായകന് വിധിച്ചത്. ഈ കേസിൽ രണ്ട് മാസത്തെ ജയിൽവാസത്തിന് ശേഷം ഉപാധികളോടെ ജാമ്യം ലഭിച്ചു. 12 വർഷം യാത്രകളും സിനിമകൾ നിർമിക്കുന്നതും വിലക്കുന്നതായിരുന്നു ജാമ്യോപാധി.

2022 ജൂൺ 11ന് ജാഫർ പനാഹി അപ്രതീക്ഷിതമായി വീണ്ടും അറസ്റ്റിലായി. രാജ്യത്ത് ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിലായിരുന്നു അറസ്റ്റ്. കുപ്രസിദ്ധമായ എവിന്‍ തടവറയിലായിരുന്നു ജയില്‍വാസം. പനാഹിക്ക് ഒപ്പം സംവിധായകരായ മഹമ്മൂദ് റസൂലോഫും മുസ്തഫ ആല്‍ അഹ്മദും ജയിലിലായിരുന്നു. ഒടുവിൽ 2023ൽ നിരാഹാരം കിടന്നാണ് പനാഹി മോചനം നേടിയത്. കഴിഞ്ഞ മാസം, ഓസ്കാർ സാധ്യത കൽപ്പിക്കപ്പെടുന്ന 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്‍റ്' എന്ന ചിത്രവുമായി യുഎസ് പര്യടനത്തിലായിരുന്നു പനാഹി.

SCROLL FOR NEXT