Image: Instagram
ENTERTAINMENT

ലോകത്തിലെ ഏറ്റവും സെക്‌സിയായ പുരുഷന്‍; സ്വവര്‍ഗാനുരാഗിയായ ജോനാഥന്‍ ബെയ്‌ലിയെ അറിയുമോ?

2018-ലാണ് താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് അദ്ദേഹം പരസ്യമായി തുറന്നു പറഞ്ഞത്

ന്യൂസ് ഡെസ്ക്

നെറ്റ്ഫ്‌ളിക്‌സ് സീരീസായ ബ്രിഡ്ജര്‍ട്ടണ്‍ സീസണ്‍ 2 കണ്ടവരൊന്നും ജോനാഥന്‍ ബെയ്‌ലി എന്ന നടനെ മറക്കില്ല. ബ്രിഡ്ജര്‍ട്ടണിനു ശേഷമായിരിക്കും അങ്ങനെയൊരു നടനെ കുറിച്ച് പലരും അറിഞ്ഞു കാണുക. സീരീസ് പുറത്തിറങ്ങിയതിനു പിന്നാലെ ആന്റണി ബ്രിഡ്ജര്‍ട്ടണ്‍ എന്ന കഥാപാത്രവും ജോനാഥന്‍ ബെയ്‌ലിയും സോഷ്യല്‍മീഡിയ സെന്‍സേഷനായി.

ഇപ്പോഴിതാ 2025 ലെ ഏറ്റവും സെക്‌സിയായ പുരുഷനായി പീപ്പിള്‍ മാഗസിന്‍ തിരഞ്ഞെടുത്തതും ജോനാഥന്‍ ബെയ്‌ലിയെയാണ്. സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച ജോനാഥന്‍ ബെയ്‌ലി ഹോളിവുഡില്‍ ലൈംഗിക ന്യൂനപക്ഷത്തിനു വേണ്ടി നിരന്തരം സംസാരിക്കുന്ന നടന്‍ കൂടിയാണ്.

ആദ്യമായാണ് പീപ്പിള്‍ മാഗസിന്റെ 'സെക്‌സിയസ്റ്റ് മാന്‍ എലൈവ്' സ്വവര്‍ഗാനുരാഗിയായ നടന് ലഭിക്കുന്നത്. ബിഡ്ജര്‍ട്ടണിലൂടെയാണ് ലോകമെമ്പാടും ജോനാഥന്‍ അറിയപ്പെട്ടതെങ്കിലും അതിനു മുമ്പ് തന്നെ ഇംഗ്ലീഷ് നാടകങ്ങളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടനാണ് ജോനാഥന്‍.

37 കാരനായ ജോനാഥന്‍ ബെയ്‌ലി കുട്ടിക്കാലം മുതല്‍ അഭിനയ രംഗത്ത് സജീവമാണ്. നാടകങ്ങളിലൂടെയാണ് തുടക്കം. എട്ട് വയസ്സുള്ളപ്പോള്‍ 'ലെസ് മിസറബിള്‍' എന്ന നാടകത്തില്‍ അഭിനയിച്ചു. 2019-ല്‍, 'കമ്പനി' എന്ന നാടകത്തിലെ ജാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ മികച്ച സഹനടനുള്ള ലോറന്‍സ് ഒലിവിയര്‍ അവാര്‍ഡ് നേടി.

റോയല്‍ ഷേക്‌സ്പിയര്‍ കമ്പനി അവതരിപ്പിച്ച 'കിംഗ് ലിയര്‍', 'സൗത്ത് ഡൗണ്‍സ്', 'അമേരിക്കന്‍ സൈക്കോ' എന്നീ നാടകങ്ങളിലും വേഷമിട്ടു.

ബ്രിഡ്ജര്‍ട്ടണിലെ ലോര്‍ഡ് ആന്റണി ബ്രിഡ്ജര്‍ട്ടണ്‍ എന്ന കഥാപാത്രമാണ് ജോനാഥന് കരിയര്‍ ബ്രേക്ക് നല്‍കുന്നത്. സീരീസിന്റെ രണ്ടാം സീസണില്‍ പ്രധാന കഥാപാത്രമായിരുന്നു ആന്റണി ബ്രിഡ്ജര്‍ട്ടണ്‍. സ്‌കാര്‍ലറ്റ് ജോഹാന്‍സണിനൊപ്പം സൂപ്പര്‍ ഹിറ്റ് ചിത്രം ജുറാസിക് വേള്‍ഡ് റീബെര്‍ത്തിലും ജോനാഥന്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

2018-ലാണ് താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞത്. നടിയും ഗായികയുമായ അരിയാന ഗ്രാന്‍ഡെ പ്രധാന വേഷത്തിലെത്തുന്ന മ്യൂസിക്കല്‍ മൂവി വിക്കഡിലും ജോനാഥാന്‍ തന്നെയാണ് മെയിന്‍ കഥാപാത്രം. ചിത്രത്തിന്റെ അവസാന ഭാഗമായ വിക്കഡ്: ഫോര്‍ ഗൂഡ് നവംബര്‍ 21 ന് റിലീസ് ചെയ്യും.

SCROLL FOR NEXT