ENTERTAINMENT

"ബിക്കിനിയിട്ട് സഹോദരന് രാഖി കെട്ടുന്നത് എന്തിന്?" കൃതി സനോണിന്റെ രക്ഷാബന്ധൻ പരസ്യത്തിനെതിരെ കങ്കണ

പരസ്യ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് കങ്കണയുടെ പരാമർശം

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് താരം കൃതി സനോൺ അഭിനയിച്ച രക്ഷാബന്ധൻ പരസ്യത്തിനെതിരെ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. രക്ഷാബന്ധൻ അനുബന്ധിച്ച് ഒരു പ്രമുഖ ജ്വല്ലറി ബ്രാൻഡ് പുറത്തിറക്കിയ പരസ്യ ചിത്രത്തിലെ നടിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്താണ് കങ്കണ രംഗത്തെത്തിയിരിക്കുന്നത്. പരസ്യ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് കങ്കണയുടെ പരാമർശം.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ബിജെപി എംപിയുടെ പ്രതികരണം. 'അസ്വസ്ഥമാക്കുന്നത്' എന്നാണ് പരസ്യത്തെ കങ്കണ വിശേഷിപ്പിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കങ്കണ കുറിച്ചതിങ്ങനെ: "ഒരു സ്ത്രീയായിരിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. നമ്മുടെ അലമാരകളിൽ പലതരം വസ്ത്രങ്ങൾ നിറഞ്ഞിരിക്കുന്നു. ഇന്നത്തെ സ്ത്രീ ഒരു ആഗോള സ്ത്രീയാണ്; കോക്ടെയിൽ വസ്ത്രങ്ങൾ മുതൽ ലെഹംഗ ചോളികൾ വരെയും, ജീൻസ് മുതൽ സാരി വരെയും, ബിക്കിനി മുതൽ സൽവാർ കമ്മീസ് വരെയും അങ്ങനെ അനേകം ഓപ്ഷനുകൾ ഇന്നു നമുക്ക് മുന്നിലുണ്ട്. ഇത്രയധികം വസ്ത്രങ്ങൾ ലഭ്യമായിരിക്കെ, എന്തിനാണ് നിങ്ങളുടെ സഹോദരന് ബിക്കിനി/അടിവസ്ത്രം ധരിച്ച് രാഖി കെട്ടുന്നത്? നിങ്ങളുടെ സ്റ്റൈലിംഗ് ഓപ്ഷനുകളൊക്കെ എവിടെപ്പോയി? ഈ പരസ്യം, അസ്വസ്ഥമാക്കാൻ ഉദ്ദേശിച്ചുണ്ടാക്കിയ ഒന്നായി തോന്നുന്നു!," കൃതിയുടെ പേരെടുത്ത് പരാമർശിക്കാതെയാണ് വിമർശനം.

ഐവറി നിറത്തിലുള്ള ബ്രാലെറ്റ് സ്റ്റൈൽ ബ്ലൗസും കേപ്പും ഡ്രേപ്പ് ചെയ്ത സ്കേർട്ടും ധരിച്ചാണ് കൃതി രക്ഷാബന്ധൻ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. പരമ്പരാഗതമായ ഒരു ആഘോഷത്തെപ്പറ്റിയുള്ള പരസ്യത്തിന് ഇത്തരം വസ്ത്രധാരണം അനുയോജ്യമല്ലെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്.

കങ്കണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

പരസ്യത്തിൽ, തന്റെ നേർക്ക് കുരയ്ക്കുന്ന വളർത്തുനായയ്ക്ക് കൃതി ഒരു രാഖി കെട്ടിക്കൊടുക്കുന്നതും കാണാം. ഇതിനെതിരെയും എതിർപ്പുയരുന്നുണ്ട്. മറുവശത്ത്, പരസ്യത്തെ ഇത്തരത്തിൽ വ്യാഖ്യാനിക്കേണ്ട കാരമില്ലെന്ന അഭിപ്രായങ്ങളും വരുന്നുണ്ട്.

അതേസമയം, രക്ഷാബന്ധൻ പരസ്യത്തെക്കുറിച്ചുള്ള വിവാദങ്ങളിലോ കങ്കണ റണാവത്തിന്റെ പരാമർശങ്ങളിലോ കൃതി സനോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല.

SCROLL FOR NEXT