ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കത്തനാർ'. സിനിമയുടെ റിലീസിനായി ഏറെ നാളായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. അടുത്തിടെ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തെങ്കിലും തുടർന്നങ്ങോട്ട് അപ്ഡേറ്റുകളോന്നും പുറത്തുവന്നിരുന്നില്ല. ഇതോടെ 'കത്തനാർ' സിനിമയ്‌ക്ക് എന്തുപറ്റിയെന്നായി സമൂഹമാധ്യമങ്ങളിലെ ചോദ്യം. ഇപ്പോഴിതാ, തന്റെ ജന്മദിനത്തിൽ ജയസൂര്യ പങ്കുവച്ച സംവിധായകൻ റോജിൻ തോമസുമൊത്തുള്ള രസകരമായ ഒരു ചിത്രവും അതിന് നടൻ നൽകിയ ക്യാപ്ഷനും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
റോജിൻ തോമസിന്റെ കഴുത്തിൽ തമാശരൂപേണ കത്തിവച്ചു നിൽക്കുന്ന ചിത്രമാണ് ജയസൂര്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. ‘നീ കത്തനാർ ഇറക്കുന്നോ... അതോ ഞാൻ കത്തി ഇറക്കണോ.. റോജിൻ? എന്ന കുറിപ്പോടെയാണ് താരം ഈ ചിത്രം പങ്കുവച്ചത്. "എപ്പോ പറയാൻ പറ്റൂന്ന് … ഇപ്പൊ പറയാൻ പറ്റൂല്ല...എത്രെയും വേഗം," എന്നായിരുന്നു ഈ ചിത്രത്തിന് റോജിൻ കമന്റ് ചെയ്തത്.
ഇന്ദ്രൻസ് നായകനായ, ദേശീയ പുരസ്കാരം നേടിയ ‘ഹോം’ എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കത്തനാർ'. ഇതിന് മുൻപ് സിനിമയുടെയും സീരിയലിലൂടെമൊക്കെ കടമറ്റത്തു കത്തനാർ എന്ന കഥാപാത്രത്തെ കുറിച്ച് കേട്ടതും കണ്ടതുമായ കഥകളിൽ നിന്ന് വ്യത്യസ്തമായി, ഈ കഥാപാത്രത്തെ കുറിച്ച് ആഴത്തിൽ പഠിച്ചു കൊണ്ട്, ഒരു പുതിയ ആഖ്യാന ശൈലിയിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് 'കത്തനാർ' നിർമിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കൊ-പ്രൊഡ്യൂസേഴ്സ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
ടൈറ്റിൽ വേഷം ചെയ്യുന്ന ജയസൂര്യയെ കൂടാതെ, തെലുങ്ക് സൂപ്പർ നായികാ താരം അനുഷ്ക ഷെട്ടി, പ്രഭുദേവ, സനൂപ് സാൻ, സാൻഡി, ദേവിക, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമൻ, ശ്രീകാന്ത് മുരളി, കുൽപ്രീത് യാദവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 15 ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
ഛായാഗ്രഹണം- നീൽ ഡി കുഞ്ഞ, സംഗീതം- രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, എഡിറ്റിങ് , വിഎഫ്എക്സ് ഡയറക്ടർ - റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ - രാജീവൻ, ആക്ഷൻ ഡിസൈൻ - റോജിൻ തോമസ്, ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, ഹെഡ് ഓഫ് ടെക്നോളജീസ് - സെന്തിൽ നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ധു പനക്കൽ, കലാ സംവിധാനം - അജി കുട്ടിയാനി, രാം പ്രസാദ്.