Jailer 2 Advance Booking Crosses 20 Crore in Just 24 Hours: Rajinikanth Film Set for Historic Box Office Opening News Malayalam 24x7
ENTERTAINMENT

'ജയിലർ 2' രജനികാന്തിന്‍റെ ഏറ്റവും വലിയ ഓപ്പണിംഗാകും : ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി അഡ്വാൻസ് ബുക്കിംഗ്

ഇന്ത്യയിലെ പല കേന്ദ്രങ്ങളിലും ആദ്യ ദിവസം പൂർണ്ണതോതിൽ ബുക്കിംഗ് ആരംഭിക്കാതിരുന്നിട്ടും. ഒറ്റ ദിവസം കൊണ്ട് ആഭ്യന്തര വിപണിയിൽ നിന്ന് ചിത്രം നാല് കോടിയിലധികം രൂപ ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: റിലീസിന് നാല് ദിവസം ശേഷിക്കവെ സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ 'ജയിലർ 2' ആഗോള ബോക്സ് ഓഫീസിൽ മുന്‍കൂര്‍ ബുക്കിംഗില്‍ വിസ്മയക്കുതിപ്പ് തുടരുന്നു. മുന്‍കൂര്‍ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളിൽ ചിത്രം ആഗോളതലത്തിൽ 20 കോടി രൂപയുടെ പ്രീ സെയിൽസ് കളക്ഷൻ സ്വന്തമാക്കി. ഒക്ടോബർ 15ന് വമ്പൻ റിലീസിനൊരുങ്ങുന്ന ചിത്രം ബോക്സ് ഓഫീസിലെ മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥയാക്കുമെന്ന വ്യക്തമായ സൂചനയാണ് ഈ അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ നൽകുന്നത്. ഇന്ത്യയിൽ ഒക്ടോബർ 10 മുതലാണ് ബുക്കിംഗ് തുടങ്ങിയതെങ്കിൽ പ്രമുഖ വിദേശ വിപണികളിൽ ഒരു ദിവസം മുൻപേ തന്നെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരുന്നു. വിദേശ മാർക്കറ്റുകളാണ് പ്രീ സെയിൽസിൽ നിലവിൽ മുന്നിട്ടുനിൽക്കുന്നത്. റിലീസിന് ദിവസങ്ങൾ ശേഷിക്കെ ഇതിനോടകം തന്നെ ഏകദേശം ഏകദേശം 16 കോടിയിലധികം രൂപ ഓവർസീസ് അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം വാരിക്കൂട്ടി.

ഇന്ത്യയിലെ പല കേന്ദ്രങ്ങളിലും ആദ്യ ദിവസം പൂർണ്ണതോതിൽ ബുക്കിംഗ് ആരംഭിക്കാതിരുന്നിട്ടും. ഒറ്റ ദിവസം കൊണ്ട് ആഭ്യന്തര വിപണിയിൽ നിന്ന് ചിത്രം നാല് കോടിയിലധികം രൂപ ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. ഇതിൽ ആദ്യ ദിന ടിക്കറ്റ് വിൽപ്പന മാത്രം 3.53 കോടി രൂപ വരും. ഇന്ത്യയിലെ മൊത്തം പ്രീ സെയിൽസിന്റെ 90 ശതമാനവും പതിവുപോലെ തമിഴ്‌നാട്ടില്‍ നിന്നാണ്. ചെന്നൈ നഗരത്തിൽ നിന്ന് മാത്രം 1.63 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയത്. കേരളത്തിൽ ഒക്ടോബർ 11 ഞായറാഴ്ച രാവിലെയോടെയാണ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. കേരളത്തിലും ഉത്തരേന്ത്യയിലും മലയാളം, ഹിന്ദി പതിപ്പുകളുടെ ബുക്കിംഗ് സജീവമാകുന്നതോടെ കളക്ഷൻ ഇനിയും കുതിച്ചുയരുമെന്നാണ് വിലയിരുത്തൽ.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം നെൽസൺ ദിലീപ്കുമാറാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ മോഹന്‍ലാലും ശിവ രാജ്കുമാറും ആദ്യ ഭാഗത്തിലേതുപോലെ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. ട്രെയിലറിലെ ദൃശ്യങ്ങളെ തുടർന്ന് ബോളിവുഡ് താരം ഹൃതിക് റോഷനും ചിത്രത്തിൽ അതിഥി വേഷത്തിൽ ഉണ്ടാകുമെന്ന തരത്തിൽ ശക്തമായ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും അണിയറപ്രവർത്തകർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന 'ജയിലർ 2'വിന് യുഎ16+ സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 45 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. വിവിധ ഭാഷാ സൂപ്പർതാരങ്ങളുടെ സാന്നിധ്യം കൂടി ചേരുന്നതോടെ ഒരു പാൻ-ഇന്ത്യൻ ബോക്സ് ഓഫീസ് തരംഗമാണ് ഒക്ടോബർ 15-ന് ആരാധകർ പ്രതീക്ഷിക്കുന്നത്.

SCROLL FOR NEXT