ദർശനെ ജയിലിൽ സന്ദർശിക്കാനെത്തിയ വിജയലക്ഷ്മിയും മകനും 
ENTERTAINMENT

കന്നഡ നടൻ ദർശനെ ജയിലിലെത്തി സന്ദർശിച്ച് ഭാര്യയും മകനും; കൂടിക്കാഴ്ച ക്യാമറ നിരീക്ഷണത്തിൽ

ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചതായി അഭ്യൂഹം പരന്നിരുന്നു

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ പ്രതിയായ കന്നഡ നടൻ ദർശനെ ഭാര്യ വിജയലക്ഷ്മിയും മകൻ വിനീഷും ജയിലിലെത്തി സന്ദർശിച്ചു. ദർശന്റെയും വിജയലക്ഷ്മിയുടെയും 23ാം വിവാഹ വാർഷികത്തോടനുബന്ധിച്ചായിരുന്നു പരപ്പന അഗ്രഹാരയിലുള്ള സെൻട്രൽ ജയിലിലെ കൂടിക്കാഴ്ച. നടൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചതായി അഭ്യൂഹം പരന്നതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.

ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചതായി ഞായറാഴ്ച രാത്രിയോടെയാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ, ഇത്തരം അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. അതേസമയം, ദർശൻ അതീവ നിരാശനാണെന്നാണ് വിജയലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതിന് പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ച.

ഏകദേശം 30 മിനുട്ടാണ് ഇവർക്ക് ജയിൽ അധികൃതർ അനുവദിച്ചത്. ജയിൽ ഉദ്യോഗസ്ഥന്റെ കർശന മേൽനോട്ടത്തിലും സിസിടിവി നിരീക്ഷണത്തിലുമായിരുന്നു കൂടിക്കാഴ്ച. മാനദണ്ഡങ്ങൾ അനുസരിച്ച് ഇവരുടെ സംഭാഷണങ്ങൾ ക്യാമറയിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു.

കൂടിക്കാഴ്ചയ്ക്ക് ശേഷം വിജയലക്ഷ്മി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടന് വിവാഹ വാർഷിക ആശംസകൾ നേർന്നു കൊണ്ട് ഒരു കുറിപ്പും പങ്കുവച്ചു. "എല്ലാ പ്രതിസന്ധികളിലും നിശബ്ദതകളിലും ഞാൻ നിന്റെ കൈകൾ ചേർത്തുപിടിക്കും... ലോകം മുഴുവൻ നിനക്കെതിരെ തിരിഞ്ഞാലും, എല്ലാത്തിലും നിന്നെ മാത്രം തിരഞ്ഞെടുത്തുകൊണ്ട് ഞാൻ നിന്റെ കൂടെത്തന്നെ നിൽക്കും," എന്നാണ് വിജയലക്ഷ്മി കുറിച്ചത്," എന്നാണ് വിജയലക്ഷ്മി കുറിച്ചത്.

2024 ജൂണിൽ രേണുകാസ്വാമി എന്ന 33കാരനായ ആരാധകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ ദർശൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതാണ് കൊലപാതകത്തിന് കാരണമായി അന്വേഷണ സംഘം കണ്ടെത്തിയത്. 2024 ഒക്ടോബറിൽ കർണാടക ഹൈക്കോടതി നടന് ആറ് ആഴ്ച ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ ഈ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

SCROLL FOR NEXT