ലെഫ്. കേണൽ ഋഷി രാജലക്ഷ്മി, നടൻ ജയസൂര്യ 
ENTERTAINMENT

മുഖംമൂടി ധരിച്ച പോരാളി; ജയസൂര്യയുടെ 'ഓപ്പറേഷൻ ത്രാൽ' ലെഫ്. കേണൽ ഋഷി രാജലക്ഷ്മിയുടെ കഥയോ?

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് 'ഓപ്പറേഷൻ ത്രാൽ' എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

ജയസൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഓപ്പറേഷൻ ത്രാൽ'. സംഗീത സംവിധായകൻ രതീഷ് വേഗ സംവിധാനം ചെയ്യുന്ന ചിത്രം ജമ്മു കശ്മീരിലെ ത്രാലിൽ ഇന്ത്യൻ സൈന്യവും ഭീകരവാദികളുമായി നടന്ന ഏറ്റുമുട്ടൽ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമയിൽ ലെഫ്‌റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി എന്ന ധീര ജവാനായാണോ ജയസൂര്യ എത്തുന്നത് എന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം.

എന്താണ് ഓപ്പറേഷൻ ത്രാൽ, ആരാണ് ലെഫ്. കേണല്‍ ഋഷി?

ലെഫ്റ്റനന്റ് കേണൽ ഋഷിയുടെ ജീവിതത്തിലെ നിർണായകമായ ആ അധ്യായം അരങ്ങേറുന്നത് 2017 മാർച്ച് നാലിനാണ്. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാൽ മേഖല. മെക്കനൈസ്ഡ് ഇന്‍ഫാന്‍ട്രി 42 രാഷ്ട്രീയ റൈഫിളിലെ ഐ.സി-72692ഡബ്ല്യു മേജര്‍ ആയിരുന്നു ആ കാലത്ത് ആലപ്പുഴ മുതുകുളം സ്വദേശി ഋഷി. ത്രാലിലെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി ഇന്ത്യൻ സേനയ്ക്ക് വിവരം ലഭിക്കുന്നു.

ഋഷിയും സംഘവും ആ വീട് വളഞ്ഞു. കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ വരുത്താതെയും സമീപവാസികൾക്ക് അപകടമുണ്ടാക്കാതെയും ഭീകരരെ വധിക്കുക എന്നതായിരുന്നു ലക്ഷ്യം. വളരെ സങ്കീർണമായ ദൗത്യം. കടുത്ത മാർഗങ്ങൾ ഒഴിവാക്കി കെട്ടിടം ഭാഗികമായി തകർക്കാൻ ഐഇഡി ഉപയോഗിക്കാൻ തീരുമാനമായി. ഐഇഡി സ്ഥാപിക്കാൻ മേജർ ഋഷി സ്വയം മുന്നോട്ടുവന്നു.

വീടിന് സമീപത്തേക്ക് ഋഷി മുന്നേറുന്നതിന് ഇടയിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തു. ആദ്യത്തെ വെടിയുണ്ട ഋഷിയുടെ ഹെൽമെറ്റ് തുളച്ച് തലയിൽ ഉരസി കടന്നുപോയി. പതറാതെ മുന്നോട്ട് നീങ്ങിയ അദ്ദേഹത്തിന്റെ മൂക്ക് രണ്ടാമത്തെ വെടിയുണ്ട തകർത്തു.മൂന്നാമത്തെ വെടിയുണ്ട താടിയെല്ലിനെയാകെ തകർത്തെറിഞ്ഞു. മുഖമാകെ വികൃതമായി, അതിശക്തമായ വേദനയോടെ രക്തത്തിൽ കുളിച്ചു നിൽക്കുമ്പോഴും ഋഷി പിന്മാറിയില്ല.ശത്രുക്കൾക്ക് നേരെ തിരിച്ചു വെടിയുതിർത്തു. തന്റെ സംഘത്തെ ഏകോപിപ്പിച്ചു. ഭീകരരെ വധിച്ച ശേഷം മാത്രമാണ് ഋഷി രാജലക്ഷ്മി എന്ന സൈനികൻ അവിടെ നിന്ന് പിന്‍മാറിയത്.

30 കിലോമീറ്റർ അപ്പുറമായിരുന്നു സൈനിക ആശുപത്രി. വേദനാജനകമായിരുന്നു ഋഷിക്ക് ആ യാത്ര. എന്നാൽ ഒരു ക്ഷണം പോലും അദ്ദേഹത്തിന്റെ മനോവീര്യം ചോർന്നില്ല. ആശുപത്രിയിലെത്തിയപ്പോൾ അമ്പരന്നുനിന്ന മെഡിക്കൽ സംഘത്തിന് നേരെ അദ്ദേഹം പെരുവിരൽ ഉയർത്തിക്കാട്ടി ഓപ്പറോഷൻ വിജയിച്ചതായി അറിയിച്ചു. ഒപ്പം തന്റെ കുടുംബത്തോട് "ഞാൻ തിരിച്ചുവരും" എന്ന് ആംഗ്യത്തിലൂടെ പറയുകയും ചെയ്തു.

മാസങ്ങളോളം നീണ്ടുനിന്ന 28 പ്രധാന ശസ്ത്രക്രിയകൾക്കാണ് ലെഫ്റ്റനന്റ് കേണൽ ഋഷി വിധേയനായത്. മുഖത്തിന്റെ ഘടന വീണ്ടെടുക്കാനായി പുനർനിർമാണ ശസ്ത്രക്രിയകൾ ഉൾപ്പെടെ ചെയ്തു. എന്നാൽ, മുഖം പൂർവസ്ഥിതിയിൽ എത്തിക്കാൻ സാധിച്ചില്ല. പക്ഷേ, ഋഷി രാജലക്ഷ്മി തളർന്നില്ല. മുഖത്തെ പരിക്ക് മറയ്ക്കാൻ ഒരു ആവരണം എടുത്തണിഞ്ഞു. സൈനിക യൂണിഫോമിൽ രാജ്യത്തെ സേവിക്കാൻ അദ്ദേഹം തിരികെയെത്തി. 'ദ മാസ്ക്ഡ് മാൻ' എന്ന് രാജ്യം ഋഷിയെ വിളിച്ചു. ഒരു പോരാളിയോടുള്ള ആദരവായിരുന്നു ആ വിളി.

ലെഫ്‌റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മിയുടെ തിരിച്ചുവരവ് സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രചോദനകഥകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ആ അസാമാന്യ ധീരതയ്ക്ക് രാജ്യം അദ്ദേഹത്തെ സേന മെഡൽ നൽകി ആദരിച്ചു. അദ്ദേഹം ചികിത്സയിലായിരുന്ന സമയത്ത് മുൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് നേരിട്ടെത്തി സന്ദർശിച്ചിരുന്നു. താൻ കണ്ടിട്ടുള്ളതിൽ വെച്ച് 'ഏറ്റവും നിർഭയനായ മനുഷ്യൻ' എന്നാണ് ജനറൽ റാവത്ത് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ലെഫ്. കോണൽ ഋഷി തന്റെ പോരാട്ടം തുടരുകയാണ്. മുഖാവരണം ധരിച്ച ഈ സൈനികനെ മലയാളി മറക്കാനിടയില്ല. ചൂരൽമല- മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടലിന് പിന്നാലെ സൈന്യത്തിന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ മുൻനിരയിൽ ഋഷി ഉണ്ടായിരുന്നു.

സംഗീത സംവിധായകന്‍ രതീഷ് വേഗ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഓപ്പറേഷന്‍ ത്രാലി'ൽ ജയസൂര്യ 'ദ മാസ്ക്ഡ് മാൻ' ആയി എത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. മലയാളത്തിലെ ശ്രദ്ധേയരായ ടെക്‌നീഷ്യന്മാര്‍ ഒന്നിക്കുന്ന ഈ ചിത്രത്തില്‍ വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. ജമ്മു, പുല്‍വാമ, ലഡാക്ക്, ഉത്തരാഖണ്ഡ്, നൈനിറ്റാള്‍, ഡെറാഡൂണ്‍, കശ്മീര്‍, ഡല്‍ഹി, കോയമ്പത്തൂര്‍, കൊച്ചി, മലപ്പുറം, പൊന്നാനി, പാലക്കാട് ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.

ഛായാഗ്രഹണം: നജോസ്, എഡിറ്റര്‍: ഷഫീഖ് വി.ബി, സംഗീതം, പശ്ചാത്തലസംഗീതം: രതീഷ് വേഗ, പ്രോജക്ട് ഡിസൈനര്‍: നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍.

SCROLL FOR NEXT