കൊച്ചി: റിലീസ് വൈകും തോറും വിജയ് ചിത്രം 'ജന നായക'ന്റെ ഹൈപ്പ് കൂടിവരികയാണ്. പൊങ്കൽ റിലീസ് ആയി ജനുവരി ഒൻപതിന് തിയേറ്ററുകളിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം സെൻസർ പ്രതിസന്ധി കാരണം അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഇതോടെ സിനിമയ്ക്കായുള്ള ആവേശം തണുക്കുകയല്ല ഇരട്ടിക്കുകയാണുണ്ടായത്. എന്നാൽ, ഇത്രയും കാത്തിരുന്ന് ഒടുവിൽ സിനിമ തെലുങ്ക് ചിത്രത്തിന്റെ കോപ്പിയാണെങ്കിലോ എന്ന ചോദ്യവും ചിലർ സമൂഹമാധ്യമങ്ങളിൽ ഉന്നയിക്കുന്നുണ്ട്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായകൻ' നന്ദമുരി ബാലകൃഷ്ണ നായകനായ അനിൽ രവിപുടിയുടെ ഹിറ്റ് ചിത്രം 'ഭഗവന്ത് കേസരി'യുടെ റീമേക്ക് ആണെന്ന പ്രചാരണമാണ് ഇതിന് കാരണം. സിനിമയുടെ ട്രെയ്‌ലറിലും തെലുങ്ക് ചിത്രത്തിലെ സീനുകളും ഡയലോഗുകളും അതേപടിയുണ്ടായിരുന്നു. എന്നാൽ, 'ഭഗവന്ത് കേസരി'യുടെ കഥാംശം മാത്രമാണ് എച്ച്. വിനോദ് എടുത്തിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ അനിൽ രവിപുടി. തെലുങ്ക് 360 ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
ഭഗവന്ത് കേസരിയിൽ പല മാറ്റങ്ങളും വരുത്തിയാണ് 'ജന നായകൻ' ഒരുക്കിയിരിക്കുന്നതെന്ന് അനിൽ രവിപുടി പറഞ്ഞു. "'ഭഗവന്ത് കേസരി' എന്ന സിനിമയുടെ അടിസ്ഥാനപരമായ ആത്മാവാണ് അണിയറപ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യ 20 മിനിറ്റ്, ഇന്റർവെൽ, രണ്ടാം പകുതിയിലെ ചില രംഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, വില്ലന്റെ കഥാഗതിയിലും ലക്ഷ്യങ്ങളിലും മാറ്റം വരുത്തി റോബോട്ടുകൾ ഉൾപ്പെടെയുള്ള സയൻസ് ഫിക്ഷൻ ഘടകങ്ങൾ അവർ കൂട്ടിച്ചേർത്തിട്ടുണ്ട്," അനിൽ പറഞ്ഞു.
ഭഗവന്ത് കേസരിയിലെ പല ഘടകങ്ങളും വിജയ്ക്ക് അനുയോജ്യമായതിനാൽ ചിത്രം വലിയ വിജയമാകുമെന്ന പ്രതീക്ഷയും സംവിധായകൻ പങ്കുവച്ചു. "ആര് എന്ത് പറഞ്ഞാലും ചെയ്താലും, എന്റെ സിനിമയുടെ ആത്മാവ് 'ജന നായകൻ' എന്ന ചിത്രത്തിലുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. വിജയ് കൂടി എത്തുന്നതോടെ ചിത്രം മികച്ച വിജയം നേടും," അനിൽ രവിപുടി കൂട്ടിച്ചേർത്തു.
തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി ഒരുക്കിയ 'മന ശങ്കര വര പ്രസാദ് ഗാരു' ആണ് അനിൽ രവിപുടിയുടെ ഏറ്റവും പുതിയ ചിത്രം. ജനുവരി 12ന് ആഗോള റിലീസായി എത്തിയ ചിത്രം, ജനുവരി 11ന് രാത്രി നടന്ന പ്രീമിയർ ഷോസ് അടക്കം നേടിയ ഓപ്പണിങ് ആഗോള ഗ്രോസ് 84 കോടിക്ക് മുകളിലാണ്. ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ആണ് ചിത്രം നേടിയത്. സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടെയ്‌ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്.