നന്ദിനി  
ENTERTAINMENT

കന്നഡ ടെലിവിഷന്‍ നടി നന്ദിനി താമസസ്ഥലത്ത് മരിച്ച നിലയില്‍

2019 മുതല്‍ കന്നഡ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ് നന്ദിനി

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: കന്നഡ നടി നന്ദിനി സിഎം ( 26) മരിച്ച നിലയില്‍. ബെംഗളൂരുവിലെ കെങ്കേരിയിലെ താമസസ്ഥലത്താണ് നന്ദിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി 11.16 നും 12.30 നും ഇടയിലാണ് മരണപ്പെട്ടതെന്നാണ് കരുതുന്നത്. തിങ്കളാഴ്ച രാവിലെ 9.15 ഓടെയാണ് മരണ വിവരം പൊലീസ് അറിയുന്നത്.

കങ്കേരിയില്‍ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു നന്ദിനി. 2019 മുതല്‍ കന്നഡ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ് നന്ദിനി. ഈ സമയം മുതല്‍ പേയിങ് ഗസ്റ്റായിട്ടായിരുന്നു താമസിച്ചിരുന്നത്. അടുത്തിടെയാണ് കങ്കേരിയിലേക്ക് താമസം മാറിയത്.

2023 ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് ലഭിച്ച സര്‍ക്കാര്‍ ജോലിയും നന്ദിനി വേണ്ടെന്ന് വെച്ചിരുന്നു. അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ജോലി വേണ്ടെന്ന് വെച്ചത്. ഇതുമായി ബന്ധപ്പെട്ട് കുടുംബവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായും സൂചനയുണ്ട്.

നന്ദിനി താമസിക്കുന്ന വീടിന്റെ ഉടമയാണ് പൊലീസില്‍ വിവരം അറിയിച്ചത്. നടിയുടെ കുടുംബവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

മരണ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 28 ന് നന്ദിനി സുഹൃത്തായ പുനീതിന്റെ വീട്ടില്‍ പോയിരുന്നതായി പൊലീസ് കണ്ടെത്തി. രാത്രിയോടെ താമസസ്ഥലത്ത് തിരിച്ചെത്തി. ശേഷം മുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു.

പിന്നീട് പലതവണ പുനീത് നന്ദിനിയെ ഫോണില്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് പുനീത് പിജി മാനേജരെ വിളിക്കുകയായിരുന്നു. ഇവര്‍ എത്തി മുറിയുടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. ജനലില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മുറിയില്‍ നിന്ന് കണ്ടെത്തിയ ഡയറിയില്‍ സര്‍ക്കാര്‍ ജോലി സ്വീകരിക്കാനുള്ള മടിയെ കുറിച്ചും അഭിനയത്തില്‍ തുടരാനുള്ള ആഗ്രഹത്തെ കുറിച്ചും നന്ദിനി എഴുതിയിട്ടുണ്ട്. തന്റെ ആഗ്രഹങ്ങള്‍ കുടുംബം മനസ്സിലാക്കുന്നില്ലെന്നും ഡയറിയില്‍ എഴുതിയിരുന്നു.

നന്ദിനിയുടെ മരണത്തില്‍ ആരേയും സംശയമില്ലെന്നാണ് കുടുംബം പൊലീസിനു നല്‍കിയ മൊഴി.

SCROLL FOR NEXT