ENTERTAINMENT

കാൻ ചലച്ചിത്രമേളയിൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി 'അമ്മ അറിയാൻ'; നായകൻ ജോയ് മാത്യുവിന് അഭിനന്ദനങ്ങളുമായി റഹ്‌‌മാൻ

79ാമത് മേളയിലെ 'കാൻ ക്ലാസിക്സ്' വിഭാഗത്തിലാണ് 'അമ്മ അറിയാൻ' പ്രദർശിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

കാൻ ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായി ജോൺ എബ്രഹാമിന്റെ ക്ലാസിക് ചിത്രം 'അമ്മ അറിയാൻ'. 79ാമത് മേളയിലെ കാൻ ക്ലാസിക്സ് വിഭാഗത്തിലാണ് സിനിമയുടെ 4കെ റീസ്റ്റോർഡ് വേർഷൻ പ്രദർശിപ്പിച്ചത്. ഇത്തവണത്തെ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച രണ്ട് ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് 'അമ്മ അറിയാൻ'. 'ഷാഡോസ് ഓഫ് ദ മൂൺലെസ് നൈറ്റ്' എന്ന ഹ്രസ്വചിത്രമാണ് ഔദ്യോഗിക സ്ക്രീനിങ് ലഭിച്ച മറ്റൊരു ഇന്ത്യൻ സൃഷ്ടി.

'അമ്മ അറിയാൻ' വേൾഡ് പ്രീമിയറിനോട് അനുബന്ധിച്ച് നടന്ന റെഡ് കാർപ്പറ്റ് ചടങ്ങിൽ സിനിമയിലെ നായകൻ ജോയ് മാത്യു, എഡിറ്റർ ബീനാ പോൾ, ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സ്ഥാപകൻ ശിവേന്ദ്ര സിംഗ് ദുംഗർപൂർ എന്നിവർ പങ്കെടുത്തു. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണുവാണ് ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. സിനിമയുടെ റീസ്റ്റോറേഷൻ ജോലികളിലും വേണുവും പങ്കാളിയായിരുന്നു.

റെഡ് കാർപ്പറ്റിൽ തിളങ്ങിയ ജോയ് മാത്യുവിനെ നടൻ റഹ്മാൻ അഭിനന്ദിച്ചു. "കാൻ ക്ലാസിക് അംഗീകാരം ലഭിച്ച ജോയ് മാത്യുവിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എല്ലാത്തിനും അതിന്റേതായ ഒരു സമയവും കാലവും ഉണ്ടെന്ന് പറയാറില്ലേ… നമ്മളിൽ പലർക്കും നേരത്തെ തന്നെ അറിയാമായിരുന്ന ഒരു കാര്യം ഔദ്യോഗികമായി അംഗീകരിക്കാൻ ലോകത്തിന് 40 വർഷം വേണ്ടി വന്നു എന്ന് മാത്രം. പിന്നെ ഒന്നു പറയാതെ വയ്യ. ആ ടക്സീഡോയിൽ നിങ്ങൾ ചടങ്ങിന്റെ ആകെ തിളക്കമായി മാറി. ആ ശൈലിയും പ്രൗഢിയും നിങ്ങളുടെ സാന്നിധ്യവും എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. നല്ല സിനിമ പോലെ പ്രായമാകുംതോറും കൂടുതൽ മനോഹരമാകുന്നു. എപ്പോഴും ആദരവും സ്നേഹവും മാത്രം," റഹ്മാൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

1986ലാണ് ജോൺ എബ്രഹാം 'അമ്മ അറിയാൻ' എന്ന ചിത്രം നിർമിച്ചത്. ജനകീയ വിപ്ലവത്തിന്റെ വഴിയെ നടന്ന യുവതയുടെ കഥ പറഞ്ഞ ചിത്രം സിനിമാ ചരിത്രത്തിലും ഒരു വിപ്ലവ പ്രവർത്തനമായാണ് അടയാളപ്പെടുത്തപ്പെട്ടത്. ഒഡേസ കളക്ടീവ് എന്ന കൂട്ടായ്മയിലൂടെ പൊതു ജനങ്ങളിൽ നിന്ന് പണം പിരിച്ചാണ് ജോൺ ഈ സിനിമ യാഥാർഥ്യമാക്കിയത്. ഒഡേസയുടെ ആദ്യത്തെതും ജോണിന്റെ അവസാനത്തെയും ചിത്രമായിരുന്നു 'അമ്മ അറിയാൻ'. 40 വർഷങ്ങൾക്കിപ്പുറം ആഗോള വേദയിലെത്തിയ ഈ ക്ലാസിക്കിനെ കാൻ ചലച്ചിത്ര മേളയിലെ നിറഞ്ഞ സദസ് കയ്യടികളോടെ ഏറ്റെടുക്കുമ്പോൾ അത് മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ്.

SCROLL FOR NEXT